30 Nov 2023 3:00 AM GMT
Summary
- ശക്തമായ സാമ്പത്തിക വളർച്ച സ്റ്റോക്ക് മാർക്കറ്റിന്റെ അതിവേഗത്തിലുള്ള വളർച്ചയ്ക്ക് കാരണമായി
- നിലവിൽ ഉള്ളത് 3.5 കോടി മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റേഴ്സും, 8 കോടി സ്റ്റോക്ക് മാർക്കറ്റ് ഉപഭോക്താക്കളും
- സെപ്റ്റംബർ 2024 നകം പ്രൈവറ്റ് കമ്പനികൾ തങ്ങളുടെ ഓഹരികൾ ഡീമെറ്റീരിയലൈസ് ചെയ്യണം
ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കഴിഞ്ഞ മാസം 13.225 കോടി കടന്ന് ഏറ്റവും ഉയർന്ന നിലയിലെത്തിയാതായി കണക്കുകൾ സൂചിപ്പിക്കുന്നു. അക്കൗണ്ട് തുറക്കുന്നതിൽ 20 ശതമാനം വർധനവാണ് ഇത് രേഖപ്പെടുത്തുന്നത്. മറ്റൊരു നാഴികക്കല്ല് സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡ് (സിഡിഎസ്എൽ, CDSL) ഈ നവംബർ 22 ബുധനാഴ്ച തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ സജീവമായ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 10 കോടി കടന്നതായി പ്രഖ്യാപിച്ചു. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയിൽ (എൻഎസഡിഎൽ;NSDL) 3.38 കോടി അക്കൗണ്ടുകളും ഉൾപ്പെടുന്നു. അതായത്, ഒരുവർഷത്തിനുള്ളിൽ 3.05 കോടി അക്കൗണ്ടുകളാണ് കഴിഞ്ഞ 12 മാസ കാലയളവിൽ പുതിയതായി തുടങ്ങിയത്.
വിപണിയിലെ മികച്ച മുന്നേറ്റവും, ഡിജിറ്റൽ പരിവർത്തനവും, ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം വർദ്ധിക്കുന്നതിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. ഈ സാമ്പത്തിക വര്ഷം നോക്കിയാൽ മിഡ്ക്യാപ് ഓഹരികൾ നേട്ടത്തിൽ മുന്നിലെത്തുകയും, സെന്സെക്സ് 9.34 ശതമാനവും നിഫ്റ്റി 11.24 ശതമാനവും ഉയർന്നു. 2023 ൽ ഓഹരി വിപണി നിക്ഷേപ്പം എളുപ്പമാക്കുന്ന നിരവധി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അവതരിച്ചതും ഡീമാറ്റ് അക്കൗണ്ടുകളുടെ വർദ്ധനവിന് കാരണമായ കരുതപ്പെടുന്നു. ഈ പ്ലാറ്റ്ഫോമുകൾ വഴി ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതും, ഓഹരികൾ വാങ്ങുന്നതും വിൽക്കുന്നതും വളരെ ലളിതമാക്കപ്പെടുകയും, എപ്പോൾ വേണമെങ്കിലും എവിടെ നിന്നും സ്റ്റോക്കുകളിൽ വ്യാപാരം നടത്തുന്നത് സാധ്യമാവുകയും ചെയുന്നു. ഇത് ജനങ്ങളിൽ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിലുള്ള താല്പര്യം വർദ്ധിക്കുന്നതിന് കാരണമായി; കൂടാതെ ഇത് ഒരു വ്യക്തി ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കാൻ ഇടയാക്കുകയും ചെയ്തു. മ്യൂച്ച്വൽ ഫണ്ടുകളും എക്സ്ചേജ് ട്രേഡഡ് ഫണ്ടുകളും ((ഇടിഎഫ് ETF) പോലുള്ള നിക്ഷേപ ഓപ്ഷനുകൾ ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. ഡിജിറ്റൽ പ്ലാറ്റുഫോമുകൾ ഇത്തരം നിക്ഷേപങ്ങൾ എളുപ്പമാക്കുകയും നിക്ഷേപകർക്ക് വിപണിയിൽ വൈവിധ്യമാർന്ന എക്സ്പോഷർ നൽകുകയും ചെയ്യുന്നു.
ഇന്ത്യയിൽ കോവിഡ്-19 പകർച്ചവ്യാധിക്ക് ശേഷം സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും, സ്റ്റോക്ക് മാർക്കറ്റ് ഉയരങ്ങളിലേക്ക് കുതിക്കുകയും ചെയ്തു. ഇത് കൂടുതൽ ആളുകളെ നിക്ഷേപകരാകാൻ പ്രേരിപ്പിക്കുകയും അതുകൊണ്ട് തന്നെ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള ആവശ്യകത വർദ്ധിക്കുകയും ചെയ്തു. കൂടുതൽ യുവാക്കൾ നിക്ഷേപകരാകുകയും, സമ്പദ്‌വ്യവസ്ഥയിൽ പണം നിക്ഷേപിക്കാൻ മുന്നോട്ട് വരുകയും ചെയ്തിരുന്നു ഈ പ്രവണത വരും കാലങ്ങളിൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ന്റെ വളർച്ചയ്ക്കും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും എന്നു ചൂണ്ടിക്കാണിക്കുന്നു.
സ്വകാര്യ കമ്പനികളുടെ ഓഹരി പങ്കാളിത്ത രീതിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനായി കോർപ്പറേറ്റ് കാര്യ മന്ത്രാലയം പുതിയ മാർഗ്ഗരേഖകൾ പുറത്തിറക്കുകയും സെപ്റ്റംബർ 2024 ഓട് കൂടി പ്രൈവറ്റ് കമ്പനികൾ തങ്ങളുടെ ഓഹരികൾ ഡീമെറ്റീരിയലൈസ് ചെയ്യേണ്ടി വരും എന്ന് അറിയിക്കുകയും ചെയ്തിരിക്കുകയാണ്. നിക്ഷേപകന്റെ കൈവശമുള്ള ഷെയർ സെർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ ബോണ്ടുകൾ ഇലക്ട്രോണിക് രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പ്രക്രിയയാണ് ഡീമറ്റീരിയലൈസേഷൻ. ഓഹരികൾ വാങ്ങുന്നതിനും, വിൽക്കുന്നതിനും, കൈമാറ്റം ചെയ്യുന്നതിനും, കൈവശം വയ്ക്കുന്നതിനുമുള്ള പ്രക്രിയ സുഗമമാക്കുക കൂടാതെ അത് ചെലവ് കുറഞ്ഞതും, കുറ്റമറ്റതും ആകുക എന്നതാണ് ഇതിന്റെ പ്രധാന അജണ്ട. ഈ വ്യവസ്ഥകൾ പാലിക്കുന്നതിന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾക്ക് 2023 മാർച്ച് 31 മുതൽ 2024 സെപ്റ്റംബർ 30 വരെ 18 മാസത്തെ ഗ്രേസ് പിരീഡ് ആണ് അനുവദിച്ചിട്ടുള്ളത്. ഭൗതിക രൂപത്തിലുള്ള ഓഹരികളെ ഡിജിറ്റൽ രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ഡീമെറ്റീരിയലൈസേഷൻ പ്രൈവറ്റ് കമ്പനികൾക്ക് നിബന്ധമാകുന്നതോടെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ ഇനിയും ഗണ്യമായ വർദ്ധനവായിരിക്കും ഉണ്ടാകുക.
ഫിൻടെക് കമ്പനികൾ
ഇന്ത്യൻ ജനതയിൽ വർധിച്ച് വരുന്ന ട്രേഡിങ്ങ്, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപ താല്പര്യങ്ങളും, പ്രവണതകളും ലക്ഷ്യമാക്കി 2023 ഓഗസ്റ്റിൽ പ്രമുഖ ഫിൻടെക് കമ്പനിയായ ഫോൺപേ ഓഹരി ബ്രോക്കിങ് ബിസിനസ് രംഗത്തേക്ക് കടന്ന് വരികയും ഷെയർ ഡോട്ട് മാർക്കറ്റ് എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുകയും ചെയ്തു. ഇൻട്രാഡേ, ഡെലിവറി, മ്യൂച്വൽ ഫണ്ടുകൾ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ, വെൽത്ത്ബാസ്കറ്റുകൾ എന്നിവയുൾപ്പെടെ നിക്ഷേപ ഉൽപ്പന്നങ്ങളുടെ വിശാലമായ സ്പെക്ട്രം ആണ് ഷെയർ ഡോട്ട് മാർക്കറ്റ് പ്ലാറ്റഫോം ആപ്പ് നിക്ഷേപകർക്കായി നൽകുന്നത്. ഇവിടെ സെബി രജിസ്റ്റർഡ് ഇടനിലക്കാരുടെ ക്യൂറേറ്റ് ചെയ്ത സ്റ്റോക്കുകളുടെ, നിക്ഷേപ ഉൽപ്പന്നങ്ങളുടെ ശേഖരങ്ങളായ വെൽത്ത് ബാസ്കറ്റുകൾ പ്രത്യേക തീമുകൾ, സെക്ടറുകൾ അല്ലെങ്കിൽ മാർക്കറ്റ് ട്രെൻഡുകൾ എന്നിവയുമായി യോജിപ്പിച്ച് വളരെ സൗകര്യത്തോടെയും, കുറഞ്ഞ ചെലവിലും സജീവമായ ഇക്വിറ്റി പോർട്ട്ഫോളിയോ വിശകലനം സാധ്യമാക്കുന്നു.
ഏഞ്ചൽ വൺ, അപ്‌സ്റ്റോക്, സ്സെരോദ, ഗ്രോ തുടങ്ങിയ പ്ലാറ്റുഫോമുകളുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2023 സെപ്റ്റംബർ 25 നു എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് ഒരു ഡിസ്‌കൗണ്ട് ബ്രോക്കിംഗ് ഓൾ-ഇൻ-വൺ മൊബൈൽ ആപ്പ് ആയ എച്ച്‌ഡിഎഫ്‌സി സ്കൈ അവതരിപ്പിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് മാത്രമുള്ള എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റികളിൽ നിന്ന് വ്യത്യസ്തമായി, മറ്റ് ട്രേഡിംഗ് ആപ്പുകൾ പോലെ എച്ച്‌ഡിഎഫ്‌സി സ്കൈ എല്ലാ നിക്ഷേപകർക്കും, വ്യാപാരികൾക്കും ഉപയോഗിക്കാൻ സാധിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള നിക്ഷേപകർക്കും , വ്യാപാരികൾക്കും വിപണിയിൽ തടസ്സമില്ലാതെ പങ്കെടുക്കാനും, അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുന്നതിനാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് എച്ച്‌ഡിഎഫ്‌സി പറഞ്ഞു. ഇൻട്രാഡേ, ഡെലിവറി ഇടപാടുകൾക്കായി ഒരു ട്രേഡിന് 20 രൂപ നിരക്കിൽ ബ്രോക്കറേജ് സേവനങ്ങൾ കൂടാതെ, പ്രതിവർഷം 12 ശതമാനം നിരക്കിൽ മാർജിൻ ട്രേഡിംഗ് ഫെസിലിറ്റി (എംടിഎഫ്) സ്കൈ വാഗ്ദാനം ചെയ്യുന്നു.
അതെ സമയം ഇന്ത്യൻ ഫിൻടെക് രംഗത്ത്, ഗ്രോ ശക്തമായ വളർച്ച നേടി കൊണ്ടിരിക്കുന്നുതും, ഗ്രോയുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതും വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. ഇന്ത്യൻ സ്ഥാപിത സ്റ്റോക്ക് ബ്രോക്കർ ഭീമനായ സ്സെരോദ യെ പോലും മറികടന്ന് ഗ്രോ 6.62 ദശലക്ഷം സജീവ ഉപയോക്താക്കളെ സ്വന്തമാക്കി. വൈവിധ്യമാർന്ന നിക്ഷേപ ഓപ്ഷനുകൾ നൽകികൊണ്ട് ഗ്രോ തുടക്കക്കാർക്കും, പരിചയസമ്പന്നരായ നിക്ഷേപകർക്കും ഇണങ്ങുന്ന അനുയോജ്യമായ ഒരു ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തു കൊണ്ട് നിക്ഷേപകരെ ആകർഷിക്കുന്നു. ബ്രോക്കറേജ് ഫീസ് പലപ്പോഴും നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന സാഹചര്യത്തിൽ ഗ്രോ ഡയറക്റ്റ് മ്യൂച്ച്വൽ ഫണ്ടുകൾക്കും, ഇക്വിറ്റി ട്രേഡിങ്ങിനുമുള്ള സീറോ-കമ്മീഷൻ നിക്ഷേപം വാഗ്ദാനം ചെയ്തുകൊണ്ട് വേറിട്ടുനിൽക്കുന്നു. ഗ്രോയുടെ ഉൽപ്പന്ന ശ്രേണി മ്യൂച്ച്വൽ ഫണ്ടുകളും ഓഹരികളും കൂടാതെ യുഎസ് ഓഹരികൾ, ഇ ടി എഫുകൾ, ഫ്രാക്ഷണൽ നിക്ഷേപം എന്നിവയും ഉൾക്കൊള്ളുന്നു. ഈ വൈവിധ്യമാർന്ന നിക്ഷേപ ഓപ്ഷനുകൾ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ
ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ച ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന്റെ അതിവേഗത്തിലുള്ള വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ്. ഈ വളർച്ച സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപകർക്ക് ആകർഷകമായ റിട്ടേണുകൾ നൽകിയിരിക്കുന്നു. ഇന്ത്യയിലെ ഇടത്തരം വരുമാനക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ വിഭാഗത്തിൽ ഉള്ളവർ കൂടുതൽ സാമ്പത്തിക സുരക്ഷ ലഭിക്കുന്നതിനും, ഭാവിയിലേക്കുള്ള സമ്പാദ്യം വർധിപ്പിക്കുന്നതിനും സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അനുകൂലമായ സർക്കാർ നയങ്ങളും സ്റ്റോക്ക് മാർക്കറ്റ് ചലനങ്ങളെ നിയന്ത്രിക്കുന്നു. ഇന്ത്യൻ സർക്കാർ സ്റ്റോക്ക് മാർക്കറ്റിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡീമെറ്റീരിയലൈസേഷൻ, ഓൺലൈൻ ട്രേഡിംഗിന്റെ പ്രചോദനം, നിക്ഷേപകർക്ക് നികുതി ഇളവുകൾ എന്നീ നടപടികൾ കൈക്കൊള്ളുന്നു.
കണക്ക് വെച്ച് നോക്കുമ്പോൾ ഇന്ത്യയുടെ 144 കോടി ജനസംഖ്യയിൽ 3.5 കോടി മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റേഴ്സും, 8 കോടി സ്റ്റോക്ക് മാർക്കറ്റ് ഉപഭോക്താക്കളും ആണ് ഇപ്പോൾ നിലവിൽ ഉള്ളത്. മറ്റ് പല വികസിത രാജ്യങ്ങളിലും ജനസംഖ്യയുടെ 60 ശതമാനം വരെ ജനങ്ങൾ സ്റ്റോക്ക് മാർക്കറ്റിൽ ഏർപ്പെടുമ്പോൾ ഇന്ത്യയിലെ വെറും 3 ശതമാനം ജനം മാത്രം ആണ് സ്റ്റോക്ക് മാർക്കറ്റിലേക്ക് വന്നിട്ടുള്ളത്.
ഓഹരി വിപണിയെക്കുറിച്ച് കൂടുതലറിയാനും, ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ തീരുമാനിക്കാനും സഹായിക്കുന്ന നിരവധി ഓൺലൈൻ വിദ്യാഭ്യാസ റിസോഴ്സുകൾ ഇപ്പോൾ ലഭ്യമാണ്. ഈ കാരണങ്ങളാൽ ഓഹരി വിപണിയിലെക്ക് കൂടുതൽ നിക്ഷേപകർ വരുവാൻ ഇടയായിട്ടുണ്ട്. യുവാക്കൾക്ക് ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനെ കുറിച്ച് കൂടുതൽ അവബോധമുണ്ടാകുകയും, ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് ആവശ്യമായ സാമ്പത്തിക വിജ്ഞാനം അവർക്ക് ഉണ്ടാകുകയും ചെയ്‌തിരിക്കുന്നു. ഒക്ടോബർ 2023-ൽ ഡീമാറ്റ് അക്കൗണ്ട് തുറന്നവരിൽ 60 ശതമാനം പേരും 35 വയസിന് താഴെയുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് യുവജനങ്ങൾ നിക്ഷേപത്തിന് കൂടുതൽ പ്രാധാന്യം നല്കുന്നുണ്ടെന്നതിന്റെ തെളിവാണ്.
കൂടാതെ ഇന്ത്യയിൽ സ്ത്രീകൾ ഉൾപ്പടെ എല്ലാ പ്രായത്തിലും ഉൾപ്പെടുന്ന വ്യക്തികൾ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് കൂടുതൽ പഠിക്കുകയും, നിക്ഷേപത്തിന് ഒരുങ്ങുകയും ചെയ്യുന്നത് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് രംഗത്ത് വലിയ മുന്നേറ്റം കുറിക്കാൻ ഇടയാക്കുമെന്നതിന് സംശയമില്ല.
Also Read: സെപ്റ്റംബറിൽ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ 26 ശതമാനം ഉയർച്ച