image

11 Jun 2024 5:15 AM GMT

Stock Market Updates

ലാഭമെടുപ്പ്; വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു

MyFin Desk

Profit taking, market volatility continues
X

Summary

  • ബിഎസ്ഇ സ്മോൾക്യാപ് 0.71 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് 0.60 ശതമാനവും ഉയർന്നു
  • ബ്രെൻ്റ് ക്രൂഡ് 0.23 ശതമാനം ഇടിഞ്ഞ് ബാരലിന് 81.44 ഡോളറിലെത്തി
  • നിഫ്റ്റിയിലെ 50 ഓഹരികളിൽ 15 എണ്ണവും നഷ്ടത്തിലായിരുന്നു


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ചുവപ്പിലാണ്. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികളിൽ കഴിഞ്ഞ ദിവസമുണ്ടായ കുതിപ്പിന് ശേഷം നിക്ഷേപകർ ലാഭമെടുത്തത് വിപണിക്ക് വിനയായി. സെൻസെക്സും നിഫ്റ്റിയും തിങ്കളാഴ്ച എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരുന്നു.

സെൻസെക്‌സ് 113.63 പോയിൻ്റ് താഴ്ന്ന് 76,376.45 ലും നിഫ്റ്റി 29.6 പോയിൻ്റ് താഴ്ന്ന് 23,229.60 ലുമായാണ് വ്യാപാരം ആരംഭിച്ചത്. തുടർന്നുള്ള വ്യാപാരത്തിൽ ചാഞ്ചാട്ടം ദൃശ്യമാണ്.

തുടക്കത്തിൽ നിഫ്റ്റിയിലെ 50 ഓഹരികളിൽ 15 എണ്ണവും നഷ്ടത്തിലായിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ്, ശ്രീറാം ഫിനാൻസ്, ഭാരതി എയർടെൽ, ബിപിസിഎൽ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഒഎൻജിസി, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ലാർസൻ ആൻഡ് ടൂബ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമൻ്റ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ സൂചികകൾ നേരിയ തോതിൽ ഇടിഞ്ഞു. മറ്റെല്ലാ മേഖലാ സൂചികകളും പച്ചയിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി റിയൽറ്റി സൂചികയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി മീഡിയ, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, പിഎസ്‌യു ബാങ്ക് സൂചികകളും കുതിപ്പിലാണ്.

ബിഎസ്ഇ സ്മോൾക്യാപ് 0.71 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് 0.60 ശതമാനവും ഉയർന്നു.

ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും നേട്ടത്തിലാണ്. ഷാങ്ഹായും ഹോങ്കോങ്ങും ഇടിവിലാണ്. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം എന്നീ നാല് ഉന്നത മന്ത്രാലയങ്ങളുടെ ചുമതല യഥാക്രമം അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിർമല സീതാരാമൻ, എസ് ജയശങ്കർ എന്നിവരെ പുതിയ സർക്കാരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലനിർത്തി.

"ബിജെപി പ്രധാന പോർട്ട്‌ഫോളിയോകൾ നിലനിർത്തുന്നത് നയങ്ങളിലെ തുടർച്ചയെ സൂചിപ്പിക്കുന്നു. ഇത് വിപണി വീക്ഷണകോണിൽ പോസിറ്റീവ് ആണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ബ്രെൻ്റ് ക്രൂഡ് 0.23 ശതമാനം ഇടിഞ്ഞ് ബാരലിന് 81.44 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.28 ശതമാനം താഴ്ന്ന് 2320 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഉയർന്ന് 83.49 എത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 2,572.38 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

തിങ്കളാഴ്ച സെൻസെക്സ് 203.28 പോയിൻ്റ് അഥവാ 0.27 ശതമാനം താഴ്ന്ന് 76,490.08 ലും നിഫ്റ്റി 30.95 പോയിൻ്റ് അഥവാ 0.13 ശതമാനം ഇടിഞ്ഞ് 23,259.20 ലുമാണ് ക്ലോസ് ചെയ്തത്.