27 Aug 2024 5:30 AM GMT
Summary
- ഓഹരികളിൽ ലാഭമെടുപ്പ് തുടങ്ങിയതും വിപണിയെ വലച്ചു
- മിഡ്-സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.2, 0.3 ശതമാനം ഉയർന്നു
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഇടിഞ്ഞ് 83.95 എത്തി
നിഫ്റ്റിയും സെൻസെക്സും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും ചാഞ്ചാട്ടത്തിലാണ്. മിഡിൽ ഈസ്റ്റിലെയും ഉക്രെയ്നിലെയും വർദ്ധിച്ചുവരുന്ന ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ കണക്കിലെടുത്ത് ആഗോള വിപണികളിൽ ദുർബലമായ വ്യാപാരം കണ്ടു. ഓഹരികളിൽ ലാഭമെടുപ്പ് തുടങ്ങിയതും വിപണിയെ വലച്ചു.
സെൻസെക്സ് 117.63 പോയിൻ്റ് ഉയർന്ന് 81,815.74 ലും നിഫ്റ്റി 27.1 പോയിൻ്റ് ഉയർന്ന് 25,037.70ലും ആണ് വ്യാപാരം ആരംഭിച്ചത്.
സെൻസെക്സിൽ എച്ച്സിഎൽ ടെക്നോളജീസ്, പവർ ഗ്രിഡ്, ബജാജ് ഫിൻസെർവ്, ലാർസൺ ആൻഡ് ടൂബ്രോ, നെസ്ലെ, അൾട്രാടെക് സിമൻ്റ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഭാരതി എയർടെൽ, ഏഷ്യൻ പെയിൻ്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.
സെക്ടറൽ സൂചികകളിൽ ദിവിസ് ലാബ്സിൻ്റെയും ഡോ.റെഡ്ഡീസിൻ്റെയും കുതിപ്പിൽ നിഫ്റ്റി ഫാർമ സൂചിക മികച്ച നേട്ടമുണ്ടാക്കി.ഹെൽത്ത് കെയർ സൂചിക 0.5 ശതമാനം വർധിച്ചു. നിഫ്റ്റി ഐടിയും 0.4 ശതമാനം ഉയർന്നു. മിഡ്-സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.2, 0.3 ശതമാനം ഉയർന്നു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 483.36 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.29 ശതമാനം ഇടിഞ്ഞ് ബാരലിന് 81.19 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.28 ശതമാനം താഴ്ന്ന് 2558 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഇടിഞ്ഞ് 83.95 എത്തി.
തിങ്കളാഴ്ച തുടർച്ചയായ അഞ്ചാം ദിവസവും ഉയർന്ന സെൻസെക്സ് 611.90 പോയിൻ്റ് അഥവാ 0.75 ശതമാനം ഉയർന്ന് 81,698.11 ൽ എത്തി. തുടർച്ചയായ എട്ടാം സെഷനിലും നേട്ടം രേഖപ്പെടുത്തിയ നിഫ്റ്റി 187.45 പോയിൻ്റ് അഥവാ 0.76 ശതമാനം ഉയർന്ന് 25,010.60 ൽ എത്തി.