image

25 July 2024 11:00 AM GMT

Stock Market Updates

അഞ്ചാം നാളും ഇടിവ് തുടർന്ന് വിപണി; വിനയായത് മെറ്റൽ, ബാങ്കിങ് ഓഹരികൾ

MyFin Desk

അഞ്ചാം നാളും ഇടിവ് തുടർന്ന് വിപണി; വിനയായത് മെറ്റൽ, ബാങ്കിങ് ഓഹരികൾ
X

Summary

  • ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ ഓഹരി വില്പന സൂചികകളെ ഇടിവിലേക്ക് നയിച്ചു
  • ആക്‌സിസ് ബാങ്ക് ഓഹരികൾ ശതമാനത്തിലധികം ഇടിഞ്ഞു
  • ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽ


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. തുടർച്ചയായി അഞ്ചാം ദിവസമാണ് വിപണി ചുവപ്പിൽ അവസാനിക്കുന്നത്. മെറ്റൽ, ബാങ്കിംഗ്, ഫിനാൻസ് ഓഹരികളുടെ വില്പന വിപണിയെ വലച്ചു. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സും ഹ്രസ്വകാല മൂലധന നേട്ട നികുതിയും വർധിപ്പിച്ചത് വിപണിയെ വലച്ചു. ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ ഓഹരി വില്പന സൂചികകളെ ഇടിവിലേക്ക് നയിച്ചു.

സെൻസെക്‌സിന് 109.08 പോയിൻ്റ് അഥവാ 0.14 ശതമാനം താഴ്ന്ന് 80,039.80 ലും നിഫ്റ്റി 7.40 പോയിൻ്റ് അഥവാ 0.03 ശതമാനം ഇടിഞ്ഞ് 24,406.10 ലുമാണ് ക്ലോസ് ചെയ്തത്.

ജൂൺ പാദത്തിലെ ഫലങ്ങൾ മങ്ങിയതിനെ തുടർന്ന് ആക്‌സിസ് ബാങ്ക് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ ശതമാനത്തിലധികം ഇടിഞ്ഞു. ഓഹരികൾ ക്ലോസ് ചെയ്തത് 1176.25 രൂപയിലാണ്.

ടാറ്റ മോട്ടോഴ്‌സ്, ഒഎൻജിസി, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ബിപിസിഎൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടത്തിലും ആക്‌സിസ് ബാങ്ക്, നെസ്‌ലെ ഇന്ത്യ, ടൈറ്റൻ കമ്പനി, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ എന്നിവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, പവർ, ഓയിൽ ആൻഡ് ഗ്യാസ്, ഹെൽത്ത്‌കെയർ, മീഡിയ എന്നിവ 0.5 ശതമാനം മുതൽ 3 ശതമാനം വരെ ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക്, ഐടി, മെറ്റൽ, റിയൽറ്റി, ടെലികോം സൂചികകൾ ഒരു ശതമാനത്തോളം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേരിയ തോതിൽ താഴ്ന്നായിരുന്നു ക്ലോസ് ചെയ്തത്.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ക്ലോസ് ചെയ്തത് നഷ്ടത്തിലായിരുന്നു. യൂറോപ്യൻ വിപണികൾ ഇടിവ് തുടരുന്നു. ബുധനാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 5,130.90 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 1.73 ശതമാനം ഇടിഞ്ഞ് ബാരലിന് 80.31 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 1.67 ശതമാനം താഴ്ന്ന് 2375 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 83.72 ൽ എത്തി.