image

14 May 2024 12:23 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കൊച്ചിൻ ഷിപ്പ് യാർഡ് ഉയർന്നത് 12%

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കൊച്ചിൻ ഷിപ്പ് യാർഡ് ഉയർന്നത് 12%
X

Summary

  • ജിയോജിത് ഓഹരികൾ 6.71 ശതമാനം നേട്ടം നൽകി
  • മണപ്പുറം ഫിനാൻസ് ഓഹരികൾ ഒരു ശതമാനത്തിലധികം ഉയർന്നു
  • സൗത്ത് ഇന്ത്യൻ ബാങ്ക് 2.96 ശതമാനം ഉയർന്ന് 27.85 രൂപയിലെത്തി


മെയ് 14ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 12.38 ശതമാനം ഉയർന്ന ഓഹരികൾ 1343.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസ്സലിൻ്റെ (ഹൈബ്രിഡ് എസ്ഒവി) രൂപകല്പനയ്ക്കും നിർമാണത്തിനുമായുള്ള കരാർ നേടിയതോടെയാണ് ഓഹരികൾ നേട്ടത്തിലെത്തിയത്. യൂറോപ്യൻ ക്ലയൻ്റിൽനിന്നുമാണ് കരാർ നേടിയതെന്ന് കമ്പനി വ്യക്തമാക്കി.

വാർത്തകളെ തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്നത്തെ ആദ്യ ഘട്ട വ്യാപാരം മുതൽ കുതിപ്പിലായിരുന്നു. ഊർജക്ഷമത മെച്ചപ്പെടുത്തുകയും കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ചെയ്യുന്ന ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങളാണ് കപ്പലിൽ സജ്ജീകരിക്കുക.

നടപ്പ് വർഷം ഇതുവരെ ഓഹരികൾ നൽകിയത് 96.45 ശതമാനം നേട്ടമാണ്. കഴിഞ്ഞ മാസം മാത്രം ഓഹരികൾ ഉയർന്നത് 46.56 ശതമാനമാണ്. ഇന്നത്തെ വ്യാപാരത്തിൽ ഏകദേശം 1.22 കോടി ഓഹരികളുടെ വ്യാപാരമാണ് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 34,782 കോടി രൂപ കടന്നു.

ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 6.71 ശതമാനം നേട്ടം നൽകി 105 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടായിൽ ഓഹരികൾ 4.21 ശതമാനം വർദ്ധനവോടെ 302.10 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 2.90 ശതമാനം ഉയർന്ന് 255.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കേരള ആയുർവേദ ഓഹരികൾ 2.64 ശതമാനം നേട്ടം നൽകി. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.59 ശതമാനം നേട്ടത്തോടെ 302.60 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ ഒരു ശതമാനത്തിലധികം ഉയർന്നു. നേരിയ നേട്ടത്തോടെ വണ്ടർലാ ഓഹരികളും ക്ലോസ് ചെയ്തു.



ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 2.96 ശതമാനം ഉയർന്ന് 27.85 രൂപയിലെത്തി. ഫെഡറൽ ബാങ്ക് 1.36 ശതമാനം നേട്ടം നൽകി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.27 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.94 ശതമാനവും സിഎസ്ബി ബാങ്ക് 1.97 ശതമാനവും ഇടിഞ്ഞു.

മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 0.85 ശതമാനം താഴ്ന്ന് 1677.30 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 0.77 ശതമാനം ഇടിഞ്ഞ് 474.15 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 0.70 ശതമാനം നഷ്ടം നൽകി 397.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.45 ശതമാനം ഇടിഞ്ഞ് 39 രൂപയിലെത്തി.