image

26 May 2024 11:49 AM GMT

Stock Market Updates

ഈ വാരം വിപണിയില്‍ ( മേയ് 27-ജൂണ്‍ 02)

Joy Philip

domestic indices ended the trade with gains
X

Summary

  • മേയ് 31-നാണ് നാലാം ക്വാര്‍ട്ടര്‍ ജിഡിപി കണക്കുകള്‍ പുറത്തുവിടുന്നത്
  • മൂന്നു മാസത്തിനുള്ളിലെ ഏറ്റവും മികച്ച വാരങ്ങളിലൊന്നായിരുന്നു കടന്ന് പോയത്
  • ഏപ്രിലിലെ കാതല്‍മേഖല വളര്‍ച്ചാക്കണക്കുകളും മേയ് 31-ന് എത്തും


ഇന്ത്യന്‍ ഓഹരി വിപണി റിക്കാര്‍ഡ് ഉയരം കുറച്ച വാരമാണ് കടന്നുപോയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ ഈ വാരാവസാനം ( ജൂണ്‍ 1) പൂര്‍ത്തിയാകാനിരക്കേ വിപണി പുതിയ ഉയരം സൃഷ്ടിക്കുമോ? അതോ ജൂലൈ നാലിനെത്തുന്ന തെരഞ്ഞെടുപ്പു ഫലത്തിനായി കാത്തിരിക്കുമോ? അതോ വെടിക്കെട്ടു അവസാനിച്ചോ? ...

നിക്ഷേപകരുടെ മനസില്‍ നിരവധി ചോദ്യങ്ങള്‍ ഉയരുകയാണ്.

നാനൂറു സീറ്റുനേടുമെന്ന അവകാശവാദവുമായാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കു പ്രവേശിച്ചത്. ഈ അവകാശവാദം സാക്ഷാത്കരിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ വിപണിയുടെ പ്രതികരണം മറ്റൊന്നായിരിക്കും. മോദി സര്‍ക്കാര്‍ 350-370 സീറ്റോടെ ഭരണത്തിലേക്കു തിരിച്ചുവരുമെന്നാണ് വിപണിയുടെ പൊതുേേവയുള്ള പ്രതീക്ഷ. ഭൂരിപക്ഷം ലഭിച്ച് മോദി അധികാരത്തില്‍ വന്നാല്‍ പോലും വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്തു സീറ്റ് ഉണ്ടാകുന്നില്ലെങ്കില്‍ ഫലമെത്തുന്ന അടുത്തയാഴ്ചയില്‍ വിപണിയില്‍ വന്‍ വില്‍പ്പന പ്രതീക്ഷിക്കാം.

പലമേഖലയില്‍നിന്നും വരുന്ന വാര്‍ത്തകള്‍ കണക്കിലെടുത്താല്‍ മോദിയും എന്‍ഡിഎയും അവകാശപ്പെടുന്ന ഭൂരിപക്ഷം കിട്ടാനിടയില്ലെന്നാണ് മനസിലാകുക. ഇതു കണക്കിലെടുത്താല്‍ ഫലം വരുന്നതിനു മുമ്പേ റിക്കാര്‍ഡ് ഉയരത്തില്‍ എത്തുകയും എക്‌സി്റ്റ് പോള്‍ ഫലവും യഥാര്‍ത്ഥ ഫലവും വന്നു കഴിയുമ്പോള്‍ വില്‍പ്പനയിലേക്കു നീങ്ങുകയും ചെയ്യും. ജൂണ്‍ ഒന്നിന് വൈകുന്നേരം എക്‌സിറ്റ് പോളുകളുെട ഫലം വന്നശേഷം നാലിനാണ് യഥാര്‍ത്ഥ ഫലം വരിക. അതായത് ഇവയ്ക്കിടയില്‍ ഒരു വ്യാപാരദിനമുണ്ട്. അതുകൊണ്ടുതന്നെ ഈ വാരത്തിലോ ജൂണ്‍ മൂന്നിനോ വിപണി റിക്കാര്‍ഡ് ഉയരത്തില്‍ എത്താനും സാധ്യതയേറെയാണ്.

വിപണി കഴിഞ്ഞയാഴ്ചയില്‍

ആഴ്ചകളായി സൈഡ് വേസ് നീങ്ങിയിരുന്ന ഇന്ത്യന്‍ ഓഹരി വിപണി അതിനു പുറത്തുവന്ന വാരമാണ് കടന്നുപോയത്. മേയ് 24-ന് ഇന്ത്യന്‍ ഓഹരി വിപണി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ച്ച കുറിച്ചു. ഇന്ത്യന്‍ വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 ആദ്യമായി 23000 പോയിന്റിനു മുകളിലെത്തുകയും തലേദിവസത്തെ റിക്കാര്‍ഡ് ക്ലോസിംഗിനു തൊട്ടുതാഴെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. നിഫ്റ്റി 23026.4 പോയിന്റിലെത്തിയശേഷമാണ് അവസാന വ്യാപാരദിനമായിരുന്ന മേയ് 24-ന് 22957.1 പോയിന്റിൽ ക്ലോസ് ചെയ്തത്. തലേദിവസത്തെ ക്ലോസിംഗ് 22967.65 പോയിന്റായിരുന്നു.

മൂന്നു മാസത്തിനുള്ളിലെ ഏറ്റവും മികച്ച വാരങ്ങളിലൊന്നായിരുന്നു ഇത്. ഈ വാരത്തില്‍ 453 പോയിന്റിന്റെ വര്‍ധന നേടിയെന്നു മാത്രമല്ല, വിപണിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ല് ( 23000 പോയിന്റ് ) കടക്കുകയും ചെയ്തു. മറ്റൊരു ബാഞ്ചുമാര്‍ക്കായ സെന്‍സെക്‌സ് 75000 പോയിന്റിനു മുകളിലുമെത്തി.

ഗവണ്‍മെന്റ് ഖജനാവിലേക്ക് റിസര്‍വ് ബാങ്ക് ലാഭവീതമായി 2.1 ലക്ഷം കോടി രൂപ നല്‍കിയത് വിപണിക്കു കരുത്തായി. ബാങ്കിംഗ് സൂചികയെ ഇതു 50000 പോയിന്റിലേക്ക് ഇതടുപ്പിച്ചു.

ജിഡിപി കണക്കും മണ്‍സൂണും

വിപണിയുടെ ദിശ നിശ്ചയിക്കുന്ന മുഖ്യ ഘടകം ലോക്‌സഭ തെരഞ്ഞെടുപ്പു ഫലമാണെങ്കിലും മധ്യകാലത്തില്‍ അനുകൂലമായ ഘടകങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് നാലാം ക്വാര്‍ട്ടര്‍ ജിഡിപി കണക്കുകളും മണ്‍സൂണും.

ജിഡിപി കണക്കുകള്‍: മേയ് 31-നാണ് നാലാം ക്വാര്‍ട്ടര്‍ ജിഡിപി കണക്കുകള്‍ പുറത്തുവിടുന്നത്. റിസര്‍വ് ബാങ്ക് അടുത്തയിടെ പുറത്തുവിട്ട ബുള്ളറ്റനില്‍ ഇന്ത്യന്‍ ജിഡിപി നാലാം ക്വാര്‍ട്ടറില്‍ 7.3 ശതമാനം വളര്‍ച്ച നേടുമെന്നാണ്. എന്നാല്‍ മറ്റ് റേറ്റിംഗ് ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത് 6.8 ശതമാനം വളര്‍ച്ചയാണ്.

ആദ്യക്വാര്‍ട്ടറില്‍ 8.2 ശതമാനവും രണ്ടാ ക്വാര്‍ട്ടറില്‍ 8.1 ശതമാനവും മൂന്നാം ക്വാര്‍ട്ടറില്‍ 8.4 ശതമാനവും വളര്‍ച്ച നേടിയിരുന്നു. 2023-24 വര്‍ഷത്തില്‍ 7.6-7.8 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ക്വാര്‍ട്ടറില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ച പ്രതീക്ഷിക്കുന്നു.

ഏപ്രിലിലെ കാതല്‍മേഖല വളര്‍ച്ചാക്കണക്കുകളും മേയ് 31-ന് എത്തും.

മണ്‍സൂണ്‍: മണ്‍സൂണ്‍ ആണ് മറ്റൊരു കാര്യം. മേയ് 31-ന് പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ത്യന്‍ മഹാകരയുടെ തീരംതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണയ്ക്കു ഒരു ദിവസം മുമ്പാണിത്. സാധരണയോ അതിലും മെച്ചപ്പെട്ട മണ്‍സൂണ്‍ ആണ് ഈ സീസണില്‍ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. നല്ലൊരു മണ്‍സൂണ്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ ചില്ലറയല്ല.

രാജ്യത്തിന്റെ ആവശ്യത്തിനുള്ള വെള്ളത്തിന്റെ 70 ശതമാനം ഈ സീസണിലാണ് ലഭിക്കുന്നത്.

സമയത്ത് എത്തുന്ന, മെച്ചപ്പെട്ട മണ്‍സൂണ്‍ ഖാരിഫ് കൃഷിയുടെ വിസ്തീര്‍ണം വര്‍ധിപ്പിക്കുമെന്നു മാത്രമല്ല ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുകയും പണപ്പെരുപ്പ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

നല്ല മണ്‍സൂണ്‍ വഴി വരുന്ന മണ്ണിലെ ഈര്‍പ്പം റാബി വിളവ് മെച്ചപ്പെടുത്തുകയും ചെയ്യും.

മേയ് 29-ന് കാലാവസ്ഥ ഡിപ്പാര്‍ട്ട്‌മെന്റ് സബ്ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള പ്രതിവാര മഴക്കണക്കുകള്‍ പുറത്തുവിടും

നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍: നൂറുകണക്കിനു കമ്പനികള്‍ ഈ വാരത്തില്‍ നാലാം ക്വാര്‍ട്ടര്‍ ഫലങ്ങളുമായി എത്തുന്നുണ്ട്. അതില്‍ ടാറ്റ സ്റ്റീല്‍ പോലുള്ള വന്‍ കമ്പനികളുണ്ട്. നാലാം ക്വാര്‍ട്ടറില്‍ കമ്പനികള്‍ പൊതുവേ മെച്ചപ്പെട്ട ഫലമാണ് പുറത്തുവിട്ടിട്ടുള്ളത്. അടുത്ത ക്വാര്‍ട്ടറിലും മെച്ചപ്പെട്ട ഫലങ്ങള്‍ നല്‍കുമെന്ന സൂചനയാണ് പല കമ്പനികളും നല്കിയിട്ടുള്ളത് ഇതു മധ്യ, ദിര്‍ഘകാലത്തില്‍ വിപണിക്കു കരുത്തു പകരും.

വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍

മാസാദ്യവാരങ്ങളിലെ കനത്ത വില്‍പ്പന വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഗണ്യമായി കുറച്ചിരിക്കുകയാണ്. ഈ വാരത്തിലെ നാലു വ്യാപാരദിനങ്ങളില്‍ മുന്നു ദിവസവും അറ്റ വില്‍പ്പനക്കാരായിരുന്നു വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച അവര്‍ 944 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് നടത്തിയത്. ഈ വാരത്തില്‍ 1165 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. ഈ വാരത്തില്‍ വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ 34459.88 കോടി രൂപയുടെ അറ്റ വില്‍ക്കല്‍ നടത്തിയിട്ടുണ്ട്.

ഇതേ സമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ 40797.89 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച 2320 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വരുന്നതുവരെ ഇതേ നില തുടരുവാനാണ് സാധ്യത.

ഈ വാരത്തിലെത്തുന്ന ക്വാര്‍ട്ടര്‍ ഫലങ്ങള്‍

അബാന്‍ ഓഫ്‌ഷോര്‍, അസ്ട്ര സെനക്ക, ഓട്ടോമോട്ടീവ് ആക്‌സില്‍സ്, ബിനാനി ഇന്‍ഡ്, ഡിസിഎം, ഡിഷ് ടിവി ഇന്ത്യ,എല്‍ജി എക്വിഫപ്,ജെയ് കോര്‍പ്, ജിന്‍ഡാല്‍ വേള്‍ഡ്‌വൈഡ്,ലുമാക്‌സ് ഓട്ടോ, നാറ്റ്‌കോ, എന്‍എംഡിസി, നാല്‍കോ, ബൊറീസില്‍ റിന്യൂവബിള്‍സ്, ഇഐഎച്ച്, ജിവികെ പവര്‍, ഐഎഫ് ബി അഗ്രോ, യുണിടെക്, ഇപ്ക് ലാബ്, കെഎന്‍ആര്‍ കൺസ്ട്രക്ഷൻ, ജ്യോതി സ്ട്രക്‌ചേഴ്‌സ്, എസ്‌ജെവിഎന്‍, രാംകി ഇന്‍ഫ്രാ, ഗ്ലോബസ് സ്പിരിറ്റ്, മുത്തൂറ്റ് ഫിനാന്‍സ്, ടാറ്റാ സ്റ്റീല്‍, പിടിസി ഇന്ത്യ, റിലയന്‍സ് കാപ്പിറ്റല്‍, അപ്പോളോ ഹോസ്പിറ്റൽ തുടങ്ങി നൂറുകണക്കിനു കമ്പനികള്‍ വരുന്ന വാരത്തില്‍ നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും.

ഇന്ത്യന്‍ കമ്പനികളെ സംബന്ധിച്ചിടത്തോളം നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ അത്ര മോശമായിരുന്നില്ല. വിപണിക്കു ഭാവിയില്‍ കരുത്തു നല്‍കുവാന്‍ കമ്പനികളുടെ ഈ നല്ല ഫലങ്ങള്‍ സഹായിക്കും. പ്രത്യേകിച്ചും മധ്യ, ദീര്‍ഘകാലയളവില്‍. അടിസ്ഥാനപരമായി കമ്പനികളുടെ വരുമാന വളര്‍ച്ചയാണ് ദീര്‍ഘകാലത്തില്‍ ഓഹരി വിപണിക്കു ദിശനല്‍കുന്നത്.

പബ്ലിക് ഇഷ്യു

ഓഹരി വിപണിയുടെ കരുത്തിന്റെ ലക്ഷണങ്ങളിലൊന്ന് പ്രാഥമിക വിപണിയില്‍നിന്നു പണം സ്വരൂപിക്കാനുള്ള കമ്പനികളുടെ ശേഷിയാണ്. നിരവധി കമ്പനികളാണ് ഏതാനും മാസങ്ങളായി വിപണിയിലെത്തുകയും പണം സ്വരൂപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. മെയിന്‍ ബോര്‍ഡ് വിഭാഗത്തില്‍ ഇഷ്യമായി എത്തിയ ഓഫിസ് സ്‌പേസ് സൊലൂഷന്റെ ഓഹരി മേയ് 27-ന് അവസാനിക്കും. ഈ വാരത്തില്‍ എസ്എംഇ മേഖലയില്‍നിന്ന് അഞ്ച് കമ്പനികളാണ് ( വിലാസ് ട്രാന്‍സ്‌കോര്‍, ബീക്കണ്‍ ട്രസ്റ്റീഷിപ്പ്, ഇസെഡ് ടെക് ഇന്ത്യ, എയിംട്രോണ്‍ ഇലക്ട്രോണിക്‌സ്, ടിബിഐ കോണ്‍ എന്നിവ ) ഇഷ്യുമായി എത്തുന്നത്. ജിഎസ് എം ഫോയില്‍ ഇഷ്യു മേയ് 28-ന് ക്ലോസ് ചെയ്യും. ഒഫീസ് സ്‌പേസും ജിഎസ്എം ഫോയില്‍സും ഈ വാരത്തില്‍ ലിസ്റ്റ് ചെയ്യും.

ആഗോള സംഭവവികാസങ്ങള്‍

യുഎസ് ആദ്യ ക്വാര്‍ട്ടര്‍ ജിഡിപി കണക്ക്, ജോബ് ക്ലെയിം, ഹോള്‍സെയില്‍ ഇന്‍വെന്ററി കണക്കുകള്‍ എന്നിവ മേയ് 30-ന് പുറത്തുവിടും. ചൈനീസ് മാനുഫാക്ചറിംഗ് പിഎംഐ മേയ് 27-ന് വരും. മേയ് 29-ന് ജര്‍മനി പണപ്പെരുപ്പ കണക്കുകള്‍ പുറത്തവിടും. അന്നുതന്നെ റഷ്യന്‍ വ്യാവസായികോത്പാദനക്കണക്കുകളും പുറത്തുവരും.

ക്രൂഡോയില്‍ വില

നാലു ദിവസം തുടര്‍ച്ചയായി കുറഞ്ഞ ക്രൂഡോയില്‍ വില വാര്യന്തത്തില്‍ കാര്യമായ വ്യത്യാസമില്ലാതെ തുടരുകയാണ്. യുഎസ് ജിഡിപി, ചൈനീസ് പിഎംഐ തുടങ്ങിയവ വളര്‍ച്ചകാണിച്ചാല്‍ അതു എണ്ണവിലയില്‍ പ്രതിഫലിക്കും. തല്‍ക്കാലം വലിയ കുതിച്ചുചാട്ടമൊന്നും ക്രൂഡോയില്‍ വിപണിയില്‍ ആരും പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല, വെനിസ്വേലിയില്‍നിന്നു ക്രൂഡോയില്‍ ഉത്പാദനത്തിനു യുഎസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധത്തിന് 2024 ഏപ്രില്‍ വരെ നല്‍കിയിരുന്ന താല്‍ക്കാലിക ഇളവുകള്‍ നീട്ടിയേക്കുമെന്ന സൂചനയാണുള്ളത്. നിലവിലുള്ള ഉത്പാദകരെ അതു തുടരാന്‍ അനുവദിക്കും.

ക്രൂഡോയില്‍ ഡിമാൻ്റ് വര്‍ധിക്കുകയാണെങ്കിലും വില സമ്മര്‍ദ്ദത്തിലാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നതു സംബന്ധിച്ച് ഫെഡറല്‍ റിസര്‍വ് പ്രതിജ്ഞാബദ്ധത കാണിക്കാത്തതും റഷ്യയ്ക്ക് ഉത്പാദനം വെട്ടിക്കുറയ്ക്കാൻ കഴിയാത്തതും വിലയില്‍ താഴേയ്ക്കു സമ്മര്‍ദ്ദം ചെലുത്തുകയാണ്.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിൽ ഉള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.