19 Aug 2024 5:15 AM GMT
Summary
- ഐടി ഒഴികെയുള്ള എല്ലാ സെക്ടറൽ സൂചികകളും പച്ചയിലാണ്.
- ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയർന്ന് 83.84 എത്തി
- ഇന്ത്യ വിക്സ് 5 ശതമാനം ഇടിഞ്ഞ് 13.74ൽ
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. ബ്ലൂ ചിപ്പ് ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസിൻ്റെയും ഐടിസിയുടെയും കുതിപ്പ് സൂചികകളെ നേട്ടത്തിലെത്തിച്ചു. വെള്ളിയാഴ്ച ജാക്‌സൺ ഹോളിൽ ഫെഡ് ചെയർ ജെറോം പവലിൻ്റെ പ്രസംഗത്തിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്. സെപ്തംബറിൽ വരാനിരിക്കുന്ന ഫെഡ് മീറ്റിംഗിൽ നിരക്ക് കുറയ്ക്കുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ.
സെൻസെക്‌സ് 287.56 പോയിൻ്റ് ഉയർന്ന് 80,724.40 ലെത്തി. നിഫ്റ്റി 97.65 പോയിൻ്റ് ഉയർന്ന് 24,638.80 ലെത്തി.
സെൻസെക്സിൽ എൻടിപിസി, ടൈറ്റൻ, ടാറ്റ സ്റ്റീൽ, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ്‌ലെ, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ എന്നീ ഓഹരികൾ ഇടിഞ്ഞു.
ഐടി ഒഴികെയുള്ള എല്ലാ സെക്ടറൽ സൂചികകളും പച്ചയിലാണ്. ഓയിൽ ആൻഡ് ഗ്യാസ് സൂചിക മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി എനർജി, നിഫ്റ്റി റിയാലിറ്റി സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നപ്പോൾ നിഫ്റ്റി ഐടി സൂചിക നേരിയ തോതിൽ ചുവന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 0.8 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് 5 ശതമാനം ഇടിഞ്ഞ് 13.74 എത്തി.
ഏഷ്യൻ വിപണികളിൽ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. സിയോളും ടോക്കിയോയും ഇടിവിലാണ്. വെള്ളിയാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിൽ.
വെള്ളിയാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 766.52 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 2,606.18 കോടി രൂപയുടെ ഓഹരികളും വാങ്ങി.
ബ്രെൻ്റ് ക്രൂഡ് 0.19 ശതമാനം ഇടിഞ്ഞ് ബാരലിന് 79.53 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ നേട്ടത്തോടെ 2540 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയർന്ന് 83.84 എത്തി.