19 Jan 2024 6:39 AM GMT
Summary
- നേരത്തേ നല്‍കിയ സമന്‍സുകളില്‍ തോമസ് ഐസക് ഹാജരായില്ല
- ഇഡിക്കെതിരേ നല്‍കിയ ഹര്‍ജിയില്‍ കിഫ്ബിക്ക് അനുകൂല വിധി ലഭിച്ചിരുന്നു
- തിങ്കളാഴ്ച ഹാജരാകാനാണ് പുതിയ നിര്‍ദേശം
കിഫ്ബി മസാല ബോണ്ട് പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് മുന്‍ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരേ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് വീണ്ടും നോട്ടീസ് അയച്ചു. തിങ്കളാഴ്ച കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകണമെന്നാണ് ഇഡി നിര്‍ദേശിച്ചിട്ടുള്ളത്. കിഫ്ബിയുടെ തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ടെന്നും ഇതില്‍ ഫെമ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നുമാണ് ഇഡി പറയുന്നത്.
അന്വേഷണത്തിന്‍റെ പേരില്‍ ഒന്നരവര്‍ഷത്തോളമായി ബുദ്ധിമുട്ടിക്കുകയാണെന്ന് കാണിച്ച് കിഫ്ബിയും തോമസ് ഐസക്കും സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി അവര്‍ക്ക് അനുകൂലമായി വിധി നല്‍കിയിരുന്നു. അതുവരെ നല്‍കിയ സമന്‍സുകള്‍ ഇഡി പിന്‍വലിക്കാന്‍ തയാറായതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിച്ചത്.
അന്വേഷണത്തിന്‍റെ പേരില്‍ വസ്തുതാ വിരുദ്ധമായ പ്രഖ്യാപനങ്ങളും പ്രചാരണങ്ങളും നടത്തരുതെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.അന്വേഷണം നിര്‍ത്തിവെക്കണമെന്ന കിഫ്ബിയുടെ വാദം കോടതി അംഗീകരിച്ചിട്ടില്ല. അന്വേഷണ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ നല്‍കാമെന്ന ഇഡിയുടെ നിർദേശവും തള്ളിക്കളഞ്ഞിരുന്നു. ഒന്നര വര്‍ഷത്തിലേറെയായിട്ടും കേസിന്‍റെ അടിസ്ഥാനം വ്യക്തമാക്കാന്‍ ഇഡിക്ക് സാധിച്ചിരുന്നില്ല.
ഇതിനു ശേഷമാണ് തോമസ് ഐസക്കിനെതിരേ വീണ്ടും നോട്ടീസ് അയക്കാന്‍ ഇഡി തയാറായത്. ഹാജരാകാന്‍ അദ്ദേഹം തയാറാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. സംസ്ഥാനത്തെ പശ്ചാത്തല സൌകര്യ വികസന പദ്ധതികള്‍ക്കായാണ് കിഫ്ബി പണം ചെലവഴിച്ചിട്ടുള്ളതെന്നും ഒരു വ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നുമാണ് കിഫ്ബി വാദിക്കുന്നത്. ബോണ്ട് പുറത്തിറക്കുന്നതിന് ആവശ്യമായ എല്ലാ നിയമപരമായ അനുമതികളും ലഭിച്ചിട്ടുണ്ട് എന്നും കിഫ്ബിയും തോമസ് ഐസക്കും ചൂണ്ടിക്കാട്ടി.