image

27 May 2024 11:00 AM GMT

Stock Market Updates

പുതിയ റെക്കോഡിട്ട് സൂചികകൾ, വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിൽ; ഇന്ത്യാ വിക്സ് 23- ൽ

MyFin Desk

indices hit fresh records to close in the red
X

Summary

  • ഇന്ത്യാ വിക്സ് സൂചിക ഏഴു ശതമാനത്തോളം ഉയർന്ന 23 ലെത്തി.
  • ബ്രെൻ്റ് ക്രൂഡ് 0.38 ശതമാനം ഉയർന്ന് ബാരലിന് 82.44 ഡോളറിലെത്തി
  • ഹെവിവെയ്റ്റ് ഓഹരികളിലെ വില്പന നിഫ്റ്റിയുടെ ഇടിവിന് കാരണമായി


റെക്കോഡ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സെൻസെക്സും നിഫ്റ്റിയും സെഷനിൽ യഥാക്രമം 76,009.68 പോയിന്റും 23,110.80 പോയിന്റും താണ്ടി എക്കാലത്തെയും ഉയർന്ന ലെവലിലെത്തി. എന്നിരുന്നാലും, രണ്ട് സൂചികകളും നേട്ടങ്ങൾ നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. ലാഭമെടുപ്പ് സൂചികകൾക്ക് വിനയായി.

സെൻസെക്‌സ് 20 പോയിൻ്റ് അഥവാ 0.03 ശതമാനം താഴ്ന്ന് 75,390.50ലും നിഫ്റ്റി 25 പോയിൻ്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 22,932.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, മഹീന്ദ്ര തുടങ്ങിയ ഹെവിവെയ്റ്റ് ഓഹരികളിലെ വില്പന നിഫ്റ്റിയുടെ ഇടിവിന് കാരണമായി. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ എന്നിവ സൂചികയ്ക്ക് ശക്തമായ പിന്തുണ നൽകി. നിഫ്റ്റിയിലെ 50 ഓഹരികളിൽ 26 ഉം വ്യാപാരം അവസാനിപ്പിച്ചത് പച്ചയിലാണ്.

സെക്ടറിൽ സൂചികകൾ

നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.64 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 0.81 ശതമാനം ഉയർന്നു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി മീഡിയ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി, ഓട്ടോ സൂചികകൾ നഷ്ടത്തിൽ അവസാനിച്ചപ്പോൾ നിഫ്റ്റി ബാങ്ക്, ഫിനാൻഷ്യൽ സർവീസസ്, ഐടി, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് സൂചികകൾ ശക്തമായ വാങ്ങലിൽ നേട്ടമുണ്ടാക്കി.

അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക ഏഴു ശതമാനത്തോളം ഉയർന്ന് 23 ലെത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് പച്ചയിലാണ്.

ബ്രെൻ്റ് ക്രൂഡ് 0.38 ശതമാനം ഉയർന്ന് ബാരലിന് 82.44 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ നാല് പൈസ ഇടിഞ്ഞ് 83.14 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.46 ശതമാനം ഉയർന്ന് 2345 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 944.83 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.

വെള്ളിയാഴ്ച്ച സെൻസെക്സ് 7.65 പോയിൻ്റ് അഥവാ 0.01 ശതമാനം ഇടിഞ്ഞ് 75,410.39 ലും നിഫ്റ്റി 10.55 പോയിൻറ് അഥവാ 0.05 ശതമാനം കുറഞ്ഞ് 22,957.10 ലുമാണ് ക്ലോസ് ചെയ്തത്.