image

2 Sep 2024 5:15 AM GMT

Stock Market Updates

കുതിപ്പ് തുടർന്ന് വിപണി; റെക്കോർഡ് നേട്ടത്തിൽ സൂചികകൾ

MyFin Desk

market followed the surge, the indices at record gains
X

Summary

  • തുടർച്ചയായി അഞ്ചാം ദിവസവും നിഫ്റ്റി ഐടി നേട്ടത്തിൽ
  • യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ വിപണികളിൽ ദൃശ്യമായി
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 83.88ൽ എത്തി


ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും തുടക്ക വ്യാപാരത്തിൽ തന്നെ സർവ്വകാല ഉയരം തൊട്ടു. യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ വിപണികളിൽ ദൃശ്യമായി. ഉയർന്നു വരുന്ന വിദേശ നിക്ഷേപകരുടെ വാങ്ങലും സൂചികകളെ പുതിയ ഉയരത്തിലെത്തിച്ചു.

സെൻസെക്‌സ് 359.51 പോയിൻ്റ് ഉയർന്ന് 82,725.28 എന്ന പുതിയ റെക്കോർഡിലെത്തി. നിഫ്റ്റി 97.75 പോയിൻ്റ് ഉയർന്ന് 25,333.65 എന്ന എക്കാലത്തെയും ഉയർന്ന പോയിൻ്റും താണ്ടി.

നിഫ്റ്റിയിൽ റിലയൻസ്, ഐടിസി, ഇൻഫോസിസ്, ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിൻ്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, എം ആൻഡ് എം, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

മിഡ്‌ക്യാപ്, സ്‌മോൾക്യാപ് ഓഹരികളും കരുത്ത് പ്രകടിപ്പിച്ചു. ഇരു സൂചികകളും 0.2 ശതമാനം വീതം ഉയർന്നു.

സെക്ടറിൽ സൂചികകളിൽ ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക് എന്നിവയുടെ കുതിപ്പോടെ തുടർച്ചയായി അഞ്ചാം ദിവസവും നിഫ്റ്റി ഐടി നേട്ടത്തിലെത്തി. നിഫ്റ്റി എനർജിയാണ് ഏറ്റവും ഉയർന്ന നേട്ടം നൽകിയത്, സൂചിക 0.5 ശതമാനം ഉയർന്നു. അദാനി എൻ്റർപ്രൈസസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ എന്നീ ഓഹരികൾ ഇടിഞ്ഞതിനെത്തുടർന്ന് നിഫ്റ്റി മെറ്റൽ നഷ്ടം രേഖപ്പെടുത്തി.

ഏഷ്യൻ വിപണികളിൽ സിയോൾ നേട്ടത്തിലാണ്. ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ്. വെള്ളിയാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 5,318.14 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു. സ്വർണം ട്രോയ് ഔൺസിന് നേരിയ നേട്ടത്തോടെ 2530 ഡോളറിലെത്തി. ബ്രെൻ്റ് ക്രൂഡ് 0.82 ശതമാനം ഇടിഞ്ഞ് ബാരലിന് 76.30 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 83.88ൽ എത്തി.

ആഗസ്റ്റ് 30-ന് ധനമന്ത്രാലയം നാല് പൊതുമേഖലാ കമ്പനികളെ 'നവരത്‌ന' പദവിയിലേക്ക് ഉയർത്തിയതോടെ റെയിൽടെൽ, എസ്‌ജെവിഎൻ, എൻഎച്ച്‌പിസി, എസ്ഇസി ഓഹരികൾ നേട്ടത്തിലാണ്.