image

20 Aug 2024 10:30 AM GMT

Stock Market Updates

പച്ചയണിഞ്ഞ് വിപണി; തിളക്കത്തിൽ മിഡ്കാപ്പ് ഓഹരികൾ

MyFin Desk

markets in the green, midcap stocks on the bright side
X

Summary

  • തുടർച്ചയായി നാലാം ദിവസമാണ് നിഫ്റ്റി നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്
  • നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിൽ
  • ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 0.72 ശതമാനം ഇടിഞ്ഞ് 77.10 ഡോളറിലെത്തി.


ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. ആഗോള വിപണികളിലെ കുതിപ്പ് ആഭ്യന്തര വിപണിയിലും ദൃശ്യമായി. ബാങ്കിംഗ്, ഫിനാൻഷ്യൽ, ഓട്ടോ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ മുന്നിട്ട് നിന്നു. തുടർച്ചയായി നാലാം ദിവസമാണ് നിഫ്റ്റി നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്.

സെൻസെക്‌സ് 378.18 പോയിൻ്റ് അഥവാ 0.47 ശതമാനം ഉയർന്ന് 80,802.86ലും നിഫ്റ്റി 126.10 പോയിൻ്റ് അഥവാ 0.51 ശതമാനം ഉയർന്ന് 24,698.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ബജാജ് ഫിൻസെർവ്, ശ്രീറാം ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ ഏറ്റവും വലിയ നേട്ടത്തിലും ഒഎൻജിസി, ഭാരതി എയർടെൽ, അദാനി എൻ്റർപ്രൈസസ്, സിപ്ല, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, ഹെൽത്ത് കെയർ, ഐടി, മെറ്റൽ, പവർ എന്നിവ 0.5-1 ശതമാനം വരെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനം ഉയർന്നപ്പോൾ സ്മോൾക്യാപ് സൂചിക 0.5 ശതമാനം ഉയർന്നു.

ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും നേട്ടത്തോടെയും ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ വ്യപാരം അവസാനിപ്പിച്ചതും നേട്ടത്തിലാണ്.

തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 2,667.46 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 1,802.92 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 0.72 ശതമാനം ഇടിഞ്ഞ് 77.10 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.80 ശതമാനം ഉയർന്ന് 2561 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് പൈസ ഉയർന്ന് 83.79ൽ എത്തി.