22 Dec 2023 6:56 AM
എച്ച് 1 ബി വിസ പുതുക്കാന്‍ ഇന്ത്യക്കാര്‍ക്കും കാനഡക്കാര്‍ക്കും മാത്രമായി അവസരം
MyFin Desk
Summary
- പൈലറ്റ് പ്രോഗ്രം 2024 ജനുവരി 29 മുതൽ
- മിഷൻ ഇന്ത്യ പദ്ധതി പ്രകാരം വിസ ലഭിച്ചവര്‍ക്കാണ് അവസരം
- ഓരോ ആഴ്ചയും ഇന്ത്യക്കാര്‍ക്ക് 2000 സ്ലോട്ട്
കുടിയേറ്റ ഇതര എച്ച് 1 ബി വിസകള്‍ പുതുക്കി നല്‍കുന്നതിന്‍റെ പരീക്ഷണ പദ്ധതി യുഎസ് പ്രഖ്യാപിച്ചു. 2024 ജനുവരി 29 മുതൽ ഏപ്രിൽ 1 വരെ നടത്തുന്ന പൈലറ്റ് പ്രോഗ്രാമില്‍ അര്‍ഹരായ ഇന്ത്യക്കാര്‍ക്കും കാനഡക്കാര്‍ക്കും മാത്രമാണ് അവസരമുള്ളത്. 2004 മുതല്‍ ഇത്തരം വിസകള്‍ പുതുക്കി നല്‍കുന്നത് യുഎസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് പുനരാരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് പൈലറ്റ് പ്രോഗ്രാം പ്രഖ്യാപിച്ചിട്ടുള്ളത്.
യുഎസ് അധികൃതര്‍ പുറത്തുവിട്ട വിവരം അനുസരിച്ച് പരീക്ഷണ ഘട്ടത്തില്‍ ഓരോ ആഴ്ചയും 4000 അപേക്ഷകള്‍ക്കുള്ള സ്ലോട്ടുകളാണ് അനുവദിക്കുക. ഇതില്‍ 2000 സ്ലോട്ടുകളാണ് ഇന്ത്യ അനുവദിച്ച വിസകള്‍ക്കായി നീക്കിവെക്കുക. ഈ സ്ലോട്ടുകള്‍ 2024 ജനുവരി 29, ഫെബ്രുവരി 5, 12, 19, 26 തീയതികളിൽ ലഭ്യമാകും. അപേക്ഷകൾ https://travel.state.gov/content/travel/en/us-visas/employment/domestic-renewal.html എന്ന ലിങ്കില്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. വിസ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ www.regulations.gov എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. 2021 ഫെബ്രുവരി1 നും 2021 സെപ്റ്റംബർ 30നും ഇടയിൽ മിഷൻ ഇന്ത്യ പദ്ധതി പ്രകാരം വിസ ലഭിച്ചവര്‍ക്കാണ് ഈ ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കാനാകുക.
എച്ച്-1ബി വിസ പ്രകാരം യുഎസില്‍ എത്തിയ ജീവനക്കാർക്ക്, തൊഴിൽ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് യാത്ര ചെയ്യേണ്ടി വരുകയും വിസ കാലഹരണപ്പെട്ടാൽ ഉടൻ മടങ്ങിയെത്താൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
നിലവിലെ പൈലറ്റ് പ്രോഗ്രാം മുമ്പ് വിരലടയാളം സമർപ്പിച്ചതും വ്യക്തിഗത അഭിമുഖത്തിന്റെ ആവശ്യകതയിൽ ഇളവിന് അർഹതയുള്ളതുമായ വ്യക്തികള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ വ്യക്തി യുഎസില്‍ ഇല്ലെങ്കിലും വിസ പുതുക്കാനാകും. കുടിയേറ്റക്കാരല്ലാത്ത വിസകളുടെ പുതുക്കലുകൾ പുനരാരംഭിക്കുന്നതിനും വിസ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമുള്ള എമിഗ്രേഷന്‍ ഡിപ്പാർട്ട്‌മെന്‍റിന്‍റെ ശേഷി പരിശോധിക്കാനാണ് ഈ പൈലറ്റ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.