22 March 2024 11:07 AM GMT
Summary
- തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്
- രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
- സെക്ടറൽ സൂചികയിൽ നിഫ്റ്റി ഐടി 2.33 ശതമാനം ഇടിഞ്ഞു
ഐടി ഓഹരികളിലെ ദുർബലതയ്‌ക്കിടയിൽ ഇടിവോടെയാണ് ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരവസാനം മറ്റു മേഖല ഓഹരികളിൽ അധികരിച്ച വാങ്ങൽ വിപണിയെ നേട്ടത്തിലേക് നയിച്ചു. എൽ ആൻഡ് ടി, ഐടിസി, മാരുതി എന്നിവയുടെ നേട്ടവും വിപണിക്ക് താങ്ങായി. തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്. സെൻസെക്‌സ് 190.75 പോയിൻ്റ് അഥവാ 0.26 ശതമാനം ഉയർന്ന് 72,831.94 ലും നിഫ്റ്റി 84.80 പോയിൻ്റ് അഥവാ 0.39 ശതമാനം ഉയർന്ന് 22,096.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിൽ ഹിറോ മോട്ടോർകോർപ്പ്, മാരുതി സുസുക്കി, യുപിഎൽ, അപ്പോളോ ഹോസ്പിറ്റൽസ്, സൺ ഫാർമ എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ എൽടിഐ മൈൻഡ്ട്രീ, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര എന്നിവ ഇടിഞ്ഞു.
സെക്ടറൽ സൂചികയിൽ നിഫ്റ്റി ഐടി 2.33 ശതമാനം ഇടിഞ്ഞു. ബാക്കി സൂചികകളെല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനവും സ്മോൾക്യാപ് സൂചിക ഒരു ശതമാനവും ഉയർന്നു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 35 പൈസ ഇടിഞ്ഞ് 83.48 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.70 ശതമാനം ഇടിഞ്ഞ് 2169.30 ഡോളറിലെത്തി. ബ്രെൻ്റ് ക്രൂഡ് 0.22 ശതമാനം ഇടിഞ്ഞ് ബാരലിന് 85.59 ഡോളറിലെത്തി.
ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടോക്കിയോ നേട്ടത്തോടെ ക്ലോസ് ചെയ്തു.
യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരം തുടരുന്നു. വ്യാഴാഴ്ച യുഎസ് വിപണികൾ പുതിയ റെക്കോർഡിലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 1,826.97 കോടി രൂപയുടെ ഓഹരികൾ വിറ്റു.
സെൻസെക്സ് 539.50 പോയിൻ്റ് അഥവാ 0.75 ശതമാനം ഉയർന്ന് 72,641.19 ലും നിഫ്റ്റി 172.85 പോയിൻ്റ് അഥവാ 0.79 ശതമാനം ഉയർന്ന് 22,011.95 ലുമാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്.