image

6 Jan 2025 11:20 AM GMT

Stock Market Updates

'വൈറസ് ബാധിച്ച് വിപണി' കൂപ്പുകുത്തി സൂചികകൾ, നിക്ഷേപകര്‍ക്ക് നഷ്ടം 10 ലക്ഷം കോടി

MyFin Desk

domestic market fell sharply at the end of the trade
X

Summary

  • നിക്ഷേപകര്‍ക്ക് നഷ്ടം 10 ലക്ഷം കോടി
  • സെൻസെക്സ് 1,258.12 പോയിൻ്റ് ഇടിഞ്ഞു


ഇന്ത്യൻ ഓഹരി വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. സെൻസെക്സ് 1,258.12 പോയിൻ്റ് അഥവാ 1.59 ശതമാനം ഇടിഞ്ഞ് 77,964.99 പോയിൻ്റിലും നിഫ്റ്റി 388.70 പോയിൻ്റ് അഥവാ 1.62 ശതമാനം ഇടിഞ്ഞ് 23,616.05 പോയിൻ്റിലുമെത്തി.

രാവിലെ സെൻസെക്സ് വലിയ ഉയർച്ചയിലായിരുന്നു ആരംഭിച്ചത്. എന്നാൽ ഇന്ത്യയിൽ ആദ്യമായി എച്ച്.എം.പി.വി കേസ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തതോടെ ആ​രോ​ഗ്യ രം​ഗത്ത് മാത്രമല്ല ഓഹരി വിപണിയിൽ ഇത് വലിയ ചലനമുണ്ടാക്കി. നിക്ഷേപകരെ അമ്പരിപ്പിച്ചു കൊണ്ടുള്ള വാർത്തയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ എച്ച്.എം.പി.വി കേസ്. ഇത് ഓഹരി വിപണിയെ കനത്ത ഇടിവിലേക്ക് നയിച്ചു. മാത്രമല്ല മൂന്നാം പാദത്തിലെ ഫലങ്ങൾ, രൂപയുടെ മൂല്യത്തകർച്ചയും സൂചികകൾ ഇടിവിലെത്തിച്ചു.

സെൻസെക്‌സിൽ ടാറ്റ സ്റ്റീൽ, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, പവർ ഗ്രിഡ്, സൊമാറ്റോ, അദാനി പോർട്ട്‌സ്, ഏഷ്യൻ പെയിൻ്റ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ് എന്നി ഓഹരികൾ ഇന്ന് നഷ്ടം നേരിട്ടപ്പോൾ ടൈറ്റനും സൺ ഫാർമയും മാത്രമാണ് നേട്ടമുണ്ടാക്കിയത്.

സെക്ടറിൽ സൂചികകൾ ഇടിവോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മെറ്റൽ സൂചിക 3.32 ശതമാനം ഇടിഞ്ഞു, നിഫ്റ്റി റിയാലിറ്റി സൂചിക 3.29 ശതമാനം നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്ക് സൂചിക 1066 പോയിൻ്റ് ഇടിവ് രേഖപ്പെടുത്തി. പിഎസ്‌യു ബാങ്ക് 4 ശതമാനം ഇടിഞ്ഞപ്പോൾ മെറ്റൽ, റിയൽറ്റി, എനർജി, പൊതുമേഖലാ സ്ഥാപനങ്ങൾ, പവർ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 3 ശതമാനം വീതം താഴ്ന്നു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 2.4 ശതമാനവും സ്‌മോൾക്യാപ് സൂചിക 3 ശതമാനവും ഇടിഞ്ഞു. ഇന്ത്യ VIX 15.58 ശതമാനം ഉയർന്ന് 15.65 ൽ എത്തി.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ വെള്ളിയാഴ്ച 4,227.25 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

ഏഷ്യൻ വിപണികളിൽ സിയോൾ നേട്ടത്തിലും ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര നോട്ടിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് മേഖലയിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.25 ശതമാനം ഇടിഞ്ഞ് ബാരലിന് 76.32 ഡോളറിലെത്തി.