19 Nov 2023 8:45 AM
ഇക്വിറ്റികളിലെ മൊത്തത്തിലുള്ള പൊസിറ്റിവ് പ്രവണതയ്ക്കിടെ ഓഹരി വിപണിയില്‍ ഏറ്റവു മൂല്യമുള്ള 10 കമ്പനികളിൽ ഏഴിന്റെയും സംയുക്ത കമ്പോള മൂല്യം കഴിഞ്ഞ ആഴ്ച 1,50,679.28 കോടി രൂപ ഉയർന്നു. ഐടി പ്രമുഖരായ ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ഇൻഫോസിസും ഏറ്റവും വലിയ നേട്ടമുണ്ടാക്കി. പോയ വാരത്തില്‍ ബിഎസ്ഇ ബെഞ്ച്മാർക്ക് 890.05 പോയിന്റ് അഥവാ 1.37 ശതമാനമാണ് ഉയർന്നത്.
റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഭാരതി എയർടെൽ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവ വിപണി മൂല്യത്തിൽ ഇടിവ് നേരിട്ടു.
ടിസിഎസിന്റെ മൂല്യം 62,148.99 കോടി രൂപ ഉയർന്ന് 12,81,637.63 കോടി രൂപയായി. ഇൻഫോസിസിന്റെ എംക്യാപ് 28,616.98 കോടി രൂപ ഉയർന്ന് 5,96,681.75 കോടി രൂപയിലെത്തി. റിലയൻസ് ഇൻഡസ്ട്രീസിന്‍റെ മൂല്യം 28,111.41 കോടി രൂപ ഉയർന്ന് 15,93,893.03 കോടി രൂപയായും എച്ച്ഡിഎഫ്‌സി ബാങ്കിന്റേത് 11,136.61 കോടി രൂപ ഉയർന്ന് 11,42,215.81 കോടി രൂപയായും മാറി.
ഹിന്ദുസ്ഥാൻ യുണിലിവറിന്റെ വിപണി മൂല്യം 10,032.75 കോടി രൂപ ഉയർന്ന് 5,94,317.36 കോടി രൂപയില്‍ എത്തിയപ്പോള്‍ ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 6,828.74 കോടി രൂപ ഉയർന്ന് 5,32,585.63 കോടി രൂപയായി. ഐടിസിയുടെ മൂല്യം 3,803.8 കോടി രൂപ വര്‍ധിച്ച് 5,47,808.43 കോടി രൂപയായി.
എന്നിരുന്നാലും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംക്യാപ് 14,502.5 കോടി രൂപ ഇടിഞ്ഞ് 5,02,589.52 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റേത് 11,308.97 കോടി രൂപ ഇടിഞ്ഞ് 6,46,254.41 കോടി രൂപയായും മാറി. ബജാജ് ഫിനാൻസിന്റെ വിപണി മൂല്യം 4,973.68 കോടി രൂപ കുറഞ്ഞ് 4,46,169.40 കോടി രൂപയായി.
റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന പദവി നിലനിർത്തി. ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവയാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍ വരുന്നത്.