image

25 April 2024 10:15 AM GMT

Stock Market Updates

കൊട്ടക്കിന് ആർബിഐയുടെ കടിഞ്ഞാൺ; ഓഹരികൾ ഇടിഞ്ഞത് 11%, മ്യൂച്വൽ ഫണ്ടുകൾക്ക് 4,281 കോടി നഷ്ടം

MyFin Desk

കൊട്ടക്കിന് ആർബിഐയുടെ കടിഞ്ഞാൺ;  ഓഹരികൾ ഇടിഞ്ഞത് 11%, മ്യൂച്വൽ ഫണ്ടുകൾക്ക് 4,281 കോടി നഷ്ടം
X

Summary

  • ഓഹരികൾ കുത്തനെ ഇടിഞ്ഞതോടെ നിക്ഷേപകർക്ക് നഷ്ടമായത് 35,200 കോടി രൂപയോളമാണ്
  • കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ പുതിയ ഉപഭോക്തൃ കൂട്ടിച്ചേർക്കലിനെയാണ് ഈ നടപടി ബാധിക്കുക
  • 36 മ്യൂച്വൽ ഫണ്ട് ഹൗസുകളാണ് കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ഓഹരികൾ കൈവശം വെച്ചിരിക്കുന്നത്


കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ റിസർവ് ബാങ്ക് നിയന്ത്രണം കടുപ്പിച്ചതോടെ ഇന്നത്തെ തുടക്ക വ്യാപാരം മുതൽ ഓഹരികൾ ഇടിവിലാണ്. വില്പന സമ്മർദ്ദം കൂടിയതോടെ കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ 11 ശതമാനം വരെ ഇടിഞ്ഞു. മുൻ ദിവസത്തെ ഓഹരികളുടെ ക്ലോസിങ് വില 1842.80 രൂപയാണ്. ഇന്നത്തെ ഓഹരികളുടെ ക്ലോസിംഗ് വില 1645 രൂപയാണ്.

ഓഹരികൾ കുത്തനെ ഇടിഞ്ഞതോടെ നിക്ഷേപകർക്ക് നഷ്ടമായത് 35,200 കോടി രൂപയോളമാണ്. 2020 ഏപ്രിൽ ഒന്നിന് ശേഷമുള്ള ഓഹരികളിൽ ഏറ്റവും വലിയ ഇടിവാണിത്. ഏകദേശം 6.48 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 3,60,460 കോടി രൂപയിലെത്തി.

ആർബിഐയുടെ കടിഞ്ഞാൺ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏപ്രിൽ 24 ന് കൊട്ടക് മഹീന്ദ്ര ബാങ്കിനെ (കെഎംബി) അതിൻ്റെ സാങ്കേതിക പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുള്ള മേൽനോട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി, ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് ചാനലുകൾ വഴി പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിൽ നിന്നും പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിൽ നിന്നും വിലക്കി. കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിൻ്റെ ഐടി സംവിധാനങ്ങൾ ആർബിഐ പരിശോധിച്ചതിനും ആശങ്കകൾ പരിഹരിക്കുന്നതിൽ ബാങ്കിൻ്റെ തുടർച്ചയായ പരാജയത്തിനും പിന്നാലെയാണ് നടപടിയെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

നിരോധനം നിലവിലുള്ള ഉപഭോക്താക്കളെ ബാധിക്കില്ലെന്നും കൊട്ടകിന്റെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും സേവനങ്ങൾ തുടരാമെന്നും ആർബിഐ അറിയിച്ചു.

കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ പുതിയ ഉപഭോക്തൃ കൂട്ടിച്ചേർക്കലിനെയാണ് ഈ നടപടി ബാധിക്കുക. കാരണം പുതിയ അക്കൗണ്ട് തുറക്കുന്നതിൻ്റെ പ്രധാന ഭാഗം ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് ചാനലുകളിലൂടെയാണ് നടക്കുന്നത്. ആർബിഐ നടപടി കെഎംബിയുടെ ക്രെഡിറ്റ് കാർഡ് ബിസിനസിനും നന്നായി ബാധിക്കും. വിദഗ്ധരുടെ അഭിപ്രായത്തിൽ, പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനുള്ള സെൻട്രൽ ബാങ്കിൻ്റെ നിരോധനം ബാങ്കിൻ്റെ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ഡീലുകൾക്ക് കോട്ടം വരുത്താം.

മ്യൂച്വൽ ഫണ്ടുകൾക്ക് നഷ്ടമായത് 4,281 കോടി രൂപ

2023 മാർച്ചിലെ കണക്കനുസരിച്ച്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളിൽ ഏറ്റവും വലിയ നിക്ഷേപമുള്ള മ്യൂച്വൽ ഫണ്ട് ഹൗസാണ് എസ്ബിഐ, 13,855 കോടി രൂപ മൂല്യമുള്ള ഏകദേശം 7.52 കോടി ഓഹരികളാണ് എഎംസിയുടെ കയ്യിലുണ്ടായിരുന്നത്. നിലവിലിത് 12,600 കോടി രൂപയായി കുറഞ്ഞു, 1,200 കോടിയിലധികം രൂപയുടെ നഷ്ടം. യുടിഐ മ്യൂച്വൽ ഫണ്ട്, എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ എംഎഫ് എന്നിവ തൊട്ടു പിന്നിലുണ്ട്. യുടിഐ എംഎഫിന് 486 കോടി രൂപയും എച്ച്ഡിഎഫ്സി എംഎഫിന് 462 കോടി രൂപയും ഐസിഐസിഐ പ്രുഡൻഷ്യൽ എംഎഫിന് 461 കോടി രൂപയും നഷ്ടമായി.

മാർച്ചിലെ കണക്കനുസരിച്ച്, 36 മ്യൂച്വൽ ഫണ്ട് ഹൗസുകളാണ് കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ഓഹരികൾ കൈവശം വെച്ചിരിക്കുന്നത്. ഏകദേശം 47,229 കോടി രൂപയിലധികം വിലമതിക്കുന്നു 25.63 കോടി ഓഹരികൾ.

ബ്രോക്കറേജുകളുടെ നിർദ്ദേശം

കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളിലുണ്ടായ ഇടിവോടെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളും ഓഹരികളിലെ നിർദ്ദേശങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്.

ന്യൂട്രൽ റേറ്റിംഗുമായി സിറ്റി

ആർബിഐ നടപടി ബാങ്കിൻ്റെ വളർച്ചയെ ബാധിക്കുമെന്നാണ്‌ ബ്രോക്കറേജ് സ്ഥാപനമായ സിറ്റിയിലെ വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടത്. ഇത് ബാങ്കിന്റെ അറ്റ ​​പലിശ മാർജിനെയും (NIM) ഫീസ് വരുമാനത്തെയും പ്രതികൂലമായി സ്വാധീനിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. ഓഹരികളിൽ ‘ന്യൂട്രൽ’ റെക്കമെൻഡേഷനാണ് ബ്രോക്കറേജ് നൽകിയിരിക്കുന്നത്. ലക്ഷ്യ വിലയായി നൽകിയിരിക്കുന്നത് 2,040 രൂപയാണ്.

ലക്ഷ്യ വില വെട്ടിക്കുറച്ച് ജെഫറീസ്

കൊട്ടക്കിന് നിരോധനം ഏർപ്പെടുത്തുമ്പോൾ, കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിന്റെ ഡിജിറ്റൽ, സെക്യൂരിറ്റി പ്ലാറ്റ്‌ഫോമുകളിലെ വിടവുകൾ ആർബിഐ ചൂണ്ടിക്കാട്ടി. നിരോധനത്തെത്തുടർന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളിൽ 'ഹോൾഡ്' റെക്കമെൻഡേഷനാണ് ജെഫറീസ് നൽകിയിട്ടുള്ളത്. ലക്ഷ്യ വില 2,050 രൂപയിൽ നിന്ന് 1,970 രൂപയായും ബ്രോക്കറേജ് സ്ഥാപനം കുറച്ചു.

മക്വാരിയുടെ അഭിപ്രായം

മക്വാരിയുടെ അഭിപ്രായത്തിൽ, ഡിജിറ്റൽ ഓൺബോർഡിംഗിൻ്റെ നിരോധനം ഇടത്തരം കാലയളവിൽ ബാങ്കിൻ്റെ വളർച്ചാ സാധ്യതകളെ തടസ്സപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, കഴിഞ്ഞ നാല് വർഷത്തിനിടെ 350-ൽ താഴെ ശാഖകൾ മാത്രമാണ് നാക് കൂട്ടിച്ചേർത്തിട്ടുള്ളത്. പുതിയ ശാഖകൾ തുറക്കാനുള്ള ബാങ്കിൻ്റെ വിമുഖത മറ്റൊരു വെല്ലുവിളി ഉയർത്തുന്നതായി മക്വാരി അഭിപ്രായപ്പെടു.

ആർബിഐയുടെ നിയന്ത്രണ നടപടിയെത്തുടർന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളിൽ "ന്യൂട്രൽ" റേറ്റിംഗാണ് ബ്രോക്കറേജ് നൽകിയിരിക്കുന്നത്. ഓഹരിയൊന്നിന് 1,860 രൂപയാണ് ലക്ഷ്യ വിലയായി ബ്രോക്കറേജ് നിർദ്ദേശിച്ചിട്ടുള്ളത്.

നിർദ്ദേശങ്ങളിൽ മാറ്റമില്ലാതെ സിഎൽസ്എ

കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ '811' ന് വലിയ ഉപഭോക്തൃ അടിത്തറയുണ്ടെന്ന് ബ്രോക്കറേജ് എടുത്തുകാണിക്കുന്നു, പ്രധാനമായും ഇതിൽ കുറഞ്ഞ മൂല്യമുള്ള ഉപഭോക്താക്കളെയാണ് ഉൾക്കൊള്ളുന്നത്. അതിനാൽ, മൊത്തം സേവിംഗ്‌സ് ഡെപ്പോസിറ്റുകളിലേക്കുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൻ്റെ സംഭാവന താരതമ്യേന 8 ശതമാനം മാത്രമാണ്.

കൊട്ടക് ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡ് വിഭാഗം അതിവേഗ വളർച്ച കൈവരിക്കുമ്പോൾ, ബാങ്കിൻ്റെ മൊത്തം ലോൺ ബുക്കിൽ ഇത് 4 ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്. ഓഹരിയൊന്നിന് 2,100 രൂപ എന്ന ലക്ഷ്യത്തോടെ കൊട്ടക് ബാങ്കിൽ ബ്രോക്കറേജ് ‘ഔട്ട് പെർഫോം’ റേറ്റിംഗ് നിലനിർത്തി.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല