21 Oct 2024 12:27 PM GMT
ആഭ്യന്തരവിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേരിയ ഇടിവോടെയാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളിലെ കുത്തനെയുള്ള ഇടിവ് സൂചികകളെ നഷ്ടത്തിലെത്തിച്ചു. തുടർച്ചയായുള്ള വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ ബാധിച്ചു.
ആഗോള സൂചകങ്ങളുടെ പിൻബലത്തിൽ ആഭ്യന്തര സൂചികകൾ ശക്തമായ നേട്ടത്തോടെയാണ് ആദ്യ മണിക്കൂറിൽ വ്യാപാരം നടത്തിയത്. രണ്ടാം പകുതിയിൽ വിപണി കടുത്ത ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിച്ചു.
സെൻസെക്സ് 73.48 പോയിൻ്റ് അഥവാ 0.09 ശതമാനം ഇടിഞ്ഞ് 81,151.27 ൽ ക്ലോസ് ചെയ്തു. ഇൻട്രഡയിൽ സൂചിക 545 പോയിൻ്റ് ഇടിഞ്ഞു 80,811.23 വരെ താഴ്ന്നിരുന്നു. നിഫ്റ്റി 72.95 പോയിൻ്റ് അഥവാ 0.29 ശതമാനം ഇടിഞ്ഞ് 24,781.10 ൽ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ ബജാജ് ഫിൻസെർവ്, ഇൻഡസ്ഇൻഡ് ബാങ്ക്, അദാനി പോർട്ട്സ്, അൾട്രാടെക് സിമൻ്റ്, ബജാജ് ഫിനാൻസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ഏഷ്യൻ പെയിൻ്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി ഓട്ടോ ഒഴികെയുള്ള എല്ലാ സെക്ടറിൽ സൂചികകളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി എഫ്എംസിജി, മെറ്റൽ, ക്യാപിറ്റൽ ഗുഡ്സ്, പവർ, റിയൽറ്റി, ഐടി, ഓയിൽ ആൻഡ് ഗ്യാസ്, മീഡിയ സൂചികകൾ 1-3 ശതമാനം വരെ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 1.5 ശതമാനം വീതം ഇടിഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 5,485.70 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 5,214.83 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഹോങ്കോങ്ങും താഴ്ന്നപ്പോൾ സിയോളും ഷാങ്ഹായും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ നേട്ടത്തിലാണ് അവസാനിച്ചത്.
ബ്രെൻ്റ് ക്രൂഡ് 1.04 ശതമാനം ഉയർന്ന് ബാരലിന് 73.82 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.74 ശതമാനം ഉയർന്ന് 2750 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84.07ൽ എത്തി.