image

15 Feb 2024 12:50 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് കല്യാൺ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് കല്യാൺ
X

Summary

  • സർവകാല ഉയരത്തിൽ ആസ്റ്റർ ഹെൽത്ത് കെയർ
  • ഇടിവിലായിരുന്ന ഫാക്ട് ഓഹരികൾ നേട്ടത്തിൽ
  • മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ഇടിഞ്ഞു


ഫെബ്രുവരി 15ലെ വ്യാപാരത്തിൽ പുതിയ ഉയരങ്ങൾ താണ്ടി കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ. തുടക്കവ്യാപാരം മുതൽ കുതിച്ചുയർന്ന ഓഹരികൾ സർവകാല ഉയരമായ 409.70 രൂപയിലെത്തി. വിപണിയിൽ 63.44 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 37540 കോടി രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.52 ശതമാനം ഉയർന്ന ഓഹരികൾ 391.65 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 100.95 രൂപ.

ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന വിലയിലെത്തി. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 478.30 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 440.20 രൂപയിൽ നിന്നും 7.60 ശതമാനം ഉയർന്ന ഓഹരികൾ 473.65 രൂപയിൽ ക്ലോസ് ചെയ്തു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 21969 കോടി രൂപയിലെത്തി. ഏകദേശം 25.73 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് ഇന്ന് വിപണിയിൽ നടന്നത്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 209.55 രൂപ.

ഇടിവിലായിരുന്ന ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 4.50 ശതമാനം ഉയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും ഓഹരികൾ 38 രൂപ ഉയർന്ന് 778.10 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫൈനാൻസ് ഓഹരികൾ നേട്ടം തുടരുന്നു. ഇന്ന് ഓഹരികൾ രണ്ടു ശതമാനം നേട്ടം നൽകി, ക്ലോസിങ് വില 186.20 രൂപ. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.59 ശതമാനം ഉയർന്നു. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 1.44 ശതമാനം വർധന രേഖപ്പെടുത്തി.

ബാങ്കിങ് ഓഹരികളിൽ നിന്നും നേട്ടം വിടാതെ ധനലക്ഷ്മി ബാങ്ക്. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിലും 4.95 ശതമാനം ഉയർന്നു. ഫെഡറൽ ബാങ്ക് ഓഹരികൾ 4.78 ശതമാനത്തിന്റെ നേട്ടത്തോടെ 156.60 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് 1.47 ശതമാനവും സിഎസ്ബി ബാങ്ക് 0.90 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 1.08 ശതമാനവും ഉയർന്നു.

മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.60 ശതമാനം ഇടിഞ്ഞ് 1343.35 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ 0.21 ശതമാനം താഴ്ന്നു. വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 3.48 ശതമാനത്തിന്റെ ഇടിവിൽ 181.45 രൂപയിലെത്തി.