15 March 2024 12:14 PM GMT
കേരള കമ്പനികൾ ഇന്ന്; രണ്ടു ദിവസത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഉയർന്നത് 20%
Ahammed Rameez Y
Summary
- ഇടിവ് തുടർന്ന് കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ
- സൗത്ത് ഇന്ത്യൻ ബാങ്ക് 9.17 ശതമാനം ഉയർന്നു
- ഫാക്ട് ഓഹരികൾ 3.34 ശതമാനം ഇടിഞ്ഞു
ഇടിവിലായിരുന്ന കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കഴിഞ്ഞ രണ്ടു സെഷനുകളിലായി കുതിച്ചുയർന്നു. ഓഹരികൾ രണ്ടു ദിവസം കൊണ്ട് ഉയർന്നത് 20 ശതമാനത്തിലധികമാണ്. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 804.30 രൂപയിൽ നിന്നും 10.71 ശതമാനം ഉയർന്ന ഓഹരികൾ 890.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരമധ്യേ ഓഹരികൾ 905 രൂപവരെ എത്തിയിരുന്നു. ഏകദേശം 1.18 കോടി ഓഹരികളുടെ വ്യാപാരമാണ് വിപണിയിൽ ഇന്ന് നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 21,194 കോടി രൂപയിലെത്തി. മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ 1.75 ശതമാനം ഉയർന്നു. കഴിഞ്ഞ മാസം ഓഹരികൾ നാല് ശതമാനത്തോളം ഇടിഞ്ഞിരുന്നു. കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരികൾ 153 ശതമാനമാണ് ഉയർന്നത്. നടപ്പ് വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ 31 ശതമാനം നേട്ടം നൽകി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 945 രൂപയും താഴ്ന്നത് 205.20 രൂപയുമാണ്.
ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.06 ശതമാനം ഉയർന്ന് 433.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നേരിയ നേട്ടത്തോടെ മണപ്പുറം ഫൈനാൻസ് ഓഹരികൾ 165.75 രൂപയിൽ ക്ലോസ് ചെയ്തു.
ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 9.17 ശതമാനവും ഫെഡറൽ ബാങ്ക് 3.01 ശതമാനവും ധനലക്ഷ്മി ബാങ്ക് 2.59 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.70 ശതമാനവും ഉയർന്നപ്പോൾ സിഎസ്ബി ബാങ്ക് ഓഹരികൾ 2.87 ശതമാനം ഇടിഞ്ഞു.
ഇടിവ് തുടർന്ന് കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.08 ശതമാനം താഴ്ന്ന് 370.05 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 3.34 ശതമാനം ഇടിഞ്ഞ് 652.10 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 5.89 ശതമാനം നഷ്ടത്തിൽ 472.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 1.87 ശതമാനം ഇടിഞ്ഞു. നേരിയ ഇടിവോടെ മുത്തൂറ്റ് മൈക്രോഫിൻ, വണ്ടർലാ ഹോളിഡേയ്‌സ്, കിറ്റിക്സ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.