22 Jun 2024 6:52 AM GMT
ചാഞ്ചാട്ടങ്ങൾക്കിടയിലും പോയ വാരം വിപണി രചിച്ചത് പുതു ചരിത്രം; കുതിച്ചത് ബാങ്കിങ് ഓഹരികൾ
MyFin Desk
Summary
- ജൂൺ 21 ന് നിഫ്റ്റി 23,667.10 എന്ന പുതിയ ഉയരത്തിലെത്തി
- സ്മോൾ ക്യാപ് സൂചിക പോയ വാരം നൽകിയത് 1.5 ശതമാനം നേട്ടം
- നിഫ്റ്റി ബാങ്ക് സൂചിക 3 ശതമാനത്തിലധികം ഉയർന്നു
പോയ വാരം ആഭ്യന്തര സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. തുടർച്ചയായി മൂന്നാം ആഴ്ച്ചയാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയുന്നത്. ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ വാങ്ങൽ വിപണിക്ക് കരുത്തേകി. എന്നിരുന്നാലും ദുർബലമായ മൺസൂണും ആഗോള വിപണികളിലെ സമ്മിശ്ര വ്യാപാരങ്ങൾക്കിടയിലും ആഭ്യന്തര വിപണി ഉയർന്ന ചാഞ്ചാട്ടത്തിന് കഴിഞ്ഞ ആഴ്‌ചയിൽ സാക്ഷ്യം വഹിച്ചു.
കഴിഞ്ഞ ആഴ്‌ചയിൽ സെൻസെക്‌സ് 217.13 പോയിൻ്റ് അഥവാ 0.28 ശതമാനം ഉയർന്ന് 77,209.90ലും നിഫ്റ്റി 35.5 പോയിൻ്റ് അഥവാ 0.15 ശതമാനം ഉയർന്ന് 23,501.10ലും ക്ലോസ് ചെയ്തു. ജൂൺ 19 ന് സെൻസെക്‌സ് 77,851.63 എന്ന പുതിയ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ജൂൺ 21 ന് നിഫ്റ്റി 23,667.10 എന്ന പുതിയ ഉയരവും താണ്ടി.
സ്‌മോൾ ക്യാപ്
ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക പോയ വാരം നൽകിയത് 1.5 ശതമാനം നേട്ടമാണ്. മോസ്‌ചിപ്പ് ടെക്‌നോളജീസ്, ബൻസാലി എഞ്ചിനീയറിംഗ് പോളിമേഴ്‌സ്, ഹെസ്റ്റർ ബയോസയൻസസ്, സി.ഇ. ഇൻഫോ സിസ്റ്റംസ് (മാപ്‌മൈഇന്ത്യ), ഹ്യൂബാച്ച് കളറൻ്റ്‌സ് ഇന്ത്യ, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ്, പഞ്ചാബ് കെമിക്കൽസ് ആൻഡ് ക്രോപ്പ് പ്രൊട്ടക്ഷൻ, നാഷണൽ ഫെർട്ടിലൈസേഴ്‌സ്, ശക്തി പമ്പ്സ്, ചാമ്പൽ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് എന്നീ ഓഹരികൾ 20-40 ശതമാനമാണ് കഴിഞ്ഞ ആഴ്‌ചയിൽ ഉയർന്നത്.
ലാൻസർ കണ്ടെയ്‌നേഴ്‌സ് ലൈൻസ്, സോം ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ്, ചെംപ്ലാസ്റ്റ് സാൻമാർ, കെഎൻആർ കൺസ്ട്രക്ഷൻസ്, ഇസഡ്എഫ് കൊമേഴ്‌സ്യൽ വെഹിക്കിൾ കൺട്രോൾ സിസ്റ്റംസ് ഇന്ത്യ, കാമധേനു വെഞ്ച്വേഴ്‌സ്, ഗാർവെയർ ഹൈടെക് ഫിലിംസ്, പിടിസി ഇൻഡസ്‌ട്രീസ് തുടങ്ങിയ ഓഹരികൾ 8-11 ശതമാനം വരെ ഇടിഞ്ഞു.
മിഡ്, ലാർജ് ക്യാപ്
ബിഎസ്ഇ മിഡ് ക്യാപ് സൂചിക പോയ വരം ക്ലോസ് ചെയ്തത് ഫ്ലാറ്റായാണ്. സംവർദ്ധന മദർസൺ ഇൻ്റർനാഷണൽ, ക്ലീൻ സയൻസ് ആൻഡ് ടെക്‌നോളജി, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ബേയർ ക്രോപ്‌സയൻസ്, ജെഎസ്‌ഡബ്ല്യു എനർജി, എപിഎൽ അപ്പോളോ ട്യൂബ്‌സ്, ദീപക് നൈട്രൈറ്റ്, എക്‌സൈഡ് ഇൻഡസ്ട്രീസ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ലിൻഡെ ഇന്ത്യ, ട്യൂബ് ഇൻവെസ്റ്റ്‌മെൻ്റ്‌സ് ഓഫ് ഇന്ത്യ, സീ എൻ്റർടൈൻമെൻ്റ് എൻ്റർപ്രൈസസ്, പവർ ഫിനാൻസ് കോർപ്പറേഷൻ, ടോറൻ്റ് പവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.
കഴിഞ്ഞ ആഴ്‌ചയിൽ ബിഎസ്ഇ ലാർജ് ക്യാപ് സൂചികയിലും സമ്മിശ്ര വ്യാപാരമായിരുന്നു. ബന്ധൻ ബാങ്ക്, വേദാന്ത, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സൊമാറ്റോ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ എബിബി ഇന്ത്യ, ഹീറോ മോട്ടോകോർപ്പ്, അൾട്രാടെക് സിമൻ്റ്, മാരുതി സുസുക്കി ഇന്ത്യ എന്നിവ നഷ്ടത്തിലായി.
സെക്ടറൽ സൂചികകൾ
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക് സൂചിക 3 ശതമാനത്തിലധികം ഉയർന്നു, നിഫ്റ്റി ഇൻഫർമേഷൻ ടെക്നോളജി സൂചിക ഏകദേശം 2 ശതമാനവും നിഫ്റ്റി മെറ്റൽ സൂചിക ഏകദേശം 1 ശതമാനവും ഉയർന്നു. നിഫ്റ്റി ഓട്ടോ സൂചിക 2.5 ശതമാനവും നിഫ്റ്റി എഫ്എംസിജി സൂചിക 2 ശതമാനവും നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ സൂചികകൾ 2 ശതമാനം വീതവും ഇടിഞ്ഞു.
വിദേശ നിക്ഷേപകർ
പോയ വാരം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 2,030.83 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 6293.38 കോടി രൂപയുടെ ഓഹരികളും വാങ്ങി.
മാറ്റമില്ലാതെ രൂപ
ജൂൺ 14-ന് 83.56 ക്ലോസ് ചെയ്ത ഇന്ത്യൻ രൂപ ജൂൺ 21-ന് 83.54 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.