25 Jan 2024 11:30 AM GMT
Summary
- 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ ധനലക്ഷ്മി ബാങ്ക് ഓഹരികൾ
- ജിയോജിത് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ടു
- വണ്ടർലാ ഓഹരികൾ 3.40 ശതമാനം ഇടിഞ്ഞു
ജനുവരി 25ലെ വ്യാപാരത്തിൽ സർവകാല ഉയരം തൊട്ട് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട്) ഓഹരികൾ. വ്യാപാരമധ്യേ ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായി 908 രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 192 രൂപയാണ്. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 10 ശതമാനത്തോളമാണ്. ഏകദേശം 49.22 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 53218 കോടി രൂപയിൽ എത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.81 ശതമാനം ഉയർന്ന ഓഹരികൾ 886.85 രൂപ[ഓയിൽ ക്ലോസ് ചെയ്തു.
ധനലക്ഷ്മി ബാങ്ക് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. ഓഹരികൾ ഇടവ്യാപാരത്തിൽ ഉയർന്ന വിലയായ 51.20 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 10 ശതമാനം ഉയർന്നതാണിത്. മറ്റ് ബാങ്കിങ് ഓഹരികളിൽ നിന്നും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.65 ശതമാനവും സിഎസ്ബി ബാങ്ക് 0.40 ശതമാനവും ഉയർന്നപ്പോൾ ഫെഡറൽ ബാങ്ക് 0.28 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 2.28 ശതമാനവും താഴ്ന്നു.
ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 90 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 3.70 ശതമാനം ഉയർന്ന ഓഹരികൾ 88.20 രൂപയിൽ വ്യാപാരം നിർത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.38 ശതമാനം ഉയർന്ന് 871.60 രൂപയിലെത്തി. നഷ്ട്ടത്തിലായിരുന്ന മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ 0.28 ശതമാനം ഉയർന്നു. മണപ്പുറം ഫൈനാൻസ് ഓഹരികൾ 1.98 ശതമാനം നേട്ടമുണ്ടാക്കി.
വണ്ടർലാ ഓഹരികൾ 3.40 ശതമാനത്തിന്റെ ഇടിവിൽ 851.60 രൂപയിലെത്തി. കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 1.81 ശതമാനം താഴ്ന്നു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.11 ശതമാനം ഇടിഞ്ഞു.