image

2 Jan 2024 4:30 AM GMT

Income Tax

ജിഎസ്‍ടി കളക്ഷനില്‍ ദേശീയ വളര്‍ച്ച 10%; കേരളത്തില്‍ 12%

MyFin Desk

10% national growth in gst collection, 12% in kerala
X

Summary

  • നവംബറിനെ അപേക്ഷിച്ച് ജിഎസ്‍ടി കളക്ഷനില്‍ ഇടിവ്
  • 2023-24 ലെ ശരാശരി പ്രതിമാസ കളക്ഷന്‍ 1.66 ലക്ഷം കോടി
  • തുടര്‍ച്ചയായ അഞ്ചാം മാസവും കേരളത്തിന്‍റെ കളക്ഷന്‍ 2000 കോടിക്ക് മുകളില്‍


ഡിസംബറില്‍ രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്‍ടി) സമാഹരണം 10 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1.65 ലക്ഷം കോടി രൂപയായി. അതേസമയം നവംബറിലെ 1.68 ലക്ഷം കോടി രൂപയുടെ സമാഹരണവുമായി താരതമ്യം ചെയ്യുമ്പോള്‍ 2 ശതമാനം കുറവാണ് ഡിസംബറില്‍ ഉണ്ടായത്. എങ്കിലും പ്രതിമാസ ജിഎസ്‍ടി കളക്ഷൻ തുടര്‍ച്ചയായ പത്താം മാസവും 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ നിലകൊള്ളുന്നു എന്നത് ശ്രദ്ധേയമാണ്. ഏറ്റവും പുതിയ കണക്കുകള്‍ക്ക് ശേഷം 2023-24 ലെ ശരാശരി പ്രതിമാസ കളക്ഷന്‍ 1.66 ലക്ഷം കോടി രൂപയാണ്.

ദേശീയ ശരാശരിയേക്കാള്‍ മികച്ച വളര്‍ച്ചയാണ് കേരളത്തിന്‍റെ ജിഎസ്‍ടി സമാഹരണത്തില്‍ ഉണ്ടായിട്ടുള്ളത്. മുന്‍വര്‍ഷം ഡിസംബറില്‍ രേഖപ്പെടുത്തിയ 2185 കോടി രൂപയില്‍ നിന്ന് 2023 ഡിസംബറില്‍ കേരളത്തിന്‍റെ കളക്ഷന്‍ 12 ശതമാനം വളര്‍ച്ചയോടെ 2458 കോടി രൂപയിലെത്തി. 14 ശതമാനം ജിഎസ്‍ടി വളര്‍ച്ച നേടിയ മഹാരാഷ്ട്രയാണ് തുകയുടെ അടിസ്ഥാനത്തിലും ജിഎസ്‍ടി കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത്.

നവംബറില്‍ 20 ശതമാനം വളര്‍ച്ച ജിഎസ്‍ടി കളക്ഷനില്‍ സ്വന്തമാക്കാന്‍ കേരളത്തിന് സാധിച്ചിരുന്നു. 2515 കോടി രൂപയായിരുന്നു നവംബറിലെ കളക്ഷന്‍. തുടര്‍ച്ചയായ അഞ്ച് മാസങ്ങളില്‍ ജിഎസ്‍ടി സമാഹരണം 2000 കോടിക്ക് മുകളില്‍ നിലനിര്‍ത്താന്‍ കേരളത്തിന് സാധിച്ചു എന്നതും ശ്രദ്ധേയമാണ്.

ഡിസംബറിൽ രാജ്യത്തെ കേന്ദ്ര ജിഎസ്‍ടി കളക്ഷൻ 30,443 കോടി രൂപയും മൊത്തം സംസ്ഥാന ജിഎസ്‍ടി കളക്ഷന്‍ 37,935 കോടി രൂപയുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്‍ടി ഇനത്തില്‍ 84,255 കോടി രൂപയും സെസ് ഇനത്തില്‍ 12,249 കോടി രൂപയും സമാഹരിച്ചു.

ഇന്‍റഗ്രേറ്റഡ് ജിഎസ്ടിയിൽ നിന്ന് കേന്ദ്ര ജിഎസ്ടിയിലേക്ക് 40,057 കോടി രൂപയും സംസ്ഥാന ജിഎസ്‍ടികളിലേക്ക് മൊത്തം 33,652 കോടി രൂപയും നല്‍കി. സെറ്റില്‍മെന്‍റിന് ശേഷം ഡിസംബറിലെ കേന്ദ്രത്തിന്‍റെ ജിഎസ്‍ടി വരുമാനം 70,501 കോടി രൂപയും സംസ്ഥാനങ്ങളുടെ മൊത്തം ജിഎസ്‍ടി വരുമാനം 71,587 കോടി രൂപയുമാണ്.