25 Aug 2023 6:39 AM
Summary
- നാലു ദിവസത്തെ ഇടിവിന് ശേഷം കയറ്റം
- തിങ്കളാഴ്ച ആയിരുന്നു ജിയോഫിനിന്‍റെ വിപണി അരങ്ങേറ്റം
ഏറെ ഹൈപ്പോടെ എത്തുകയും തുടര്‍ച്ചയായ നാലു ദിനങ്ങളില്‍ ഇടിവ് രേഖപ്പെടുത്തുകയും ചെയ്ത ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡിന്‍റെ ഓഹരി ഇന്ന് ആദ്യമായി പച്ച കത്തിച്ചു. ഇന്ന് 12.03 നുള്ള വിവരം അനുസരിച്ച് 223.80 രൂപയ്ക്കാണ് ഓഹരിയുടെ വില്‍പ്പന നടക്കുന്നത്. അതായത് ഇന്നലത്തെ വിലയില്‍ നിന്ന് 4.85 ശതമാനത്തിന്‍റെ മുന്നേറ്റം. വിപണി മൂല്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായാണ് ജിയോ ഫിന്‍ ഇപ്പോള്‍ നിലകൊള്ളുന്നത്.
262 രൂപ എന്ന വിലയിലാണ് തിങ്കളാഴ്ച ജിയോ ഫിന്‍ ഓഹരികള്‍ എന്‍എസ്‍ഇ-യില്‍ ലിസ്റ്റ് ചെയ്തത്. എന്നാല്‍ ആ വിലയ്ക്ക് വാങ്ങാന്‍ നിക്ഷേപകര്‍ പൊതുവില്‍ താല്‍പ്പര്യപ്പെട്ടില്ല. വ്യാപാരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ, ഓഹരി 248.9 രൂപയിലേക്ക് ഇടിഞ്ഞു. ബിഎസ്ഇയിലെ ലിസ്റ്റിംഗ് അൽപ്പം ഉയർന്ന് 265 രൂപയിലായിരുന്നു. എന്നാൽ ഇവിടെയും, ലിസ്‌റ്റ് ചെയ്‌തതിന് തൊട്ടുപിന്നാലെ വില 251.75 രൂപയിൽ എത്തി. പിന്നീട് തുടര്‍ച്ചയായി പിന്നീടുള്ള മൂന്ന് ദിവസങ്ങളിലും ഇടിവിലേക്ക് തന്നെ നീങ്ങി.
കമ്പനിയുടെ പാരമ്പര്യവും സാമ്പത്തിക വളർച്ചാ സാധ്യതയും കണക്കിലെടുത്ത്, 200-225 രൂപ ആകർഷകമായ എൻട്രി പോയിന്റുകൾ ആയിരിക്കുമെന്ന് കരുതുന്നതായി വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.