image

30 April 2024 6:48 AM GMT

Stock Market Updates

ബമ്പർ അരങ്ങേറ്റവുമായി ജെഎൻകെ ഇന്ത്യ; ഓഹരിയൊന്നിന് നേട്ടം 206 രൂപ

MyFin Desk

strong debut, jnk india shares hit the market at a 50% premium
X

Summary

  • ഓഹരികൾ 49.64 ശതമാനം പ്രീമിയത്തോടെയാണ് ലിസ്റ്റ് ചെയ്തത്
  • ഇഷ്യൂ വില 415 രൂപ, ലിസ്റ്റിംഗ് വില 621 രൂപ
  • വിപണിയിലെത്തിയ ഓഹരികൾ തുടക്ക വ്യാപാരം മുതൽ തന്നെ കുതിപ്പിലാണ്


പ്രോസസ്-ഫയർഡ് ഹീറ്ററുകൾ, ക്രാക്കിംഗ് ഫർണസുകൾ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ജെഎൻകെ ഇന്ത്യയുടെ ഓഹരികൾ 49.64 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 415 രൂപയിൽ നിന്നും 206 രൂപ ഉയർന്ന 621 രൂപയിലായിരുന്നു ഓഹരികളുടെ അരങ്ങേറ്റം. ഇഷ്യൂവിലൂടെ 300 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.

വിപണിയിലെത്തിയ ഓഹരികൾ തുടക്ക വ്യാപാരം മുതൽ തന്നെ കുതിപ്പിലാണ്. നിലവിൽ ഓഹരികൾ ലിസ്റ്റിംഗ് വിലയിൽ നിന്നും 8.82 ശതമാനം ഉയർന്ന് 675.75 രൂപയിലാണ് വ്യാപാരം തുടരുന്നത്. ഇത് ഇഷ്യൂ വിലയിൽ നിന്നും 54.50 ശതമാനം ഉയർന്നതാണ്.

മാസ്‌കോട്ട് ക്യാപിറ്റൽ ആൻഡ് മാർക്കറ്റിംഗ്, ജെഎൻകെ ഹീറ്റേഴ്‌സ്, അരവിന്ദ് കാമത്ത്, ഗൗതം രാംപെല്ലി, ദീപക് കചരുലാൽ ഭരുക എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ. ഗൗതം രാംപെല്ലിയുടെ 11.2 ലക്ഷം ഓഹരികളും ജെഎൻകെ ഗ്ലോബലിൻ്റെ 24.3 ലക്ഷം ഓഹരികളും മാസ്‌കോട്ട് ക്യാപിറ്റലിൻ്റെ 44 ലക്ഷം ഓഹരികളും മിലിന്ദ് ജോഷിയുടെ 4.68 ലക്ഷം ഓഹരികളാണ് ഓഫർ ഫോർ സെയിൽ വഴി വിറ്റിരുന്നു.

2010-ൽ സ്ഥാപിതമായ ജെ എൻ കെ ഇന്ത്യ പ്രോസസ്-ഫയർഡ് ഹീറ്ററുകൾ, ക്രാക്കിംഗ് ഫർണസുകൾ എന്നിവയുടെ രൂപകൽപ്പന, നിർമ്മാണം, വിതരണം, ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്.

ആന്ധ്രാപ്രദേശ്, അസം, ബിഹാർ, കർണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കമ്പനി പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. നൈജീരിയയിലും മെക്‌സിക്കോയിലും ഉൾപ്പെടെ ആഗോളതലത്തിലും കമ്പനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കമ്പനി ഇന്ത്യയിലെ 17-ലധികം ഉപഭോക്താക്കൾക്കും വിദേശത്തുള്ള ഏഴ് ക്ലയൻ്റുകൾക്കും സേവനം നൽകിയിട്ടുണ്ട്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ടാറ്റ പ്രോജക്ട്‌സ്, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ്, നുമാലിഗഡ് റിഫൈനറി തുടങ്ങിയവ കമ്പനിയുടെ ഉപഭോക്താക്കളിൽപെടുന്ന ഇന്ത്യൻ കമ്പനികളാണ്.

കമ്പനിയിലെ എല്ലാ ഉത്പന്നങ്ങളും ഉപഭോക്താവിൻ്റെ ആവശ്യങ്ങൾക്കനുസരിച്ചും ബാധകമായ മാനദണ്ഡങ്ങൾക്കനുസൃതമായും നിർമ്മിക്കപ്പെടുന്നവയാണ്. ഇൻ-ഹൌസ് നിർമ്മാണ സൗകര്യങ്ങളിലും മൂന്നാം കക്ഷി വെണ്ടർമാർ വഴിയും നിർമ്മാണം നടക്കുന്നു. ഗുജറാത്തിലെ മുന്ദ്രയിലെ മൾട്ടി-പ്രൊഡക്‌ട് സ്‌പെഷ്യൽ ഇക്കണോമിക് സോണിലാണ് കമ്പനിയുടെ നിർമാണ യൂണിറ്റ്. ഇത് ഏകദേശം 20,243 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.