17 May 2024 11:00 AM GMT
Summary
- നാലാം പോളിംഗ് ഘട്ടത്തിലെ വോട്ടിംഗ് ശതമാനത്തിലുണ്ടായ വർധന നിക്ഷേപകർക്ക് ആശ്വാസം നൽകി
- നിഫ്റ്റി ഓട്ടോ 2 ശതമാനം ഉയർന്ന് മികച്ച നേട്ടം രേഖപ്പെടുത്തി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഉയർന്ന് 83.33 ലെത്തി
അഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. തുടർച്ചയായി രണ്ടാം ദിവസമാണ് സൂചികകൾ നേട്ടത്തോടെ ക്ലോസ് ചെയുന്നത്. ബുധനാഴ്ചത്തെ സെഷനുപുറമെ, ഈ ആഴ്ച എല്ലാ ദിവസവും സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത് പച്ചയിലാണ്. ആഴ്‌ചയിൽ ബെഞ്ച്മാർക് സൂചികകൾ 2 ശതമാനത്തോളമാണ് ഉയർന്നത്. നാലാം പോളിംഗ് ഘട്ടത്തിലെ വോട്ടിംഗ് ശതമാനത്തിലുണ്ടായ വർധന നിക്ഷേപകർക്ക് ആശ്വാസം നൽകി.
സെൻസെക്‌സ് 253.31 പോയിൻ്റ് അഥവാ 0.3 ശതമാനം ഉയർന്ന് 73,917ലും നിഫ്റ്റി 50 61 പോയിൻ്റ് ഉയർന്ന് 22,464.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഗ്രാസിം ഇൻഡസ്ട്രീസ്, അൾട്രാടെക് സിമൻ്റ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഭാരത് പെട്രോളിയം, ശ്രീറാം ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ സിപ്ല, ടാറ്റ കൺസൾട്ടൻസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഹീറോ മോട്ടോകോർപ്പ് എന്നീ ഓഹരികൾ ഇടിഞ്ഞു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ 2 ശതമാനം ഉയർന്ന് മികച്ച നേട്ടം രേഖപ്പെടുത്തി. മെറ്റൽ സൂചിക ഏകദേശം 2 ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
ഏഷ്യൻ വിപണികളിൽ ഷാങ്ഹായിയും ഹോങ്കോങ്ങും നേട്ടമുണ്ടാക്കിയപ്പോൾ സിയോളും നിക്കേയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ ചുവപ്പിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്.
ബ്രെൻ്റ് ക്രൂഡ് 0.25 ശതമാനം ഉയർന്ന് ബാരലിന് 83.48 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഉയർന്ന് 83.33 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.17 ശതമാനം ഉയർന്ന് 2389 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 776.49 കോടി രൂപയുടെ ഓഹരികൾ വിറ്റു.
വ്യാഴാഴ്ച സെൻസെക്സ് 676.69 പോയിൻ്റ് അഥവാ 0.93 ശതമാനം ഉയർന്ന് 73,663.72 ലും നിഫ്റ്റി 203.30 പോയിൻ്റ് അഥവാ 0.92 ശതമാനം ഉയർന്ന് 22,403.85 ലുമാണ് ക്ലോസ് ചെയ്തത്.