19 March 2024 12:26 PM GMT
കേരള കമ്പനികൾ ഇന്ന്; കന്നി വ്യാപരം ചുവപ്പിലവസാനിപ്പിച്ച് പോപ്പുലർ
Ahammed Rameez Y
Summary
- ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 7.06 ശതമാനം ഉയർന്നു
- മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 1.54 ശതമാനം ഇടിഞ്ഞു
- സൗത്ത് ഇന്ത്യൻ ബാങ്ക് 3.10 ശതമാനം ഇടിഞ്ഞു
വിപണിയിലെത്തിയ ആദ്യ ദിനം പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിൽ. ഇഷ്യൂ വിലയായിരുന്ന 295 രൂപയിൽ നിന്നും 6.39 ശതമാനം താഴ്ന്ന ഓഹരികൾ 276.15 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ ഇന്നത്തെ താഴ്ന്ന വില 262.40 രൂപയും ഉയർന്ന വില 289.20 രൂപയുമാണ്. ആദ്യ വ്യാപാരത്തിൽ 45.18 ലക്ഷം ഓഹരികളുടെ വ്യാപരമാണ് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1,966.85 കോടി രൂപയിലെത്തി.
ഇഷ്യൂ വിലയായ 295 രൂപയിൽ നിന്നും 1.97 ശതമാനം കിഴിവിലാണ് ഓഹരികൾ വിപണിയിലെത്തിയത്. ലിസ്റ്റിംഗ് വില 289.20 രൂപയായിരുന്നു. ഓഹരിയൊന്നിന് 5.80 രൂപയുടെ നഷ്ടം. ഇഷ്യൂവിലൂടെ 601.55 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.
ഇന്നത്തെ വ്യാപാരത്തിൽ ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 7.06 ശതമാനം ഉയർന്ന് 35.95 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 4.98 ശതമാനം നേട്ടം നൽകി 171.65 രൂപയിലെത്തി. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 2.35 ശതമാനത്തിന്റെ വർധനയോടെ 150 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ഓഹരികൾ 1.79 ശതമാനം ഉയർന്നു. നേരിയ നേട്ടത്തോടെ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിങ് ഓഹരികൾ നിന്നും സിഎസ്ബി ബാങ്ക് ഓഹരികൾ 1.64 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.52 ശതമാനവും ഫെഡറൽ ബാങ്ക് 0.10 ശതമാനവും ഉയർന്നപ്പോൾ ധനലക്ഷ്മി ബാങ്ക് 2.57 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 3.10 ശതമാനവും ഇടിഞ്ഞു.
കിറ്റെക്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.28 ശതമാനം ഇടിഞ്ഞ് 188.20 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 2.18 ശതമാനം താഴ്ന്ന് 260.20 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ഓഹരികൾ 1.69 ശതമാനം നഷ്ടത്തിൽ 366.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 1.54 ശതമാനം ഇടിഞ്ഞു. നേരിയ ഇടിവോടെ ഫാക്ട് ഓഹരികൾ വ്യാപരം അവസാനിപ്പിച്ചു.