11 July 2024 11:00 AM GMT
Summary
- നിക്ഷേപകർ ഹെവിവെയ്റ്റുകളിൽ ലാഭമെടുത്തത് സൂചികകളെ ഇടിവിലേക്ക് നയിച്ചു
- നിഫ്റ്റി റിയൽറ്റി സൂചിക 1.5 ശതമാനം ഇടിഞ്ഞു
- ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനവും സ്മോൾക്യാപ് സൂചിക 0.6 ശതമാനം ഉയർന്നു
ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. ജൂൺ പാദത്തിലെ പ്രധാന സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നിക്ഷേപകർ ഹെവിവെയ്റ്റുകളിൽ ലാഭമെടുത്തത് സൂചികകളെ ഇടിവിലേക്ക് നയിച്ചു.
സെൻസെക്സ് 27.43 പോയിൻറ് അഥവാ 0.03 ശതമാനം താഴ്ന്ന് 79,897.34 ലും നിഫ്റ്റി 8.50 പോയിൻ്റ് അഥവാ 0.03 ശതമാനം ഇടിഞ്ഞ് 24,315.95 ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിൽ ബിപിസിഎൽ, കോൾ ഇന്ത്യ, ഒഎൻജിസി, ഐടിസി, ടാറ്റ മോട്ടോഴ്സ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ബജാജ് ഫിനാൻസ്, ദിവിസ് ലാബ്സ്, എം ആൻഡ് എം, എൻടിപിസി എന്നിവ നഷ്ടത്തിലായി.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റി സൂചിക 1.5 ശതമാനവും ഫാർമ സൂചിക 0.6 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി മീഡിയ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒരു ശതമാനം വീതവും നഷ്ടം നൽകി
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനവും സ്മോൾക്യാപ് സൂചിക 0.6 ശതമാനം ഉയർന്നു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.
ബുധനാഴ്ച യുഎസ് വിപണികൾ മികച്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻവിഡിയയിലെയും മറ്റ് വാൾസ്ട്രീറ്റ് ഹെവിവെയ്റ്റുകളിലെയും കുതിപ്പ് നാസ്ഡാക്കിനെയും എസ് ആൻ്റ് പി 500 നെ പുതിയ ഉയരത്തിലെത്തിച്ചു. ഇത് നാസ്ഡാക്കിൻ്റെ തുടർച്ചയായ ഏഴാമത്തെ റെക്കോർഡ്-ഹൈ ക്ലോസിംഗായിരുന്നു. എസ് ആൻ്റ് പി 500-ൻ്റെ തുടർച്ചയായ ആറാമത്തെ ക്ലോസിംഗും. എസ് ആൻ്റ് പി 500 ആദ്യമായി 5,600 പോയിന്റ് കടന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 583.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.21 ശതമാനം ഉയർന്ന് ബാരലിന് 85.26 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.33 ശതമാനം ഉയർന്ന് 2387 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 83.56ൽ എത്തി.