image

5 March 2024 12:21 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ മണപ്പുറം ഫൈനാൻസ്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ മണപ്പുറം ഫൈനാൻസ്
X

Summary

  • കുതിച്ചുയർന്ന് മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ
  • സിഎസ്ബി ബാങ്ക് ഓഹരികൾ 5.80 % ഉയർന്നു
  • ഇടിവ് തുടർന്ന് കേരള ആയുർവേദ ഓഹരികൾ


മാർച്ച് അഞ്ചിലെ വ്യാപാരത്തിൽ മണപ്പുറം ഫൈനാൻസ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. തുടക്ക വ്യാപാരം മുതൽ കുതിച്ചുയർന്ന ഓഹരികൾ ഉയർന്ന വിലയായ 199 രൂപ തൊട്ടു. ഗോൾഡ് ലോൺ പോർട്ട്‌ഫോളിയോയിലെ മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകളുടെ പേരിൽ ഐഐഎഫ്എൽ ഫിനാൻസിന്മേൽ ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേന്ദ്ര ബാങ്കിന്റെ നിയന്ത്രണങ്ങളെ തുടർന്ന് ഐഐഎഫ്എൽ ഫിനാൻസ് ഓഹരികൾ 20 ശതമാനം ലോവർ സർക്യൂട്ടിലെത്തി.

ഇതിനെ തുടർന്ന് സമാന മേഖലയിലെ എതിരാളികളായ മണപ്പുറം, മുത്തൂറ്റ് ഫിനാൻസ് എന്നിവയുടെ ഓഹരികൾ 14 ശതമാനത്തോളം ഉയർന്നു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിനേക്കാൾ നാല് ശതമാനം ഉയർന്ന് 1,398.05 രൂപ വരെയെത്തി തുടർച്ചയായ അഞ്ചാം ദിവസവും ഓഹരികൾ നേട്ടം കൈവരിച്ചു.. മണപ്പുറം ഫിനാൻസ് ഓഹരികൾ 2020 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ നേട്ടമാണ് രേഖപ്പെടുത്തിയത്. ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.28 ശതമാനം ഉയർന്ന് 186.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 4.45 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 15,566 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 102 രൂപയാണ്.

ഇന്നത്തെ വ്യാപാരത്തിൽ കുതിച്ചുയർന്ന മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ വ്യാപാരവസാനം 1.83 ശതമാനം നേട്ടത്തോടെ 1362.40 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.29 ശതമാനം വർദ്ധനവോടെ 542 രൂപയിലെത്തി. കൊച്ചിൻ മിനറൽസാ ആൻഡ് റൂട്ടൈൽ ഓഹരികൾ 0.64 ശതമാനം ഉയർന്നു. നേരിയ നേട്ടത്തോടെ ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികളും ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികളിൽ നിന്നും സിഎസ്ബി ബാങ്ക് 5.80 ശതമാനം ഉയർന്ന് 369.20 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 2.23 ശതമാനം ഉയർന്ന് 32.10 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് 1.04 ശതമാനത്തിന്റെ നേട്ടത്തോടെ 155.20 രൂപയിലെത്തി. നേരിയ നേട്ടത്തിൽ ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് വ്യാപാരം അവസാനിപ്പിച്ചു. ധനലക്ഷ്മി ബാങ്ക് 1.08 ശതമാനം ഇടിഞ്ഞു.

ഇടിവ് തുടർന്ന് കേരള ആയുർവേദ ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ 1.62 ശതമാനം ഇടിഞ്ഞു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.79 ശതമാനം താഴ്ന്ന് 453.30 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 1.40 ശതമാനത്തിന്റെ നഷ്ടത്തോടെ 236.60 രൂപയിൽ ക്ലോസ് ചെയ്തു. വി ഗാർഡ് ഓഹരികൾ 1.49 ശതമാനം താഴ്ന്നു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.39 ശതമാനം ഇടഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.57 ശതമാനവും താഴ്ന്നു. നേരിയ ഇടിവോടെ ഫാക്ട് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.