image

30 Dec 2023 1:06 PM GMT

Stock Market Updates

റിക്കോർഡിട്ട് സൂചികകൾ, വിപണിക്ക് നേട്ടത്തിൻറെ വാരാന്ത്യം

MyFin Research Desk

റിക്കോർഡിട്ട് സൂചികകൾ, വിപണിക്ക് നേട്ടത്തിൻറെ വാരാന്ത്യം
X

Summary

  • ഒരു വർഷ കാലയളവിൽ നിഫ്റ്റി 20 ശതമാനവും സെൻസെക്സ് 18.74 ശതമാനവും നേട്ടം നൽകി
  • ഈ വർഷം 14563 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ
  • ക്രൂഡിന് രണ്ട് വർഷത്തിനിടയിലെ ആദ്യത്തെ വാർഷിക ഇടിവ്


വർഷത്തിൻറെ അവസാന വാരമാണ് കടന്നു പോകുന്നത്. 2024-ന്റെ തുടക്കത്തിൽ പലിശ നിരക്ക് കുറയ്‌ക്കുമെന്ന പ്രതീക്ഷയോടെയാണ് വർഷം അവസാനിക്കുന്നത്. വിദേശ നിക്ഷേപകരുടെ വാങ്ങലുകളാൽ പോയ വാരം വിപണികൾ റെക്കോർഡ് ഉയർച്ചയിലെത്തി.

കഴിഞ്ഞ വാരത്തിൽ ബിഎസ്ഇ സെൻസെക്സ് 1.60 ശതമാനം അഥവാ 1,133.3 പോയിന്റ് ഉയർന്ന് 72,240.26 ലും നിഫ്റ്റി 382 പോയിന്റ് അഥവാ 1.78 ശതമാനം നേട്ടത്തോടെ 21731.4 ലും ക്ലോസ് ചെയ്തു. ഡിസംബർ 28 ന്, സെൻസെക്സും നിഫ്റ്റിയും യഥാക്രമം 72,484.34 പോയിന്റിലും 21,801.45 പോയിന്റിലും പുതിയ റെക്കോർഡ് ഉയരങ്ങളിലെത്തി. തുടർച്ചയായ എട്ടാം വർഷവറും നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകിയതിന് ശേഷമാണ് ദലാൽ തെരുവ് പുതു വർഷത്തിലേക്ക് കടക്കുന്നത്.

ഈ വർഷം 82 ലക്ഷം കോടിയുടെ നേട്ടം സമ്മാനിച്ച് കൊണ്ടാണ് ആഭ്യന്തര വിപണി അവസാനിച്ചത്. ഒരു വർഷത്തിനിടെ നിഫ്റ്റി 20 ശതമാനവും സെൻസെക്സ് 18.74 ശതമാനവും നേട്ടം നൽകി. ബിഎസ്ഇ യിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 364 ലക്ഷം കോടി രൂപയായി ഉയർന്നു. ഡിസംബറിൽ മാത്രം 30 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് വർദ്ധിച്ചത്.

ഈ വർഷം 14563 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ അറ്റ വില്പനക്കാരായി മാറിയപ്പോഴും വിപണിയുടെ കുതിപ്പിന് അത് ഒരു തടസ്സമായില്ല. അഭ്യന്തര നിക്ഷേപകരുടെ 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഒഴുകിയെത്തിയത് വിപണിക്ക് ബലമേകി.

നിഫ്റ്റി

പോയ വാരം നിഫ്റ്റി ഉയർന്നത് 1.79 ശതമാനം. ബെഞ്ച് മാർക്ക് സൂചിക തിങ്കളാഴ്‌ച വ്യാപാരം തുടങ്ങിയത് 21365.20 പോയിന്റിലാണ്. ക്ലോസ് ചെയ്തത് 382 പോയിന്റുകൾ ഉയർന്ന് 21731.40 -ലും. വാരത്തിൽ സൂചിക എക്കാലത്തെയും ഉയർന്ന ലെവലായ 21801.45 എന്ന പോയിന്റ് തൊട്ടു. വാരത്തിലെ താഴ്ന്ന ലെവൽ 21329.45 പോയിന്റാണ്. ഒരു മാസ കാലയളവിൽ സൂചിക ഉയർന്നത് 7.94 ശതമാനം. ബാങ്ക് നിഫ്റ്റി സൂചിക 48,636.45 എന്ന റെക്കോർഡ് ഉയരത്തിലെത്തി.

ഈ വർഷത്തെ നിഫ്റ്റി 50 യുടെ പ്രകടനം വിലയിരുത്തുകയാണെങ്കിൽ 50 ൽ 48 കമ്പനികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇരട്ടി നേട്ടം നൽകിയത് ടാറ്റ മോട്ടോഴ്‌സ് മാത്രമാണ്. എന്നാൽ യുപിഎൽ,അദാനി എന്റർപ്രൈസ് എന്നീ ഓഹരികൾ നിക്ഷേപകരുടെ പ്രതീക്ഷകൾക്ക് വിപരീതമായാണ് വ്യാപാരം നടത്തിയത്.

കഴിഞ്ഞ ആഴ്ച്ച 4.72 ശതമാനം ഉയർന്ന നിഫ്റ്റി ഓട്ടോ സൂചികയാണ് മികച്ച നേട്ടം കൈവരിച്ചത്. നിഫ്റ്റി മെറ്റൽ 4.25 ശതമാനവും ഉയർന്നു. നിഫ്റ്റി എഫ്എംസിജി, പിഎസ്ഇ എന്നീ സൂചികകൾ മൂന്നു ശതമാനത്തിലധികം ഉയർന്നു. നെക്സ്റ്റ് 50, ഫർമാ, റിയാലിറ്റി, മിഡ്ക്യാപ് 50, സ്മോള് ക്യാപ് 50, മിഡ്ക്യാപ് 150, എനർജി എന്നീ സൂചികകൾ രണ്ടു ശതമാനത്തിലധികവും നേട്ടം നൽകി. എന്നാൽ പോയ വാരത്തിൽ നിഫ്റ്റി ഐടി സൂചിക 0.34 ശതമാനം ഇടിവ് രേഖപ്പെടുത്തി.

സെൻസെക്സ്

തിങ്കളാഴ്‌ച 71097.78 പോയിൻറിൽ വ്യാപാരം ആരംഭിച്ച സൂചിക 1.59 ശതമാനം അഥവാ 1133.30 പോയിന്റ് ഉയർന്ന് 72240.26 എന്ന ലെവലിലാണ് ക്ലോസ് ചെയ്തത്. വാരത്തിലെ സൂചികയുടെ ഉയർന്ന ലെവൽ 72484.34 ഉം താഴ്ന്നത് 71012.08 മാണ്. ഒരു മാസത്തിൽ സൂചിക ഉയർന്നത് 7.84 ശതമാനമാണ്.

ബിഎസ്ഇ ടെലികോം സൂചികയാണ് പോയ വാരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. സൂചിക 4.82 ശതമാനം ഉയർന്നു. ഓട്ടോ സൂചികയും 4.33 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ ഭാരത് 22, മിഡ്ക്യാപ്, റീൽറ്റി, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ്, എനർജി പവർ എന്നീ സൂചികകൾ രണ്ട് ശതമാനത്തിലധികം ഉയർന്നു. ബിഎസ്ഇ ഐടി സൂചിക 0.53 ശതമാനം ഇടിവ് രേഖപ്പെടുത്തി.

വിദേശ നിക്ഷേപകർ

പോയ വാരം വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 8,648.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) വാങ്ങിയത് 666.06 കോടി രൂപയുടെ ഓഹരികളാണ്. ഡിസംബർ മാസത്തിലെ കണക്കുകൾ കാണിക്കുന്നത് 31,959.78 കോടി രൂപയുടെ ഓഹരികളാണ് എഫ്‌ഐഐകൾ വാങ്ങിയിട്ടുള്ളത്. ഡിഐഐകൾ 12,942.25 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

ചരിത്ര നേട്ടത്തിൽ സ്വർണം

ശക്തമായ ഡോളറും യുഎസ് ട്രഷറിക്കുമെതിരെ സ്വർണത്തിന് ഇക്കൊല്ലം മിന്നുന്ന പ്രകടനം കാഴ്ചവെക്കാനായി. ഈ വർഷം സ്വർണം അന്താരാഷ്ട്ര വിപണിയിൽ 14 ശതമാനം നേട്ടവും, ആഭ്യന്തര വിപണിയിൽ 16 ശതമാനം നേട്ടവും കൈവരിച്ചു. ജിയോ പൊളിറ്റിക്കൽ പിരിമുറുക്കങ്ങളും, 2024 ൽ ഫെഡറൽ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കും ഇടയിൽ മഞ്ഞ ലോഹം സാമ്പത്തിക അനിശ്ചിതത്വത്തിൽ നിന്ന് പിന്തുണ സ്വീകരിച്ചു. ഭൗമാരാഷ്ട്രീയ ഘടകങ്ങൾ കാരണം സ്വർണ വില ഉയർന്നു തന്നെ തുടരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. സ്വർണതിനായുള്ള കാഴ്ചപ്പാട് പോസിറ്റീവ് ആണ്. നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപം തുടരുകയും വില കുറയുമ്പോൾ കൂടുതൽ വാങ്ങുകയും ചെയ്യാമെന്ന് ബ്രോക്കറേജ് നിർദ്ദേശം നൽകുന്നുണ്ട്.

ക്രൂഡ് ഇടിവിൽ

ക്രൂഡിന്റെ രണ്ട് വർഷത്തിനിടയിലെ ആദ്യത്തെ വാർഷിക ഇടിവ് 2023-ൽ രേഖപ്പെടുത്തി. ഭൗമരാഷ്ട്രീയ ആശങ്കകൾ, ഉൽപ്പാദനം വെട്ടിക്കുറയ്ക്കൽ, പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾ എന്നിവയെ തുടർന്ന് വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകൾക്ക് ശേഷമാണ് ഈ ഇടിവ്. കൂടുതൽ ഷിപ്പിംഗ് സ്ഥാപനങ്ങൾ ചെങ്കടൽ വഴി കടത്താൻ തയ്യാറായതിനാൽ ഈ വാരത്തിലെ വ്യാഴാഴ്ച ദിവസത്തിൽ എണ്ണവില 3 ശതമാനം ഇടിഞ്ഞതിന് ശേഷം വെള്ളിയാഴ്ച സ്ഥിരത കൈവരിച്ചു. യെമനിലെ ഹൂതി തീവ്രവാദി സംഘം കപ്പലുകളെ ലക്ഷ്യമിട്ട് തുടങ്ങിയതിന് ശേഷം പ്രമുഖ കമ്പനികൾ ചെങ്കടൽ റൂട്ടുകൾ വഴിയുള്ള യാത്രകൾ നിർത്തിവെച്ചിരുന്നു. ഇത് പ്രതീക്ഷിക്കുന്ന പലിശ നിരക്ക് കുറയ്കാനുള്ള സാധ്യതക്ക് മങ്ങൽ ഏൽപ്പിക്കുകയും, പ്രധാന മേഖലകളിലെ ഉപഭോക്തൃ കടമെടുപ്പ് ചെലവ് കുറയ്ക്കുകയും ചെയ്യും. എണ്ണ, കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്നതിനാൽ വരും വർഷത്തിൽ ക്രൂഡിൽ ഡിമാൻഡ് വർധിക്കും എന്ന് മേഖലയിലെ വിദഗ്ധർ പ്രതീക്ഷിക്കുന്നു.

നഷ്ടത്തിൽ രൂപ

ഡിസംബർ 22 ന് 83.15 ൽ ക്ലോസ് ചെയ്ത രൂപ ഡിസംബർ 29 ന് അവസാനിച്ച ആഴ്ചയിൽ 83.20 ൽ ക്ലോസ് ചെയ്തതിനാൽ, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് നേരിയ നഷ്ടം രേഖപ്പെടുത്തി.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല