15 Oct 2024 11:19 AM GMT
Summary
- റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ ഇടിവും സൂചികകളെ വലച്ചു
- ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.3 ശതമാനവും സ്‌മോൾക്യാപ് സൂചിക ഒരു ശതമാനവും ഉയർന്നു
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഉയർന്ന് 84.04ൽ എത്തി
ഏറെ ചാഞ്ചാട്ടത്തിനൊടുവിൽ ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. റീട്ടെയിൽ പണപ്പെരുപ്പം സെപ്റ്റംബറിൽ ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത് വിപണിയെ നഷ്ടത്തിലേക്ക് നയിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ ഇടിവും സൂചികകളെ വലച്ചു.
സെൻസെക്സ് 152.93 പോയിൻ്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 81,820.12ലും നിഫ്റ്റി 70.60 പോയിൻറ് അഥവാ 0.28 ശതമാനം താഴ്ന്ന് 25,057.35ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സിൽ ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി എന്നീ ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു.
ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ഏഷ്യൻ പെയിൻ്റ്‌സ്, അദാനി പോർട്ട്‌സ്, അൾട്രാടെക് സിമൻ്റ്, എച്ച്‌സിഎൽ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി മെറ്റൽ സൂചിക 1.5 ശതമാനം ഇടിഞ്ഞു, ഓട്ടോ ഏകദേശം 1 ശതമാനവും ഫാർമ 0.5 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി റിയാലിറ്റി സൂചിക 2 ശതമാനാവും മീഡിയ സൂചിക 0.7 ശതമാനം ഉയർന്നു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.3 ശതമാനവും സ്‌മോൾക്യാപ് സൂചിക ഒരു ശതമാനവും ഉയർന്നു.
ബ്രെൻ്റ് ക്രൂഡ് വിലയിലെ ഇടിവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മാക്രോ പോസിറ്റീവ് ആണ്, എന്നാൽ സെപ്റ്റംബറിലെ സിപിഐ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും മോശമായ 5.49 ശതമാനത്തിൽ വരുന്നത് ആശങ്കാജനകമാണ്, ഇത് ഗൗരവമായി കാണാനും 2025 വരെ നിരക്ക് കുറയ്ക്കൽ നീട്ടിവെക്കാനും എംപിസി നിർബന്ധിതരാകും.,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
തിങ്കളാഴ്ച പുറത്തിറക്കിയ സർക്കാർ കണക്കുകൾ പ്രകാരം, സെപ്റ്റംബറിൽ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.49 ശതമാനത്തിലെത്തി.
ഏഷ്യൻ വിപണികളിൽ, സിയോളും ടോക്കിയോയും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഷാങ്ഹായും ഹോങ്കോങ്ങും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരം തുടരുന്നു. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് അവസാനിച്ചത്.
ബ്രെൻ്റ് ക്രൂഡ് 4.71 ശതമാനം ഇടിഞ്ഞ് ബാരലിന് 73.81 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.17 ശതമാനം ഉയർന്ന് 2670 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഉയർന്ന് 84.04ൽ എത്തി.
തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 3,731.59 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 2,278.09 കോടി രൂപയുടെ ഓഹരികൾ വാങ്ങി.