image

11 Sept 2023 9:54 AM

Stock Market Updates

ചരിത്രം: 20,000 തൊട്ട് നിഫ്റ്റി

MyFin Desk

ചരിത്രം: 20,000 തൊട്ട് നിഫ്റ്റി
X

Summary

  • 528.17 പോയിന്റ് നേട്ടത്തോടെ സെന്‍സെക്സ്
  • നിഫ്റ്റിക്ക് പുതിയ റെക്കോഡ് ക്ലോസിംഗ്


ചരിത്രത്തില്‍ ആദ്യമായി നിഫ്റ്റി 20 ,000 പോയിന്‍റിനു മുകളില്‍, ഇന്ന് വ്യാപാരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉച്ചയ്ക്ക് 3.16 നാണ് ഈ നാഴികക്കല്ല് വിപണി പിന്നിട്ടത്. ആഭ്യന്തര വിപണി സൂചികകൾ തുടര്‍ച്ചയായ ഏഴാം ദിവസവും നേട്ടത്തിലാണ്. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കരുത്തുറ്റ മുന്നേറ്റമാണ് ഇന്ന് സെന്‍സെക്സിലും നിഫ്റ്റിയിലും പ്രകടമായത്.

ഇന്ത്യക്കും മധ്യേഷ്യക്കും യൂറോപ്പിനും ഇടയില്‍ സാമ്പത്തിക ഇടനാഴി സാധ്യമാക്കുമെന്ന ജി20 പ്രഖ്യാപനവും ഉച്ചകോടിയുടെ വിജയകരമായ സമാപനവും നിക്ഷേപകരുടെ വികാരം ഉയര്‍ത്തി. 19,991.85 എന്ന ഇതുവരെയുണ്ടായിരുന്ന സര്‍വകാല ഉയരം പിന്നിടാന്‍ 36 സെഷനുകളുടെ സമയം മാത്രമാണ് നിഫ്റ്റി എടുത്തത്. വന്‍കിട ഓഹരികളിലെ ശക്തമായ വാങ്ങലും വിപണികള്‍ക്ക് കരുത്തായി. നിഫ്റ്റി 176.40 പോയിന്റ് ഉയർന്ന് 19,996.35 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 528.17 പോയിന്റ് ഉയർന്ന് 67,127.08 ലെത്തി

സെൻസെക്‌സ് കമ്പനികളിൽ, എച്ച്‌സിഎൽ ടെക്‌നോളജീസ്, മാരുതി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, നെസ്‌ലെ, റിലയൻസ് ഇൻഡസ്ട്രീസ്, ലാർസൻ ആൻഡ് ടൂബ്രോ, അൾട്രാടെക് സിമന്റ്, ഭാരതി എയർടെല്‍, പവര്‍ ഗ്രിഡ്, ആക്സിസ് ബാങ്ക്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഡസ്ഇൻഡ് ബാങ്കും ബജാജ് ഫിനാന്‍സുമാണ് ഇടിവ് നേരിട്ട പ്രധാന ഓഹരികള്‍.

ഏഷ്യൻ വിപണികളിൽ, ഷാങ്ഹായ്, ഓസ്ട്രേലിയ എന്നിവ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ താഴ്ന്നു. യൂറോപ്യന്‍ വിപണികളും ഇന്ന് പൊതുവില്‍ പോസിറ്റിവ് തലത്തിലാണ്. വെള്ളിയാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് മേഖലയിലാണ് അവസാനിച്ചത്.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വെള്ളിയാഴ്ച 224.22 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബി‌എസ്‌ഇ ബെഞ്ച്മാർക്ക് വെള്ളിയാഴ്ച 333.35 പോയിന്റ് അഥവാ 0.50 ശതമാനം ഉയർന്ന് 66,598.91 ൽ എത്തി. നിഫ്റ്റി 92.90 പോയിന്റ് അഥവാ 0.47 ശതമാനം ഉയർന്ന് 19,819.95 ൽ എത്തി.