27 Jun 2024 11:15 AM GMT
Summary
- തുടർച്ചയായി നാലാം ദിവസമാണ് സൂചികകൾ പച്ചയിൽ വ്യാപാരം അവസാനിപ്പിക്കുന്നത്
- 79,000 കടന്ന് സെൻസെക്സ്; 24,000 തൊട്ട് നിഫ്റ്റി
- നിഫ്റ്റി ബാങ്ക് സൂചിക 53,180.75 എന്ന റെക്കോർഡ് ഉയരത്തിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് പുത്തൻ റെക്കോർഡിൽ. സെൻസെക്‌സ് ആദ്യമായി 79,000 കടന്നപ്പോൾ നിഫ്റ്റി 24,000 എന്ന കൊടുമുടിയും താണ്ടി. തുടർച്ചയായി നാലാം ദിവസമാണ് സൂചികകൾ പച്ചയിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. ഇൻഫോസിസ്, റിലയൻസ്, ടിസിഎസ് തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളുടെ കുതിപ്പ് സൂചികകളെ പുതിയ ഉയരത്തിലെത്തിച്ചു.
വ്യാപാരമധ്യേ സെൻസെക്സ് 721.78 പോയിൻ്റ് അഥവാ 0.91 ശതമാനം ഉയർന്ന് 79,396.03 പുതിയ റെക്കോർഡ് ഉയരത്തിലെത്തി. ഇൻട്രാ-ഡേയിൽ നിഫ്റ്റി 218.65 പോയിൻ്റ് അഥവാ 0.91 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന ലെവലായ 24,087.45 പോയിന്റും തൊട്ടു.
സെൻസെക്‌സ് 568.93 പോയിൻ്റ് അഥവാ 0.72 ശതമാനം ഉയർന്ന് 79,243.18 ലും നിഫ്റ്റി 175.70 പോയിൻ്റ് അഥവാ 0.74 ശതമാനം ഉയർന്ന് 24,044.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അൾട്രാടെക് സിമൻ്റ്, ഗ്രാസിം ഇൻഡസ്ട്രീസ്, എൽടിഐഎംഡ്‌ട്രീ, വിപ്രോ, എൻടിപിസി എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ശ്രീറാം ഫിനാൻസ്, എൽ ആൻഡ് ടി, ഐഷർ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ദിവിസ് ലാബ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി ബാങ്ക് സൂചിക 53,180.75 എന്ന റെക്കോർഡ് ഉയരത്തിലെത്തി. നിഫ്റ്റി ഐടി, പവർ സൂചികകൾ 1.7 ശതമാനം വീതം ഉയർന്നപ്പോൾ പൊതുമേഖലാ ബാങ്ക് സൂചിക ഒരു ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.5 ശതമാനം ഇടിഞ്ഞപ്പോൾ സ്‌മോൾക്യാപ് സൂചിക മാറ്റമില്ലാതെ തുടർന്നു.
1,885 കോടി രൂപയുടെ ഇടപാടിലൂടെ ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യ സിമൻ്റ്‌സ് ലിമിറ്റഡിൻ്റെ 23 ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്ന് രാജ്യത്തെ പ്രമുഖ സിമൻ്റ് നിർമാതാക്കളായ അൾട്രാടെക് അറിയിച്ചതോടെ സെൻസെക്‌സ് കമ്പനികളിൽ അൾട്രാടെക് സിമൻ്റ് ഓഹരികൾ അഞ്ചു ശതമാനത്തിലധികം കുതിച്ചുയർന്നു.
ആക്‌സിസ് ബാങ്ക്, ബയർ ക്രോപ്‌സയൻ, ഭാരതി എയർടെൽ, ജിഎംആർ എയർപോർട്ട്‌സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ഗ്രാസിം ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, എൽഐസി ഹൗസിംഗ് ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, ഓയിൽ ഇന്ത്യ, പിബി ഫിൻടെക്, റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, അൾട്രാ ടെക് സിമൻ്റ്, സംവർദ്ധന മദർസൺ ഇൻ്റർനാഷണൽ തുടങ്ങിയ ഓഹരികൾ ബിഎസ്ഇയിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരം തുടരുന്നു. ബുധനാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ 83.46 എത്തി..
ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 3,535.43 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.84 ശതമാനം ഉയർന്ന് ബാരലിന് 85.97 ഡോളറിലെത്തി.