image

24 Oct 2024 1:33 PM GMT

Stock Market Updates

വിപണി നാലാം നാളും ഇടിഞ്ഞു; 24,400ൽ നിഫ്റ്റി

MyFin Desk

വിപണി നാലാം നാളും ഇടിഞ്ഞു; 24,400ൽ നിഫ്റ്റി
X

Summary

  • എഫ്എംസിജി, ഐടി ഓഹരികളിലെ ഇടിവ് സൂചികകളെ ഇടിവിലേക്ക് നയിച്ചു
  • നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക 1.34 ശതമാനം ഉയർന്നു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84.07ൽ എത്തി


ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേരിയ ഇടിവിലാണ്. തുടർച്ചയായി നാലാം ദിവസമാണ് വിപണി ചുവപ്പിൽ അവസാനിക്കുന്നത്. ഉയർന്നു വരുന്ന വിദേശ നിക്ഷേപകരുടെ വിൽപ്പനയാണ് വിപണിയുടെ ഇടിവിനുള്ള പ്രധാന കാരണം. എഫ്എംസിജി, ഐടി ഓഹരികളിലെ ഇടിവ് സൂചികകളെ ഇടിവിലേക്ക് നയിച്ചു.

സെൻസെക്‌സ് 16.82 പോയിൻ്റ് ഇടിഞ്ഞ് 80,065.16 ലും നിഫ്റ്റി 36.10 പോയിൻ്റ് ഇടിഞ്ഞ് 24,399.40ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.

നെസ്‌ലെ, ഐടിസി, മാരുതി, ഏഷ്യൻ പെയിൻ്റ്‌സ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ലാർസൻ ആൻഡ് ടൂബ്രോ, എച്ച്‌സിഎൽ ടെക്‌നോളജീസ് ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു.

അൾട്രാടെക് സിമൻ്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റൻ, അദാനി പോർട്ട്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക 1.34 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചിക 0.69 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി പിഎസ്ഇ, ഫാർമാ സൂചികകൾ അര ശതമാനം ഉയർന്നാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഹെൽത്ത് കെയർ, എനർജി, പ്രൈവറ്റ് ബാങ്ക് സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി എഫ്എംസിജി സൂചികയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. സൂചിക 2.86 ശതമാനമാണ് ഇടിഞ്ഞു. റിയൽറ്റി സൂചിക ഒരു ശതമാനവും താഴ്ന്നു. ഓട്ടോ സൂചിക അര ശതമാനവും മീഡിയ സൂചിക 0.24 ശതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്.

ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്നപ്പോൾ ടോക്കിയോ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ദിവസം യുഎസ് വിപണി നേട്ടത്തോടെയാണ് അവസാനിച്ചത്.

ബ്രെൻ്റ് ക്രൂഡ് 1.99 ശതമാനം ഉയർന്ന് ബാരലിന് 76.45 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.86 ശതമാനം ഉയർന്ന് 2752 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84.07ൽ എത്തി.