23 Nov 2023 6:11 AM GMT
Summary
- അറ്റാദായം 29 കോടി രൂപയായി രേഖപ്പെടുത്തി
- കമ്പനിയുടെ മൊത്ത വരുമാനം 21.09 ശതമാനം ഉയർന്നു
- .പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 21 ശതമാനം വർധിച്ചു
മമഎർത്തിന്റെ മാതൃ കമ്പനിയായ ഹോനാസ കൺസ്യൂമർ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇന്ന് കമ്പനിയുടെ ഓഹരികൾ 20 ശതമാനം ഉയർന്നു. രാവിലെ 10:02 ഓടെ ഹോനാസയുടെ ഓഹരികൾ അപ്പർ സർക്യൂട്ടിൽ 423.75 രൂപയിലെത്തി.
2023-24 സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ ഇന്നലെ വിപണി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഹൊനാസ പ്രഖ്യാപിച്ചത്. കമ്പനിയുടെ അറ്റാദായം 29 കോടി രൂപയായി രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 15 കോടി രൂപയായിരുന്നു. അറ്റാദായത്തിൽ 93 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ആദ്യ ഫല പ്രഖ്യാപനമാണിത്.പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 21 ശതമാനം വർധിച്ച് 496 കോടി രൂപയായി. മുൻ വർഷമിത് 410.4 കോടി രൂപയായിരുന്നു.
സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 21.09 ശതമാനം ഉയർന്ന് 503.18 കോടി രൂപയിലെത്തി. മൊത്തം ചെലവ് മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് 18.25 ശതമാനം ഉയർന്ന് 463.98 കോടി രൂപയായി.
2023 സെപ്റ്റംബറിൽ 1,65,937 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഹോനാസ കൺസ്യൂമറിന്റെ ഉത്പന്നങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. വർഷാടിസ്ഥാനത്തിൽ ഇത് 47 ശതമാനം വർധനയാണ്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം13 ശതമാനം ഉയർന്നു.
നിലവിൽ ഓഹരികൾ എൻഎസ്ഇ-യിൽ 19.99 ശതമാനം ഉയർന്ന് 423.75 രൂപയിൽ വ്യപാരം നടക്കുന്നു.