17 April 2024 9:30 AM GMT
ജുൻജുൻവാല പോർട്ട്‌ഫോളിയോയിൽ ഇടം നേടി കെഎം ഷുഗർ മിൽസ്; 5 ഓഹരികളിലെ പങ്കാളിത്തം വെട്ടിക്കുറച്ചു
MyFin Desk
Summary
- രേഖ ജുൻജുൻവാലയ്ക്ക് 26 സ്ഥാപനങ്ങളുടെ ഓഹരികളിലാണ് പങ്കാളിത്തമുണ്ടായിരുന്നത്
- 13 ഓഹരികളുടെ വിശദാംശങ്ങളാണ് മാർച്ചിൽ അവസാനിച്ച പാദത്തിൽ വ്യക്തമാക്കിയത്
- കാനറാ ബാങ്കിലെ 1.13 കോടി ഓഹരികളാണ് രേഖ ജുൻജുൻവാല വിറ്റഴിച്ചത്
പ്രമുഖ നിക്ഷേപകനായിരുന്ന രാകേഷ് ജുൻജുൻവാലയുടെ ഭാര്യയും അദ്ദേഹത്തിൻ്റെ പോർട്ട്‌ഫോളിയോയുടെ അവകാശിയുമായ രേഖ ജുൻജുൻവാല അഞ്ചു ഓഹരികളിലെ നിക്ഷേപങ്ങൾ വെട്ടിക്കുറച്ചു. മാർച്ചിൽ അവസാനിച്ച പാദത്തിലാണ് പുതിയ വിവരങ്ങൾ പുറത്തു വിട്ടത്.
2023 ഡിസംബർ പാദത്തിൽ രേഖ ജുൻജുൻവാലയ്ക്ക് 26 സ്ഥാപനങ്ങളുടെ ഓഹരികളിലാണ് പങ്കാളിത്തമുണ്ടായിരുന്നത്. അതിൻ്റെ മൂല്യം ഏകദേശം 4.9 ബില്യൺ ഡോളറാണെന്ന് ബ്ലൂംബെർഗ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതിൽ നിന്നും 13 ഓഹരികളുടെ പങ്കാളിത്തമാണ് മാർച്ചിൽ അവസാനിച്ച പാദത്തോടെ രേഖ വെളിപ്പെടുത്തിയത്. അവയിൽ അഞ്ചു പ്രധാന കമ്പനികളിലെ പങ്കാളിത്തം ചുരുക്കിയതായി കാണാം. ക്രിസിൽ, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ഫോർട്ടിസ് ഹെൽത്ത് കെയർ, രാഘവ് പ്രൊഡക്ടിവിറ്റി എൻഹാൻസേഴ്‌സ്, എൻസിസി, കാനറ ബാങ്ക് എന്നിവയിലെ ഓഹരി പങ്കാളിത്തമാണ് രേഖ ജുൻജുൻവാല കുറച്ചിരിക്കുന്നത്. ആറ് കമ്പനികളിലെ ഓഹരി പങ്കാളിത്തം മാറ്റമില്ലാതെ തുടരുന്നു.
ഈ കാലയളവിൽ ജുൻജുൻവാല പോർട്ട്‌ഫോളിയോയിൽ ഇടം നേടിയ ഏക ഓഹരി കെഎം ഷുഗർ മിൽസിൻറെയാണ്. കമ്പനിയുടെ ഏകദേശം അഞ്ചു ലക്ഷം ഓഹരികളാണ് രേഖ സ്വന്തമാക്കിയത്. ഇത് കമ്പനിയിലെ 0.54 ശതമാനം ഓഹരി പങ്കാളിത്തമാണ്.
ക്രിസിലിലെ 20,000 ഓഹരികളാണ് രേഖ ജുൻജുൻവാല വിറ്റത്. ഇതോടെ മുൻ പാദത്തിലെ കമ്പനിയിലുണ്ടായിരുന്ന 5.47 ശതമാനം ഓഹരി പങ്കാളിത്തം 5.44 ശതമാനമായി കുറഞ്ഞു. അതുപോലെ, ടാറ്റ കമ്മ്യൂണിക്കേഷൻസിലെ 7.34 ലക്ഷം ഓഹരികൾ വിറ്റഴിച്ചു. മാർച്ചിലെ കണക്കനുസരിച്ച് കമ്പനിയിലെ ഓഹരി പങ്കാളിത്തം 1.84 ശതമാനത്തിൽ നിന്ന് 1.58 ശതമാനമായി കുറഞ്ഞു.
ഫോർട്ടിസ് ഹെൽത്ത്‌കെയറിന്റെ 44.28 ലക്ഷം ഓഹരികളും വിറ്റു. ഇത് മുൻ പാദത്തിൽ കമ്പനിയിലുണ്ടായിരുന്ന 4.66 ശതമാനം ഓഹരി പങ്കാളിത്തം 4.07 ശതമാനത്തിലേക്കെത്തിച്ചു. രാഘവ് പ്രൊഡക്ടിവിറ്റി എൻഹാൻസേഴ്സിലെ 12,400 ഓഹരികൾ വിറ്റതോടെ കമ്പനിയിലെ ഓഹരി പങ്കാളിത്തം 5.12 ശതമാനത്തിൽ നിന്ന് 5.06 ശതമാനമായി.
എൻസിസിയിലെ 38.07 ലക്ഷം ഓഹരികൾ വിറ്റു. ഓഹരി പങ്കാളിത്തം 13.09 ശതമാനത്തിൽ നിന്ന് 12.49 ശതമാനമായി കുറഞ്ഞു. കാനറ ബാങ്കിൽ അവർക്കുണ്ടായ 2.07 ശതമാനം ഓഹരി പങ്കാളിത്തം പുതിയ കണക്കനുസരിച്ച് 1.45 ശതമാനമായി കുറഞ്ഞു. ഈ കാലയളവിൽ ബാങ്കിലെ 1.13 കോടി ഓഹരികളാണ് രേഖ ജുൻജുൻവാല വിറ്റഴിച്ചത്.
ആപ്‌ടെക്, എൻസിസി, നസാര ടെക്നോളജീസ്, ജിയോജിത് ഫിനാൻഷ്യൽ സർവീസ്, വിഎ ടെക് വാബാഗ്, അഗ്രോ ടെക് ഫുഡ്സ്, സിംഗർ ഇന്ത്യ, ജൂബിലിയൻ്റ് ഫാർമോവ, ക്രിസിൽ, ടൈറ്റൻ കമ്പനി, രാഘവ് പ്രൊഡക്ടിവിറ്റി എൻഹാൻസേഴ്‌സ്, ഫോർട്ടിസ് ഹെൽത്ത് കെയർ, ജുബിലൻ്റ് ഇൻഗ്രേവിയ, സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി, ഓട്ടോലൈൻ ഇൻഡസ്ട്രീസ്, ഫെഡറൽ ബാങ്ക്, കനറാ ബാങ്ക്, ഇന്ത്യൻ ഹോട്ടൽസ് കമ്പനി, വോക്കാർഡ്, സൺ ഫാർമ അഡ്വാൻസ്ഡ് റിസർച്ച്, ടാറ്റ കമ്മ്യൂണിക്കേഷൻസ്, എസ്കോർട്ട്സ് കുബോട്ട, ടാറ്റ മോട്ടോഴ്സ്, ഡിബി റിയൽറ്റി എന്നീ 26 കമ്പനികളുടെ ഓഹരികളാണ് നിലവിൽ രേഖ ജുൻജുൻവാലയുടെ കൈവശമുള്ളത്.