image

24 Sep 2024 12:00 PM GMT

Stock Market Updates

വിപണിയിൽ ചരിത്ര നേട്ടം; 85,000 താണ്ടി സെൻസെക്സ്, 26,000 കടന്ന് നിഫ്റ്റി

MyFin Desk

വിപണിയിൽ ചരിത്ര നേട്ടം; 85,000 താണ്ടി സെൻസെക്സ്, 26,000 കടന്ന് നിഫ്റ്റി
X

Summary

  • നിഫ്റ്റി മെറ്റൽ സൂചിക 3 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.6 ശതമാനവും ഉയർന്നു
  • സ്മോൾക്യാപ് സൂചിക 0.04 ശതമാനം ഇടിഞ്ഞു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 83.65ൽ


ചരിത്ര നേട്ടം തുടർന്ന് ആഭ്യന്തര വിപണി. സെൻസെക്സ് ആദ്യമായി 85,000 പോയിന്റുകൾ താണ്ടി. നിഫ്റ്റി 26,000 എന്ന നാഴികക്കല്ലും മറികടന്നു. നിഫ്റ്റി തുടർച്ചയായി നാലാം ദിവസമാണ് നേട്ടത്തോടെ ക്ലോസ് ചെയുന്നത്. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ എഫ്എംസിജിയിലെയും ബാങ്കിംഗ് ഓഹരികളിലെയും ഇടിവ് വിപണിയെ നഷ്ടത്തിലേക്ക് നയിച്ചു. ഹിന്ദുസ്ഥാൻ യൂണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലെ വിൽപ്പന സൂചികകളെ വലച്ചു.

സെൻസെക്സ് 14.57 പോയിൻ്റ് അഥവാ 0.02 ശതമാനം ഇടിഞ്ഞ് 84,914.04ൽ ക്ലോസ് ചെയ്തു. ഇൻട്രാ-ഡേയിൽ സൂചിക 34.62 പോയിൻ്റ് ഉയർന്ന് 85,163.23 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരുന്നു.

നിഫ്റ്റി 1.35 പോയിൻ്റ് ഉയർന്ന് 25,940.40 എന്ന പുതിയ ഉയരത്തിൽ ക്ലോസ് ചെയ്തു. ഇൻട്രാ-ഡേയിൽ 72.5 പോയിൻ്റ് അഥവാ 0.27 ശതമാനം ഉയർന്ന് 26,011.55 എന്ന പുതിയ റെക്കോർഡും തൊട്ടു.

സെൻസെക്സിൽ ഹിന്ദുസ്ഥാൻ യുണിലിവർ, അൾട്രാടെക് സിമൻ്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ടൈറ്റൻ, നെസ്‌ലെ, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിൻ്റ്‌സ് എന്നീ ഓഹരികൾ ഇടിഞ്ഞു. ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ സൂചിക 3 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.6 ശതമാനവും ഉയർന്നു. നിഫ്റ്റി പവർ സൂചിക 1.4 ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, എഫ്എംസിജി, ടെലികോം സൂചികകൾ 0.5-1 ശതമാനം വരെ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.21 ശതമാനം ഉയർന്നപ്പോൾ സ്മോൾക്യാപ് സൂചിക 0.04 ശതമാനം ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ പച്ചയിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തിങ്കളാഴ്ച 404.42 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 2.35 ശതമാനം ഉയർന്ന് ബാരലിന് 75.64 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 83.65ൽ എത്തി.

നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം 6.8 ശതമാനമായി നിലനിർത്തിയ എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ്സ്, ഒക്ടോബറിലെ പണ നയ അവലോകനത്തിൽ ആർബിഐ പലിശ നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും സൂചന.