image

6 Feb 2024 5:47 AM GMT

Stock Market Updates

അരങ്ങേറ്റം ഗംഭീരം; ബിഎൽഎസ് ഇ-സർവീസസ് ലിസ്റ്റിംഗ് 125% പ്രീമിയത്തിൽ

MyFin Desk

great debut, bls e-services listing at 125% premium
X

Summary


    ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ബിഎൽഎസ് ഇ-സർവീസസ് ഓഹരികൾ 125.93 ശതമാനം പ്രീമിയത്തിൽ വിപണിയിൽ അരങ്ങേറ്റം കുറിച്ചു. ഇഷ്യൂ വിലയായിരുന്നു 135 രൂപയിൽ നിന്നും 170 രൂപ ഉയർന്ന് 305 രൂപയിലാണ് ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂ വഴി കമ്പനി 310.91 കോടി രൂപ സമാഹരിച്ചു.

    ബിഎൽഎസ് ഇൻ്റർനാഷണൽ സർവീസസ് ലിമിറ്റഡാണ് കമ്പനിയുടെ പ്രൊമോട്ടർ.

    ഇഷ്യൂ തുക പുതിയ പ്രവർത്തനങ്ങളുടെ വികസനം, നിലവിലുള്ള പ്ലാറ്റ്‌ഫോമുകൾ ഏകീകരിക്കുക, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, ബിഎൽഎസ് സ്റ്റോറുകൾ സ്ഥാപിക്കാനുള്ള ഫണ്ട്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.

    2016 ഏപ്രിലിൽ സ്ഥാപിതമായ ബിഎൽഎസ് ഇ-സർവീസസ് ഇന്ത്യയിലെ പ്രധാന ബാങ്കുകൾക്ക് ബിസിനസ് കറസ്‌പോണ്ടൻസ് സേവനങ്ങൾ, അസിസ്റ്റഡ് ഇ-സർവീസുകൾ, ഇന്ത്യയിലെ താഴെത്തട്ടിലിലുള്ള മേഖലകൾക്കായുള്ള ഇ-ഗവേണൻസ് സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു ഡിജിറ്റൽ സേവന കമ്പനിയാണ്.

    ബിഎൽഎസ് ഇൻ്റർനാഷണൽ സർവീസസ് ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ കമ്പനി സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ പ്ലാറ്റ്‌ഫോമിലൂടെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ സംസ്ഥാന, പ്രവിശ്യാ സർക്കാരുകൾക്ക് വിസ, പാസ്‌പോർട്ട്, കോൺസുലർ, മറ്റ് പൗര സേവനങ്ങൾ നൽകുന്നു. ഇന്ത്യയിൽ ഈ ഡൊമെയ്‌നിൽ ഏർപ്പെട്ടിരിക്കുന്ന ഏക ലിസ്‌റ്റഡ് കമ്പനിയാണിത്.

    ബവേജ സ്റ്റുഡിയോസ്

    എസ്എംഇ പ്രൊഡക്ഷൻ കമ്പനിയായ ബവേജ സ്റ്റുഡിയോസ് ഓഹരികൾ എൻഎസ്ഇ എമെർജിൽ 1.67 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 180 രൂപ, ലിസ്റ്റിംഗ് വില 183 രൂപ. ഇഷ്യൂ വഴി കമ്പനി 97.20 കോടി രൂപ സമാഹരിച്ചു. ഇതിൽ 72 കോടി രൂപയുടെ പുതിയ ഇഷ്യൂവും 25.20 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.

    2001 ൽ സ്ഥാപിതമായ ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ് സിനിമകളുടെ നിർമ്മാണ കമ്പനിയാണ്. ചാർ സാഹിബ്സാദെ, ലവ് സ്റ്റോറി 2050, ഖയാമത്ത്, ബൗകാൽ തുടങ്ങിയ ഹിന്ദി, പഞ്ചാബി സിനിമകൾ കമ്പനിയുടെ നിർമ്മിച്ച ചില സിനിമകളാണ്. ഇതിനു പുറമെ സിനിമയുടെ അവകാശം കച്ചവടം ചെയ്യുന്ന ബിസിനസും കമ്പനിക്കുണ്ട്. കമ്പനി നിർമ്മാതാക്കളിൽ നിന്ന് അവകാശങ്ങൾ വാങ്ങുകയും അവ എക്സിബിറ്റർമാർക്കും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾക്കും വിൽക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വാണിജ്യ സിനിമകൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കണ്ടൻ്റ് പ്രൊഡക്ഷൻ ഹൗസും കൂടിയാണ് ബവേജ സ്റ്റുഡിയോസ്.

    ഡിജിറ്റൽ സിനിമകൾ, വെബ് സീരീസ്, ആനിമേഷൻ സിനിമകൾ, പഞ്ചാബി സിനിമകൾ, പരസ്യ സിനിമകൾ, മ്യൂസിക് വീഡിയോകൾ തുടങ്ങി വിവിധ മേഖലകളിലും കമ്പനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.