15 Jan 2024 10:34 AM GMT
Summary
- മീഡിയ, മെറ്റല്‍ സൂചികകള്‍ ഇടിവില്‍
- മികച്ച നേട്ടത്തോടെ ഓയില്‍-ഗ്യാസ്
- ഏഷ്യ- പസഫിക് വിപണികള്‍ സമ്മിശ്രം
ഇന്നും പുതിയ സര്‍വകാല ഉയരങ്ങളും റെക്കോഡ് ക്ലോസിംഗുകളും കുറിച്ച് ബെഞ്ച്മാർക്ക് സൂചികകള്‍. ആഗോള വിപണികളില്‍ നിന്നുള്ള സമ്മിശ്ര സൂചനകള്‍ക്കിടയിലും കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങള്‍ നല്‍കുന്ന പ്രതീക്ഷകളാണ് വിപണിയെ നയിക്കുന്നത്. ടെക് ഓഹരികളിലെ കുതിപ്പ് തുടരുകയാണ്. സെന്‍സെക്സ് 759.49 പോയിന്‍റ് അഥവാ 1.05 ശതമാനം നേട്ടത്തോടെ 73,327.94 എന്ന റെക്കോഡ് ക്ലോസിംഗിലും നിഫ്റ്റി 202.90 പോയിന്‍റ് അഥവാ 0.93 ശതമാനം കയറി 22,097.45 എന്ന റെക്കോഡ് ക്ലോസിംഗിലും എത്തി.
ഇടവ്യാപാരത്തിനിടെ സെന്‍സെക്സ് 73,402.16 എന്ന സര്‍വകാല ഉയരവും നിഫ്റ്റി22,115.55 എന്ന സര്‍വകാല ഉയരവും കുറിച്ചു. തുടര്‍ച്ചയായ അഞ്ചാം സെഷനിലാണ് ബെഞ്ച്മാര്‍ക്ക് സൂചികള്‍ നേട്ടത്തില്‍ അവസാനിപ്പിക്കുന്നത്.
നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.68 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.42 ശതമാനവും കയറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.67 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക0.11 ശതമാനവും നേട്ടമുണ്ടാക്കി.
നേട്ടങ്ങളും കോട്ടങ്ങളും
നിഫ്റ്റിയില്‍ ഐടി സൂചികയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്, 1.86 ശതമാനം. ഓയില്‍-ഗ്യാസ് സൂചിക 1.73 ശതമാനം കയറി. മീഡിയ സൂചിക 1.90 ശതമാനം നഷ്ടം രേഖപ്പെടുത്തി. മെറ്റല്‍ സൂചിക 0.43 ശതമാനം ഇടിഞ്ഞു. മറ്റെല്ലാ സൂചികകളും നേട്ടത്തിലാണ്.
ഇന്ന് നിഫ്റ്റി 50-യില്‍ വിപ്രൊ (6.37%), ഒഎന്‍ജിസി (4.30%), എച്ച്സിഎല്‍ ടെക് (3.06%), ഇന്‍ഫോസിസ് (2.43%), എച്ച്ഡിഎഫ്‍സി ബാങ്ക് (2.35% ) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്‍സി ലൈഫ് (3.55%), ബജാജ് ഫിനാന്‍സ് (2.40%), ബജാജ് ഫിന്‍സെര്‍വ് (1.20%), ഹിന്‍ഡാല്‍കോ (1.19%), എഷര്‍ മോട്ടോര്‍സ് (1.16%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ വിപ്രൊ (6.25 %), എച്ച്സില്‍ ടെക് (2.90 %), ഇന്‍ഫോസിസ് (2.47 %), ഭാരതി എയര്‍ടെല്‍ (2.39 %), ടെക് മഹീന്ദ്ര (2.34 %), എന്നിവ മികച്ച നേട്ടം കൊയ്തു. ബജാജ് ഫിനാന്‍സ് (2.34 %), ബജാജ് ഫിന്‍സെര്‍വ് (1.17 %), എല്‍ടി (0.66 %), ടാറ്റ മോട്ടോര്‍സ് (0.48 %), ടാറ്റ സ്റ്റീല്‍ (0.26 %) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി.
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് സമ്മിശ്രമായ തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ചൈനയുടെ ഷാങ്ഹായ്, ദക്ഷിണ കൊറിയയുടെ കോസ്പി ,ജപ്പാന്‍രെ നിക്കി എന്നിവ നേട്ടത്തിലാണ്. ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ഓസ്ട്രേലിയ എഎസ്എക്സ് എന്നിവ ഇടിവ് രേഖപ്പെടുത്തി.