image

12 Aug 2024 5:00 AM GMT

Stock Market Updates

ഹിൻഡൻബർഗ് റിപ്പോർട്ടിൽ തളർന്ന് വിപണി; ചുവപ്പണിഞ്ഞ് അദാനി ഓഹരികൾ

MyFin Desk

markets weary of hindenburg report
X

Summary

  • അദാനി എൻ്റർപ്രൈസസ് 4 ശതമാനം ഇടിഞ്ഞു
  • മിഡ്‌ക്യാപ് സൂചിക 0.2 ശതമാനവും സ്മോൾക്യാപ് സൂചിക 0.1 ശതമാനവും ഇടിഞ്ഞു
  • ബ്രെൻ്റ് ക്രൂഡ് 0.10 ശതമാനം ഉയർന്ന് ബാരലിന് 79.74 ഡോളറിലെത്തി


നിഫ്റ്റിയും സെൻസെക്സും ഇന്ന് വ്യാപാരം ആരംഭിച്ചത് ചുവപ്പിലാണ്. യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് നിക്ഷേപകർ ജാഗ്രത പുലർത്തിയതാണ് വിപണി ഇടിവിലേക് നീങ്ങാൻ കാരണമായത്. സെബി ചെയർപേഴ്സണെയും അവരുടെ ഭർത്താവിൻ്റെ ബെർമുഡയിലെയും മൗറീഷ്യസിലെയും അവ്യക്തമായ ഓഫ്‌ഷോർ ഫണ്ടുകളിലെ നിക്ഷേപത്തെക്കുറിച്ച് ഹിൻഡൻബർഗ് റിപ്പോർട്ടുകൾ പുറത്തു വിട്ടിരുന്നു. മാധബി പുരി ബുച്ച് അദാനിയുമായി ബന്ധപ്പെട്ടുള്ള ഓഫ്‌ഷോർ സ്ഥാപങ്ങളുടെ ഓഹരികൾ കൈവശം വച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ട്.

നിഫ്റ്റി 0.4 ശതമാനം ഇടിഞ്ഞ് 24,285ലും സെൻസെക്‌സ് 0.4 ശതമാനം ഇടിഞ്ഞ് 79,437ലും ആണ് വ്യാപാരം ആരംഭിച്ചത്. ഏകദേശം 1,180 ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 1,556 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 206 ഓഹരികൾ മാറ്റമില്ലത് തുടർന്നു.

അദാനി ഗ്രൂപ്പിൻ്റെ ഓഹരികളിലായിരിക്കും നിക്ഷേപകരുടെ ഇന്നത്തെ ശ്രദ്ധ. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള എല്ലാ കമ്പനികളും നഷ്‌ടത്തിലായിരുന്നു വ്യാപാരം ആരംഭിച്ചത്. മുൻനിര സ്ഥാപനമായ അദാനി എൻ്റർപ്രൈസസ് 4 ശതമാനം ഇടിഞ്ഞപ്പോൾ അദാനി പോർട്സ് 2 ശതമാനത്തിലധികം ഇടിഞ്ഞു. അദാനി ഗ്രീൻ, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ് എന്നിവയെല്ലാം ഏകദേശം 4 ശതമാനം വീതം നഷ്ടം നൽകി.

മിഡ്‌ക്യാപ് സൂചിക 0.2 ശതമാനവും സ്മോൾക്യാപ് സൂചിക 0.1 ശതമാനവും ഇടിഞ്ഞു. സെക്ടറിൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റി സൂചിക മാത്രമാണ് 0.4 ശതമാനം ഉയർന്നത്. ബാക്കിയുള്ള 12 സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റൽ, ഓട്ടോ സൂചികകൾ കുത്തനെ ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ഹോങ്കോങ് എന്നിവ നേട്ടത്തോടെ വ്യാപാരം നടത്തുമ്പോൾ ഷാങ്ഹായ് ഇടിവിലാണ്. വെള്ളിയാഴ്ച യു എസ് വിപണികൾ നേട്ടത്തിലാണ് വ്യാപരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച്ച 406.72 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.10 ശതമാനം ഉയർന്ന് ബാരലിന് 79.74 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവിൽ 2471 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.95ൽ എത്തി.