image

18 May 2024 2:00 PM IST

Stock Market Updates

പ്രത്യേക വ്യാപാരത്തിൽ വിപണിക്ക് ക്ലോസിംഗ് നേട്ടത്തോടെ

MyFin Desk

പ്രത്യേക വ്യാപാരത്തിൽ വിപണിക്ക് ക്ലോസിംഗ് നേട്ടത്തോടെ
X

Summary

  • വിദേശ നിക്ഷേപകരുടെ വാങ്ങൽ വിപണിക്ക് കരുത്തേകി
  • എല്ലാ സെക്ടറൽ സൂചികകളും പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്
  • റെക്കോർഡ് നേട്ടത്തോടെ ഡൗ ജോൺസ് 40,000 ന് മുകളിൽ ക്ലോസ് ചെയ്തു


ആഭ്യന്തര സൂചികകൾ ഇന്നത്തെ പ്രത്യേക വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. വിദേശ നിക്ഷേപകരുടെ വാങ്ങൽ വിപണിക്ക് കരുത്തേകി. സെൻസെക്‌സ് 88.91 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 74,005.94 ലും നിഫ്റ്റി 35.90 പോയിൻ്റ് അഥവാ 0.16 ശതമാനം ഉയർന്ന് 22,502 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പ്രത്യേക ട്രേഡിംഗ് സെഷനിൽ ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ മൊത്ത വിപണി മൂല്യം എക്കാലത്തെയും ഉയർന്ന നിരക്കായ 4,12,36,791.05 കോടി രൂപയിലെത്തി. ഈ വാരത്തിൽ സെൻസെക്സ് 1,341.47 പോയിൻ്റ് അഥവാ1.84 ശതമാനവും നിഫ്റ്റി 446.8 പോയിൻ്റ് അഥവാ 2 ശതമാനവും ഉയർന്നു.

എല്ലാ സെക്ടറൽ സൂചികകളും പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസ്ട്രീസ്, ഹെൽത്ത് കെയർ, ടെലികമ്മ്യൂണിക്കേഷൻ, ക്യാപിറ്റൽ ഗുഡ്‌സ്, റിയൽറ്റി സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.77 ശതമാനവും മിഡ്ക്യാപ് സൂചിക 0.48 ശതമാനവും ഉയർന്നു.

"റെക്കോർഡ് നേട്ടത്തോടെ ഡൗ ജോൺസ് 40,000 ന് മുകളിൽ ക്ലോസ് ചെയ്തത് ആഗോള വിപണികൾക്ക് കരുത്തേകി," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. എന്നിരുന്നാലും, രാജ്യത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചലനങ്ങള്‍ ഉയർന്ന ചാഞ്ചാട്ടത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള വിപണിയിൽ, ഫെഡറൽ റിസർവ് ഈ വർഷം പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകൾ ഉയർന്നതിനാൽ മൂന്ന് പ്രധാന യുഎസ് സൂചികകളിൽ രണ്ടെണ്ണം മെയ് 17 ന് നേട്ടത്തോടെ അവസാനിച്ചു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ആദ്യമായി 40,000 ന് മുകളിൽ ക്ലോസ് ചെയ്തു, മറ്റു രണ്ട് സൂചികകളും പ്രതിവാര നേട്ടം നേടി.

"ആഗോള വിപണികളിലെ പോസിറ്റീവ് വികാരം ഇന്ത്യൻ വിപണികളിലേക്കും വ്യാപിക്കുന്നു, നിഫ്റ്റി 22,000-22,500 ന് ഇടയിൽ വ്യാപാരം തുടരാനാണ് സാധ്യത, പ്രതിരോധം 22,500 ലും പിന്തുണ 22,000 ലും കണാം ” മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് സീനിയർ വിപി (റിസർച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.

11 ദിവസങ്ങൾക്ക് ശേഷം, മെയ് 17 ന് വിദേശ നിക്ഷേപകർ (എഫ്ഐഐ) 1,617 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

പ്രത്യേക വ്യാപാരം

പ്രത്യേക വ്യാപാര സെഷനിൽ ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ് സെഗ്‌മെൻ്റുകൾക്കായി പ്രാഥമിക സൈറ്റിൽ നിന്ന് ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്ക് ഇൻട്രാ-ഡേ വ്യാപാരം മാറും. സെഷൻ രണ്ട് ഭാഗങ്ങളായി വിഭജിക്കും. ആദ്യത്തേത് രാവിലെ 9:15 മുതൽ 10:00 വരെയും രണ്ടാമത്തേത് 11:30 മുതൽ 12:30 വരെയുമാണ്.

നേരത്തെ മാർച്ച് 2ന് (ശനി) ബിഎസ്ഇയും എൻഎസ്ഇയും ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗങ്ങളിൽ പ്രത്യേക ട്രേഡിംഗ് സെഷൻ നടത്തിയിരുന്നു.

സാധാരണഗതിയിൽ, പ്രാഥമിക സൈറ്റിൽ ഒരു വലിയ തടസ്സമോ പരാജയമോ ഉണ്ടായാൽ ബിസിനസ്സ് തുടർച്ച ഉറപ്പാക്കുന്നതിനാണ് ഡിആർ സൈറ്റിലേക്ക് വ്യാപാരം മാറുന്നത്.