image

22 Aug 2024 11:15 AM GMT

Stock Market Updates

നേട്ടം വിടാതെ വിപണി; 24,800 കടന്ന് നിഫ്റ്റി

MyFin Desk

നേട്ടം വിടാതെ വിപണി; 24,800 കടന്ന് നിഫ്റ്റി
X

Summary

  • തുടർച്ചയായി ആറാം ദിവസമാണ് നിഫ്റ്റി പച്ചയിൽ ക്ലോസ് ചെയുന്നത്
  • സെൻസെക്‌സ് 81,000 പോയിന്റിലെത്തി
  • അഞ്ചാം സെഷനിലും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേട്ടം കൈവരിച്ചു


ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. തുടർച്ചയായി ആറാം ദിവസമാണ് നിഫ്റ്റി പച്ചയിൽ ക്ലോസ് ചെയുന്നത്. സെൻസെക്‌സ് 81,000 പോയിന്റിലെത്തി. ആഗോള വിപണിയിലെ നേട്ടം ആഭ്യന്തര വിപണിയിലും ദൃശ്യമായി. കമ്മോഡിറ്റി, ടെലികോം, കൺസ്യുമർ ഗുഡ്സ് ഓഹരികളുടെ കുതിപ്പും വിപണിക്ക് കരുത്തേകി.

തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തിലെത്തിയ സെൻസെക്സ് 147.89 പോയിൻ്റ് അഥവാ 0.18 ശതമാനം ഉയർന്ന് 81,053.19 ൽ ക്ലോസ് ചെയ്തു. തുടർച്ചയായ ആറാം സെഷനിലേക്ക് നേട്ടം നീട്ടിയ നിഫ്റ്റി 41.30 പോയിൻ്റ് അഥവാ 0.17 ശതമാനം ഉയർന്ന് 24,811.50 ൽ വ്യാപാരം അവസാനിപ്പിച്ചു.

ഗ്രാസിം ഇൻഡസ്ട്രീസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, അപ്പോളോ ഹോസ്പിറ്റൽസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ മോട്ടോഴ്‌സ്, ഡോ. റെഡ്ഡീസ് ലാബ്‌സ്, എൻടിപിസി, വിപ്രോ, എം ആൻഡ് എം തുടങ്ങിയവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി പവർ ഒരു ശതമാനം ഇടിഞ്ഞപ്പോൾ ഫാർമ, ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, ഐടി എന്നിവ നേരിയ തോതിൽ താഴ്ന്നു. നിഫ്റ്റി ബാങ്ക്, എഫ്എംസിജി, മെറ്റൽ, റിയൽറ്റി, ടെലികോം സൂചികകൾ 0.5 ശതമാനം മുതൽ1.4 ശതമാനം വരെ ഉയർന്നു.

നിഫ്റ്റി ഐടി സൂചിക 41,834 എന്ന പുതിയ ഉയരത്തിൽ എത്തിയെങ്കിലും നേരിയ തോതിൽ ഇടിഞ്ഞു 41,506.20 ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.

തുടർച്ചയായ അഞ്ചാം സെഷനിലും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേട്ടം കൈവരിച്ചു. ഇരു സൂചികകളും 0.6 ശതമാനം വീതം ഉയർന്നു.

ഏഷ്യൻ വിപണികളിൽ ടോക്കിയോ, സിയോൾ, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തപ്പോൾ ഷാങ്ഹായ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ മികച്ച നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ നേട്ടമുണ്ടാക്കി.

ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 799.74 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) വീണ്ടും 3,097.45 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.21 ശതമാനം ഉയർന്ന് ബാരലിന് 76.21 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.38 ശതമാനം താഴ്ന്ന് 2538 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ ഇടിഞ്ഞ് 83.94 ൽ എത്തി.