image

9 Nov 2023 2:30 AM GMT

Stock Market Updates

നിക്ഷേപകര്‍ ആശയക്കുഴപ്പത്തില്‍, യുഎസ് വിപണി സമ്മിശ്രം; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Stock Market | Trade
X

Summary

  • ഏഷ്യന്‍ വിപണികളില്‍ ചാഞ്ചാട്ടം
  • ക്രൂഡ് വിലയില്‍ പിന്നെയും ഇടിവ്
  • വില്‍പ്പന തുടര്‍ന്ന് എഫ്‍ഐഐകള്‍


അനിശ്ചിതത്വം നിഴലിക്കുന്ന മറ്റൊരു വ്യാപാര സെഷനാണ് ഇന്നലെ ആഭ്യന്തര ഓഹരി വിപണി സൂചികകളില്‍ കാണാനായത്. ബിഎസ്ഇ സെൻസെക്‌സ് 33 പോയിന്റ് ഉയർന്ന് 64,976ലും നിഫ്റ്റി 50 37 പോയിന്റ് ഉയർന്ന് 19,444ലും എത്തി. വിപണിയില്‍ പങ്കുകൊള്ളുന്നവരുടെ ആശയക്കുഴപ്പം കഴിഞ്ഞ രണ്ട് സെഷനുകളിലെയും പ്രതിദിന ചാര്‍ട്ടുകളില്‍ കാണാനാകുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് ഫെഡ് റിസര്‍വിന്‍റെ പലിശ നിരക്കുകളില്‍ കൂടുതല്‍ വ്യക്തത ലഭിക്കാന്‍ ആഗോള തലത്തില്‍ നിക്ഷേപകര്‍ ഫെഡ് ചീഫ് ജെറോം പവ്വല്‍ നടത്താനിരിക്കുന്ന പ്രസംഗത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ക്രൂഡ് ഓയില്‍ വില ജൂലൈക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന തലത്തിലേക്ക് എത്തിയിട്ടുണ്ട്. ചൈനയുടെ സമ്മിശ്രമായ സാമ്പത്തിക ഡാറ്റകള്‍ എണ്ണ ആവശ്യകതയെ കുറിച്ച് ഉയര്‍ത്തുന്ന ആശങ്കകളാണ് ഇതിന് കാരണം.

ഡോളറും യുഎസ് ട്രഷറി ആദായവും വീണ്ടും ഉയര്‍ന്നു നില്ക്കുന്നത് വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണികളിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തെ കുറിച്ചുള്ള ഭീതി നിക്ഷേപകരില്‍ ഒഴിഞ്ഞിട്ടുണ്ട്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി 19,412ലും പിന്നീട് 19,398ലും 19,374ലും സപ്പോര്‍ട്ട് നേടിയേക്കാമെന്നാണ് വിലയിരുത്തല്‍. ഉയർച്ചയുടെ സാഹചര്യത്തില്‍ 19,460 പെട്ടെന്നുള്ള പ്രതിരോധമാകും. തുടര്‍ന്ന് 19,475ഉം 19,499ഉം.

ആഗോള വിപണികളില്‍ ഇന്ന്

ബുധനാഴ്ച രാത്രി വ്യാപാരത്തില്‍ യുഎസ് സ്‍റ്റോക്ക് ഫ്യൂച്ചറുകള്‍ ഇടിവിലാണ്. എസ് ആന്‍ഡ് പി 500, നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ 0.2 ശതമാനം ഇടിഞ്ഞു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ഫ്യൂച്ചറുകൾ 20 പോയിന്റ് അഥവാ 0.06 ശതമാനം ഇടിഞ്ഞു. പതിവ് വ്യാപാരത്തില്‍ എസ് ആന്‍ഡ് പി500 0.1 ശതമാനം മാത്രം ഉയർന്നപ്പോൾ, ടെക്-ഹെവി നാസ്ഡാക്ക് കോമ്പോസിറ്റ് 0.08 ശതമാനം ഉയർന്നു, ഡൗ ഏകദേശം 0.1 ശതമാനം ഇടിഞ്ഞു.

ഏഷ്യ പസഫിക് വിപണികളും സമ്മിശ്രമായാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഓസ്ട്രേലിയ, ചൈന, ജപ്പാന്‍ വിപണികള്‍ നേട്ടത്തിലാണ്. ഹോംഗ്കോംഗ്, തായ്വാന്‍ വിപണികള്‍ ഇടിവിലേക്ക് നീങ്ങി. വിപണികളില്‍ ചാഞ്ചാട്ട പ്രവണതയും പ്രകടമാണ്. യൂറോപ്യന്‍വിപണികള്‍ ഇന്നലെ പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഗിഫ്റ്റ് നിഫ്റ്റി 27 .5 പോയിന്‍റ് നേട്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം തുടങ്ങിയിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും പോസിറ്റിവ് തുടക്കത്തെയാണ ്ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.

ഇന്ന് ശ്രദ്ധാ കേന്ദ്രമാകുന്ന ഓഹരികള്‍

ബയോകോൺ: ഇന്ത്യയിലെ തങ്ങളുടെ ഡെർമറ്റോളജി ആൻഡ് നെഫ്രോളജി ബ്രാൻഡഡ് ഫോർമുലേഷൻസ് ബിസിനസ് യൂണിറ്റുകളുടെ വില്‍പ്പനയ്ക്കായി എറിസ് ലൈഫ് സയൻസുമായി ഉപകമ്പനിയായ ബയോകോൺ ബയോളജിക്‌സ്, കരാറിൽ ഏർപ്പെട്ടു. മൊത്തം ഇടപാട് മൂല്യം 366 കോടി രൂപയാണ്.

ടാറ്റ പവർ കമ്പനി:ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ സെപ്റ്റംബര്‍ പാദത്തിലെ ഏകീകൃത അറ്റാദായം 8.8 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,017.4 കോടി രൂപയായി. പ്രവർത്തന വരുമാനം 15,738 കോടി രൂപയായി ഉയർന്നു, മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് 12.2 ശതമാനം വളര്‍ച്ച. പ്രധാന ബിസിനസുകളിൽ നിന്നുള്ള ഉയർന്ന വരുമാനമാണ് ഇതിന് കാരണം.

മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്: പൊതുമേഖലയിലുള്ള കപ്പൽനിർമ്മാണ കമ്പനിയുടെ ജൂലൈ-സെപ്റ്റംബർ കാലയളവിലെ ഏകീകൃത ലാഭം 55.6 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി 333 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 7.4 ശതമാനം വർധിച്ച് 1,827.7 കോടി രൂപയായി.

പിഡിലൈറ്റ് ഇൻഡസ്ട്രീസ്: പശ, സീലന്റ്, കൺസ്ട്രക്ഷൻ കെമിക്കൽസ് എന്നിവ നിർമ്മിക്കുന്ന കമ്പനിയുടെ ഏകീകൃത ലാഭം രണ്ടാം പാദത്തിൽ 36 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 458.5 കോടി രൂപയായി. പ്രവർത്തന വരുമാനം 2.2 ശതമാനം വർധിച്ച് 3,076 കോടി രൂപയായി, ആഭ്യന്തര ഉപഭോക്തൃ വളർച്ച 8 ശതമാനമാണ്.

യുണൈറ്റഡ് സ്പിരിറ്റ്സ്: ആൽക്കഹോൾ ബിവറേജസ് കമ്പനിയുടെ ജൂലൈ-സെപ്റ്റംബർ കാലയളവിലെ സ്റ്റാൻഡ് എലോൺ ലാഭം 37 ശതമാനം വാര്‍ഷിക ഇടിവോടെ 341.3 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തില്‍ ഉണ്ടായ ആകസ്മിക നേട്ടം സൃഷ്ടിച്ച ലാഭവുമായി താരതമ്യപ്പെടുത്തുന്നതാണ് ഇടിവ് രേഖപ്പെടുത്തിയതിന് പ്രധാന കാരണം. പ്രവർത്തനങ്ങളിൽ നിന്നുള്ള സ്‍റ്റാന്‍റ് എലോണ്‍ വരുമാനം രണ്ടാം പാദത്തിൽ 1.4 ശതമാനം ഇടിഞ്ഞ് 2,864.7 കോടി രൂപയായി.

ഓയിൽ ഇന്ത്യ: സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ, വാതക പര്യവേക്ഷണ കമ്പനിയുടെ സ്റ്റാൻഡ് എലോൺ ലാഭം 81 ശതമാനം വാര്‍ഷിക ഇടിവോടെ 325.3 കോടി രൂപയായി. പ്രവർത്തന വരുമാനം വാർഷികാടിസ്ഥാനത്തിൽ 15.1 ശതമാനം വർധിച്ച് 5,342.4 കോടി രൂപയായി.

ബാറ്റ ഇന്ത്യ: ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഈ പാദരക്ഷ കമ്പനിയുടെ ഏകീകൃത ലാഭം 38 ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി 34 കോടി രൂപയായി, വിആര്‍എസ്-നുള്ള ചെലവുകളാണ് ലാഭം കുറയാന്‍ പ്രധാന കാരണം. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുന്‍ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.3 ശതമാനം കുറഞ്ഞ് 819 കോടി രൂപയായി.

ക്രൂഡ് ഓയിലും സ്വര്‍ണവും

കഴിഞ്ഞ സെഷനിൽ മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതിന് ശേഷം ബുധനാഴ്ചയും എണ്ണവില സമ്മർദ്ദത്തിലായിരുന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 54 സെൻറ് കുറഞ്ഞ് 81.07 ഡോളറിലെത്തി, യുഎസ് ക്രൂഡിന് 56 സെൻറ് കുറഞ്ഞ് 76.81 ഡോളറായി.

ബുധനാഴ്ച തുടർച്ചയായ മൂന്നാം സെഷനിലും സ്വർണ വില കുറഞ്ഞു. സ്‌പോട്ട് ഗോൾഡ് 0.5 ശതമാനം കുറഞ്ഞ് ഔൺസിന് 1,958.44 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.5 ശതമാനം ഇടിഞ്ഞ് 1,964.50 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 84.55 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഓഹരികളില്‍ ഇന്നലെ നടത്തിയത്, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 524.47 കോടി രൂപയുടെ അറ്റ വാങ്ങല്‍ ഓഹരികളില്‍ നടത്തിയതായും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം