21 May 2024 12:15 PM GMT
കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി കൊച്ചിന് ഷിപ്പ്യാര്ഡ്, ഇന്ന് കുതിച്ചത് 10%
Ahammed Rameez Y
Summary
- കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 10 ശതമാനം നേട്ടമുണ്ടാക്കി
- ധനലക്ഷ്മി ബാങ്ക് 4.37 ശതമാനം ഉയർന്ന് 44.20 രൂപയിലെത്തി
- കുത്തനെ ഇടിഞ്ഞ് വണ്ടർലാ ഓഹരികൾ
മെയ് 21ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയർന്നു. വ്യാപാരമധ്യേ ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 1696 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 10.57 ശതമാനം ഉയർന്ന ഓഹരികൾ 1641 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 1.74 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 39,036 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 234.48 രൂപയാണ്. കഴിഞ്ഞ ആഴ്ചയിൽ ഓഹരികൾ ഉയർന്നത് 20.69 ശതമാനമാണ്. കഴിഞ്ഞ മാസം 49.56 ശതമാനം ഉയർന്ന ഓഹരികൾ മാസാദ്യം മുതൽ ഇതുവരെ നൽകിയത് 25.85 ശതമാനം നേട്ടമാണ്. നടപ്പ് വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ കുതിച്ചത് 142.40 ശതമാനം.
കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 10 ശതമാനം നേട്ടമുണ്ടാക്കി 2215.05 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ഓഹരികൾ 3.66 ശതമാനം ഉയർന്ന് 309.95 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 3.18 ശതമാനം വർദ്ധനവോടെ 309.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 3.04 ശതമാനം ഉയർന്നു. വി ഗാർഡ് ഓഹരികൾ 1.07 ശതമാനം വർധന രേഖപ്പെടുത്തി. നേരിയ നേട്ടത്തോടെ ഫാക്ട്, മുത്തൂറ്റ് കാപ്പിറ്റൽ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 4.37 ശതമാനം ഉയർന്ന് 44.20 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് 1.07 ശതമാനം നേട്ടത്തോടെ 28.25 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് 0.12 ശതമാനവും സിഎസ്ബി ബാങ്ക് 1.94 ശതമാനവും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 2.07 ശതമാനവും ഇടിഞ്ഞു.
കുത്തനെ ഇടിഞ്ഞ് വണ്ടർലാ ഓഹരികൾ, 3.04 ശതമാനം താഴ്ന്ന ഓഹരികൾ 862.05 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 2.83 ശതമാനം നഷ്ടത്തോടെ 401.50 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്സ് ഓഹരികൾ 2.03 ശതമാനം ഇടിവോടെ 482.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 0.99 ശതമാനം താഴ്ന്ന് 224 രൂപയിലെത്തി. നേരിയ ഇടിവോടെ മണപ്പുറം ഫിനാൻസ്, പോപ്പുലർ ഓഹരികൾ ക്ലോസ് ചെയ്തു.