26 Nov 2023 2:15 PM IST
Summary
- എം ക്യാപിലെ ഒന്നാം സ്ഥാനത്ത് റിലയന്‍സ് തുടരുന്നു
- 6 ടോപ് 10 കമ്പനികള്‍ വിപണി മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി
ആഭ്യന്തര ഓഹരി വിപണിയില്‍ ഏറ്റവും കൂടുതൽ മൂല്യമുള്ള 10 കമ്പനികളിൽ നാലെണ്ണത്തിന്റെ സംയുക്ത വിപണി മൂല്യത്തില്‍ കഴിഞ്ഞ ആഴ്ച 65,671.35 കോടി രൂപയുടെ വര്‍ധന. റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും വലിയ നേട്ടമുണ്ടാക്കി. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 175.31 പോയിന്റ് അഥവാ 0.26 ശതമാനം ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവ മൂല്യത്തിൽ ഇടിവ് നേരിട്ടു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 26,014.36 കോടി രൂപ ഉയർന്ന് 16,19,907.39 കോടി രൂപയിലെത്തി. എച്ച്‌ഡിഎഫ്‌സി ബാങ്ക് 20,490.9 കോടി രൂപ കൂട്ടിച്ചേര്‍ത്ത് വിപണി മൂല്യം 11,62,706.71 കോടി രൂപയായി. ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 14,135.21 കോടി രൂപ ഉയർന്ന് 5,46,720.84 കോടി രൂപയായപ്പോൾ ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 5,030.88 കോടി രൂപ ഉയർന്ന് 6,51,285.29 കോടി രൂപയായി.
എന്നിരുന്നാലും, ടിസിഎസിന്റെ വിപണി മൂല്യം 16,484.03 കോടി രൂപ കുറഞ്ഞ് 12,65,153.60 കോടി രൂപയായി. ബജാജ് ഫിനാൻസിന്റെ മൂല്യം 12,202.87 കോടി രൂപ കുറഞ്ഞ് 4,33,966.53 കോടി രൂപയായി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 3,406.91 കോടി രൂപ കുറഞ്ഞ് 5,90,910.45 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 2,543.51 കോടി രൂപ കുറഞ്ഞ് 5,00,046.01 കോടി രൂപയായും മാറി.
ഐടിസിയുടെ വിപണി മൂല്യം 1,808.36 കോടി രൂപ കുറഞ്ഞ് 5,46,000.07 കോടി രൂപയായപ്പോൾ ഇൻഫോസിസിന്റെ വിപണി മൂല്യം 290.53 കോടി രൂപ കുറഞ്ഞ് 5,96,391.22 കോടി രൂപയായി.
ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന പദവിയില്‍ റിലയൻസ് ഇൻഡസ്ട്രീസ് തുടർന്നു. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവ ഇതിന് തൊട്ടുപുറകേയുള്ള സ്ഥാനങ്ങളിലെത്തി.