17 Jan 2024 2:14 AM GMT
ആഗോള വിപണികള്‍ ചുവപ്പില്‍, യുഎസ് ട്രഷറി ആദായം ഉയര്‍ന്നു; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- പലിശ നിരക്ക് കുറയ്ക്കല്‍ മെല്ലെയാകുമെന്ന് ഫെഡ് റിസര്‍വ് ഗവര്‍ണര്‍
- ഗിഫ്റ്റ് നിഫ്റ്റിയുടെ തുടക്കം ഇടിവോടെ
- സൂചികകളില്‍ കണ്‍സോളിഡേഷന്‍ പ്രതീക്ഷിച്ച് വിദഗ്ധര്‍
അഞ്ച് ദിവസത്തെ റാലിക്ക് ശേഷം ഇന്നലെ നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങി. ആഗോള തലത്തിലെ നെഗറ്റിവ് സൂചനകളും വിപണിയെ ബാധിച്ചു. സൂചികകളില്‍ കണ്‍സോളിഡേഷനും സാധാരണ ലാഭ ബുക്കിംഗും വരുന്ന സെഷനുകളില്‍ തുടരുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു. തുടര്‍ച്ചയായി പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍ നിഫ്റ്റി അടുത്ത മുന്നേറ്റത്തിന് മുമ്പ് 22,000 ലെവലില്‍ ശക്തമായ പ്രതിരോധം കാണാമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്നലെ ബിഎസ്ഇ സെൻസെക്‌സ് 199 പോയിന്റ് താഴ്ന്ന് 73,129ലും നിഫ്റ്റി 65 പോയിന്റ് താഴ്ന്ന് 22,032ലും എത്തി.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 22,046ലും തുടർന്ന് 22,138ലും 22,196ലും ഉടനടി പ്രതിരോധം കാണാനിടയുണ്ട് എന്നാണ്. അതേസമയം താഴ്ചയുടെ സാഹചര്യത്തില്‍ 21,983ലും തുടർന്ന് 21,947ലും 21,888ലും പിന്തുണ എടുക്കാം.
ആഗോള വിപണികളില്‍ ഇന്ന്
തിങ്കളാഴ്ചത്തെ അവധിക്ക് ശേഷം ചൊവ്വാഴ്ച വ്യാപാരത്തില്‍ മൂന്ന് പ്രധാന യുഎസ് വിപണികളും ഇടിവിലായിരുന്നു. ഡൗ സൂചിക 231.86 പോയിന്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞു, എസ് ആന്‍റ് പി 500, നാസ്ഡാക്ക് കോമ്പോസിറ്റ് എന്നിവ യഥാക്രമം 0.37 ശതമാനവും 0.19 ശതമാനവും ഇടിഞ്ഞു.
ധനനയം ലഘൂകരിക്കുന്നത് പ്രതീക്ഷിച്ചതിലും മെല്ലെയാകുമെന്ന സൂചന ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാലര്‍ നല്‍കിയതോടെ യുഎസ് ട്രഷറി ആദായം ഉയര്‍ന്നതാണ് ഓഹരി വിപണികളിലെ താഴോട്ടിറങ്ങല്‍ ശക്തമാക്കിയത്. 10 വർഷ ട്രഷറി നോട്ടിലെ ആദായം 4 ശതമാനത്തിന് മുകളിലേക്ക് നീങ്ങി. യൂറോപ്യന്‍ വിപണികളും ചൊവ്വാഴ്ച ഇടിവിലായിരുന്നു.
ഏഷ്യ പസഫിക് വിപണികള്‍ ബുധനാഴ്ചയിലെ വ്യാപാരം ഇടിവിലാണ് ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ദക്ഷിണകൊറിയയുടെ കോസ്പി തുടങ്ങിയ വിപണികള്‍ ഇടിവിലാണ്. ജപ്പാന്‍റെ നിക്കി നേട്ടം രേഖപ്പെടുത്തുന്നു.
ഗിഫ്റ്റ് നിഫ്റ്റി ഇന്ന് 155 പോയിന്‍റ് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെയും തുടക്കം ഇടിവിലാകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
എച്ച്‌ഡിഎഫ്‌സി ബാങ്ക്: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കിന്‍റെ ഡിസംബര്‍ പാദത്തിലെ അറ്റാദായം മുന്‍ പാദത്തെ അപേക്ഷിച്ച് 2.5 ശതമാനം വളര്‍ച്ചയോടെ 16,372.54 കോടി രൂപയായി. അറ്റ പലിശ വരുമാനം 4 ശതമാനം വർധിച്ച് 28,471 കോടി രൂപയായി.
എൽ ആൻഡ് ടി ടെക്നോളജി സർവീസസ്: ടെക്നോളജി കമ്പനിയുടെ അറ്റാദായം മൂന്നാം പാദത്തിൽ 336.2 കോടി രൂപയായി രേഖപ്പെടുത്തി, 6.6 ശതമാനം വാര്‍ഷിക വളർച്ച. പ്രവർത്തന വരുമാനം മുന്‍പാദത്തില്‍ നിന്ന് 1.5 ശതമാനം വർധിച്ച് 2,421.8 കോടി രൂപയായി. ഡോളര്‍ അടിസ്ഥാനത്തിലും സ്ഥിര കറന്‍സി മൂല്യത്തിന്‍റെ അടിസ്ഥാനത്തിലും മുന്‍പാദത്തില്‍ നിന്ന് 0.9 ശതമാനം വരുമാന വളര്‍ച്ചയാണ് ഉണ്ടായത്.
ടിവി18 ബ്രോഡ്‌കാസ്റ്റ്: മൂന്നാം പാദത്തിലെ ഏകീകൃത വരുമാനം അഞ്ച് ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി 1,676 കോടി രൂപയായി, എന്നാൽ ക്ലസ്റ്ററുകളിലൂടെയുള്ള പരസ്യ വരുമാനത്തിലെ ശക്തമായ വളർച്ചയോടെ വാർത്താ വിഭാഗത്തിന്റെ വരുമാനം 23 ശതമാനം ഉയർന്നു.
ഐസിഐസിഐ സെക്യൂരിറ്റീസ്: ആരോഗ്യകരമായ വരുമാനത്തിന്‍റെയും പ്രവർത്തന പ്രകടനത്തിന്റെയും പിൻബലത്തിൽ, മൂന്നാം പാദത്തിലെ സ്റ്റാൻഡ്‌എലോൺ ലാഭം 66.6 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 465 കോടി രൂപയായി. പ്രവർത്തന വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 50.5 ശതമാനം വർധിച്ച് 1,322.4 കോടി രൂപയായി.
അദാനി എനർജി സൊല്യൂഷൻസ്: ട്രാൻസ്മിഷൻ ആൻഡ് സ്‌മാർട്ട് മീറ്ററിംഗ് ബിസിനസ്സ് മൂന്നാം പാദത്തില്‍ 99.67 ശതമാനം സിസ്റ്റം ലഭ്യത നിലനിർത്തിയിട്ടുണ്ടെന്നും ഈ പാദത്തിൽ പ്രവർത്തന ശൃംഖലയിലേക്ക് 302 കെഎംഎസ് കൂട്ടിച്ചേർത്തുവെന്നും അദാനി ഗ്രൂപ്പ് കമ്പനി പറഞ്ഞു. മൊത്തം നെറ്റ്‌വർക്ക് 20,422 കെഎംഎസ് ആണ്.
ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി: മൂന്നാം പാദത്തിലെ അറ്റാദായം 22.4 ശതമാനം വാര്‍ഷിക വളർച്ചയോടെ 431 കോടി രൂപയായി. നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനം ഇതേ കാലയളവിൽ 13.4 ശതമാനം വർധിച്ച് 6,230 കോടി രൂപയായി.
ഇന്ന് റിസള്‍ട്ട് വരുന്ന കമ്പനികള്‍
ഏഷ്യൻ പെയിന്റ്‌സ്, എല്‍ടിഐ മിന്‍റ്‍ട്രീ, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി, ഹാപ്പിയസ്റ്റ് മൈൻഡ്‌സ് ടെക്‌നോളജീസ്, അലോക് ഇൻഡസ്ട്രീസ്, ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്‌വെയർ, ഹിന്ദുസ്ഥാൻ മീഡിയ വെഞ്ചേഴ്‌സ്, ഐഐഎഫ്എല്‍ ഫിനാൻസ്, സ്‌പെഷ്യാലിറ്റി റെസ്റ്റോറന്‍റ്സ്, സോം ഡിസ്റ്റിലറീസ് & ബ്രൂവറീസ്, സ്റ്റീൽ കോർപ്പറേഷൻ, സ്‌ട്രിപ്‌സ്, സ്‌ട്രിപ്‌സ് മോസ്‌ചിപ്പ് ടെക്‌നോളജീസ് എന്നിവ ഇന്ന് മൂന്നാം പാദ ഫലങ്ങള്‍ പുറത്തിറക്കും.
ക്രൂഡ് ഓയിലും സ്വര്‍ണവും
ശക്തമായ ഡോളറും മിഡിൽ ഈസ്റ്റിലെ സംഘര്‍വും നിക്ഷേപകർ ഒത്തുനോക്കുകയും യുഎസ് പലിശനിരക്ക് ഉടന്‍ കുറയ്ക്കുമെന്ന പ്രതീക്ഷകൾ മങ്ങുകയും ചെയ്തതിനാല്‍ ചൊവ്വാഴ്ച എണ്ണവില അസ്ഥിരമായിരുന്നു. സെഷന്‍ അവസാനിക്കുമ്പോള്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 16 സെൻറ് അഥവാ 0.2 ശതമാനം ഉയർന്ന് ബാരലിന് 78.31 ഡോളറിലെത്തി.യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 27 സെന്റ് അഥവാ 0.37 ശതമാനം കുറഞ്ഞ് ബാരലിന് 72.41 ഡോളറിലെത്തി.
ശക്തമായ യുഎസ് ഡോളറും ഉയർന്ന യുഎസ് ട്രഷറി ആദായവും മൂലം ചൊവ്വാഴ്ച സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് സെഷനുകളിൽ നേട്ടമുണ്ടാക്കിയതിന് ശേഷം സ്‌പോട്ട് ഗോൾഡ് ഔൺസിന് 1 ശതമാനം കുറഞ്ഞ് 2,033.39 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.7 ശതമാനം ഇടിഞ്ഞ് 2,036.80 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ഇന്നലെ ഓഹരികളില്‍ 656.57 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 369.29 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തിയതായി എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.