21 March 2024 12:46 PM GMT
Summary
- മണപ്പുറം ഫൈനാൻസ് ഓഹരികൾ 3.66% ഉയർന്നു
- പോപ്പുലർ ഓഹരികൾ 1.58 ശതമാനം ഉയർന്ന് 289.25 രൂപയിലെത്തി
- വണ്ടർലാ ഓഹരികൾ നേരിയ ഇടിവോടെ 881.55 രൂപയിൽ ക്ലോസ് ചെയ്തു
പലിശ നിരക്കിൽ മാറ്റമില്ലെന്ന യുഎസ് ഫെഡിന്റെ പ്രഖ്യാപനത്തിനെ തുടർന്ന് സ്വർണ വില റെക്കോർഡ് ഉയരത്തിൽ എത്തി. സ്വർണ വില ഉയർന്നതോടെ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് ഓഹരികളും കുതിച്ചുയർന്നു. തുടക്ക വ്യാപാരം മുതൽ നേട്ടത്തിലായിരുന്ന മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ക്ലോസ് ചെയ്തത് 7.14 ഉയർന്നാണ്. ക്ലോസിങ് വില 1434.45 രൂപ. ഏകദേശം 16.39 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 53,741 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 1537.35 രൂപയും താഴ്ന്ന വില 939 രൂപയുമാണ്.
മണപ്പുറം ഫൈനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.66 ശതമാനം നേട്ടത്തോടെ 172.60 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികൾ 4.൯൯ ശതമാനം ഉയർന്ന് 269.30 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.86 ശതമാനം വർദ്ധനവോടെ 378.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 2.06 ശതമാനം നേട്ടം നൽകി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ രണ്ടു ശതമാനം ഉയർന്നു. ഫാക്ട് ഓഹരികൾ 1.83 ശതമാനം വർധനവോടെ 643.85 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ ഓഹരികൾ 1.58 ശതമാനം ഉയർന്ന് 289.25 രൂപയിലെത്തി. നേരിയ നേട്ടത്തോടെ മുത്തൂറ്റ് മൈക്രോഫിൻ, കിറ്റെക്സ് ഓഹരികൾ ക്ലോസ് ചെയ്തു.
ബാങ്കിങ് ഓഹരികളിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് 1.80 ശതമാനവും ഫെഡറൽ ബാങ്ക് 1.70 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.52 ശതമാനവും സിഎസ്ബി ബാങ്ക് 0.37 ശതമാനം ഉയർന്നപ്പോൾ ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.70 ശതമാനം ഇടിഞ്ഞു.
ഗുജറാത്ത് ഇൻജെക്ട് ഓഹരികൾ 4.92 ശതമാനം താഴ്ന്നു. ഹാരിസൺസ് മലയാളം ഓഹരികൾ 2.97 ശതമാനം ഇടിഞ്ഞ് 174.50 രൂപയിലെത്തി. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.64 ശതമാനത്തിന്റെ നഷ്ടത്തോടെ 35 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികൾ നേരിയ ഇടിവോടെ 881.55 രൂപയിൽ ക്ലോസ് ചെയ്തു.