image

24 Jun 2024 10:56 AM GMT

Stock Market Updates

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വിപണിക്ക് പച്ചയിൽ അവസാനം; 23,500 കടന്ന് നിഫ്റ്റി

MyFin Desk

Market ends in the green after swings
X

Summary

  • ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.3 ശതമാനം വീതം നേട്ടം നൽകി
  • ബ്രെൻ്റ് ക്രൂഡ് 0.41 ശതമാനം ഉയർന്ന് ബാരലിന് 85.59 ഡോളറിലെത്തി
  • ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ്സ് 6.8 ശതമാനമായി നിലനിർത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. അധികരിച്ചു വന്ന ബാങ്കിങ് ഓഹരികളുടെ വാങ്ങൽ സൂചികകൾ നേട്ടത്തിലെത്തിച്ചു. യൂറോപ്യൻ വിപണികളിലെ മികച്ച തുടക്കവും വിപണിക്ക് കരുത്തേകി.

സെൻസെക്‌സ് 131.18 പോയിൻ്റ് അഥവാ 0.17 ശതമാനം ഉയർന്ന് 77,341.08 ലും നിഫ്റ്റി 36.75 പോയിൻറ് അഥവാ 0.16 ശതമാനം ഉയർന്ന് 23,537.85 ലുമാണ് വ്യാപരം അവസാനിപ്പിച്ചത്.

എം ആൻഡ് എം, ശ്രീറാം ഫിനാൻസ്, പവർ ഗ്രിഡ് കോർപ്പറേഷൻ, സൺ ഫാർമ, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ സിപ്ല, ഇൻഡസ്ഇൻഡ് ബാങ്ക്, അദാനി പോർട്ട്സ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഇടിവിലാണ് ക്ലോസ് ചെയ്തത്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ക്യാപിറ്റൽ ഗുഡ്‌സ്, ഓട്ടോ, എഫ്എംസിജി, ടെലികോം, പവർ സൂചികകൾ ഒരു ശതമാനം വരെ ഉയർന്നപ്പോൾ മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പിഎസ്‌യു ബാങ്ക്, മീഡിയ എന്നിവ ഒരു ശതമാനം വരെ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.3 ശതമാനം വീതം നേട്ടം നൽകി.

നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ്സ് 6.8 ശതമാനമായി നിലനിർത്തി.

2023-24 സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം വളർച്ച നേടുന്നതോടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ആശ്ചര്യപ്പെടുത്തുന്നത് തുടരുകയാണെന്ന് ഏഷ്യാ പസഫിക്കിനായുള്ള സാമ്പത്തിക കാഴ്ചപ്പാടിൽ എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ് പറഞ്ഞു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടോക്കിയോ നേട്ടത്തോടെ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 1,790.19 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.41 ശതമാനം ഉയർന്ന് ബാരലിന് 85.59 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയർന്ന് 83.46 എത്തി. സ്വർണം ട്രോയ് ഔൺസിന് 0.33 ശതമാനം ഉയർന്ന് 2339 ഡോളറിലെത്തി.

വെള്ളിയാഴ്ച സെൻസെക്സ് 269.03 പോയിൻ്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 77,209.90 ലും നിഫ്റ്റി 65.90 പോയിൻറ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 23,501.10 ലുമാണ് ക്ലോസ് ചെയ്തത്.