19 Feb 2024 12:38 PM GMT
Summary
- സർവകാല ഉയരത്തിൽ ഫെഡറൽ ബാങ്ക്
- കിറ്റെക്സ് ഓഹരികൾ 6.07% നേട്ടം നൽകി
- കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ ഇടിഞ്ഞു
ഫെബ്രുവരി 19ലെ വ്യാപാരത്തിൽ സർവകാല ഉയരം തൊട്ട് ഫെഡറൽ ബാങ്ക് ഓഹരികൾ. തുടക്ക വ്യാപാരത്തിൽ കുതിച്ചുയർന്ന ഓഹരികൾ വ്യാപാരവസാനം 1.06 ശതമാനം ഇടിഞ്ഞു. ഇടവ്യാപാരത്തിലാണ് ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 166.35 രൂപയിലെത്തിയത്. കഴിഞ്ഞ ആഴ്ച്ച മാത്രം ഓഹരികൾ ഉയർന്നത് 11.81 ശതമാനമാണ്. ഏകദേശം 1.49 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 40067 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 121 രൂപയാണ്.
മറ്റു ബാങ്കിങ് ഓഹരികളിൽ നിന്നും ധനലക്ഷ്മി ബാങ്ക് 4.92 ശതമാനം ഉയർന്ന് 50.15 രൂപയിലെത്തി. ഇസാഫ് സ്മോൾ ഫൈനാൻസ് ബാങ്ക് 1.57 ശതമാനം നേട്ടത്തോടെ 64.85 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 0.19 ശതമാനം ഉയർന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് വ്യാപാരവസാനം 2.72 ശതമാനം ഇടിഞ്ഞു.
കുതിച്ചുയർന്ന് ഫാക്ട് ഓഹരികൾ. FTSE ഓൾ-വേൾഡ് ഇൻഡക്സിൻ്റെ ഏറ്റവും പുതിയ പട്ടികയിൽ ഇടം പിടിച്ചതോടെയാണ് ഓഹരികൾ ഉയർന്നത്. വ്യാപാരവസം 6.16 ശതമാനം ഉയർന്ന ഓഹരികൾ 831.15 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 6.07 ശതമാനം നേട്ടത്തോടെ 277.80 രൂപയിലെത്തി. ഇടിവിലായിരുന്ന കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.91 ശതമാനം ഉയർന്ന് 317.05 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ 2.72 നേട്ടം നൽകി. കൊച്ചിൻ ഷിപ്പ് യാർഡ് 1.40 ശതമാനത്തിന്റെ നേട്ടത്തോടെ 851 രൂപയിലെ വ്യാപാരം അവസാനിപ്പിച്ചു.
കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.72 ശതമാനം ഇടിഞ്ഞ് 374.15 രൂപയിലെത്തി. മണപ്പുറം ഫൈനാൻസ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.61 ശതമാനം താഴ്ന്നു. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 1.03 ശതമാനം നഷ്ടത്തോടെ 77.10 രൂപയിലെത്തി. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ നേരിയ ഇടിവിൽ ക്ലോസ് ചെയ്തു.