image

9 Jan 2024 2:26 AM GMT

Stock Market Updates

ആഗോള വിപണികള്‍ മുന്നേറ്റത്തില്‍, എഫ്‍ഐഐകള്‍ വാങ്ങലില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Trade Morning
X

Summary

  • നാസ്‍ഡാക്ക് 2 ശതമാനത്തിലധികം മുന്നേറി
  • മാര്‍ച്ചില്‍ ഫെഡ് പലിശ കുറയുമെന്ന പ്രതീക്ഷ മങ്ങി
  • ചെങ്കടല്‍ പ്രതിസന്ധി തുടരുന്നത് ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കും


ഒരു ശതമാനത്തോളം ഇടിവിലാണ് ഇന്നലെ ബെഞ്ച്മാർക്ക് സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ചെറിയൊരു കയറ്റത്തിനു ശേഷം വലിയ തിരുത്തലിലേക്ക് പോയത് 21,800ല്‍ നിഫ്റ്റി ശക്തമായ പ്രതിരോധം കാണുന്നുവെന്നതിന്‍റെ സൂചനയായാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ജനുവരി 8ന് ബിഎസ്ഇ സെൻസെക്‌സ് 671 പോയിന്റ് ഇടിഞ്ഞ് 71,355ലും നിഫ്റ്റി 50 198 പോയിന്റ് താഴ്ന്ന് 21,513ലും എത്തി.

വിപണിയിലെ ചാഞ്ചാട്ടവും വലിയ തോതില്‍ വര്‍ധിച്ചു. ഇന്ത്യ VIX 12.63 ലെവലിൽ നിന്ന് 7.06 ശതമാനം ഉയർന്ന് 13.46 ആയി.

യുഎസ് ഫെഡ് റിസര്‍വ് മാര്‍ച്ചില്‍ തന്നെ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതിലും കൂടുതൽ ജോലികൾ ഡിസംബറിൽ യു.എസ് ചേർത്തതായി കാണിക്കുന്ന സര്‍വെ റിപ്പോര്‍ട്ട് റോയിട്ടേഴ്‌സ് വെള്ളിയാഴ്ച പുറത്തുവിട്ടതാണ് ഇതിന് പ്രധാന കാരണം. ഇപ്പോള്‍ കൂടുതല്‍ വ്യക്തതയ്ക്കായി പണപ്പെരുപ്പ കണക്കുകളിലേക്ക് നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പണപ്പെരുപ്പത്തിന്‍റെയും കടത്തിന്‍റെയും പുതിയ ഡാറ്റ യുഎസ് സര്‍ക്കാര്‍ പുറത്തുവിടുന്നതിന് മുന്നോടിയായി ട്രഷറി ആദായം കുറഞ്ഞു. ബെഞ്ച്മാർക്ക് 10 വർഷ ബോണ്ടുകളിലെ ആദായം 3.966 ശതമാനം എന്ന നിലയിലെത്തി.

ചെങ്കടലിലെ പ്രതിസന്ധി തുടരുന്നത് ഇന്ത്യന്‍ വിപണികളെ ആശങ്കയിലാക്കുന്നത് തുടരുകയാണ്. ചെങ്കടലിലെ ചരക്ക് കപ്പലുകൾക്കുള്ള ഭീഷണിയെ തുടര്‍ന്ന് കണ്ടെയ്‌നർ ഷിപ്പിംഗ് നിരക്കുകളിൽ വർധനയുണ്ടായാല്‍ ഈ വര്‍ഷം ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ നിന്ന് ഏകദേശം 30 ബില്യൺ ഡോളർ ഇടിഞ്ഞേക്കാം എന്നാണ് ന്യൂഡൽഹി ആസ്ഥാനമായുള്ള റിസർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം നടത്തിയ പ്രാരംഭ വിലയിരുത്തൽ,

ആഗോള വിപണികളില്‍ ഇന്ന്

മികച്ച മുന്നേറ്റമുണ്ടായ ട്രേഡിംഗ് സെഷനു ശേഷം തിങ്കളാഴ്ച രാത്രി വ്യാപാരത്തില്‍ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ താഴ്ന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചറുകൾ 41 പോയിന്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞു. എസ് & പി 500 ഫ്യൂച്ചറുകളും നാസ്ഡാക്ക് 100 ഫ്യൂച്ചറുകളും ഏകദേശം 0.1 ശതമാനം ഇടിഞ്ഞു.

കഴിഞ്ഞ ആഴ്‌ചയിലെ ഇടിവിൽ നിന്ന് മെഗാ ക്യാപ് ടെക് സ്റ്റോക്കുകൾ കുതിച്ചുയർന്നതിനാൽ തിങ്കളാഴ്ച പതിവു വ്യാപാരത്തില്‍ എസ് & പി 500-ഉം നാസ്‌ഡാക്ക് കോമ്പോസിറ്റും യഥാക്രമം 1 ശതമാനവും 2 ശതമാനവും വീതം ഉയർന്നു. ഡൗ ജോണ്‍സ് 0.6 ശതമാനം ഉയർന്നു. സെഷനിൽ 6.4 ശതമാനം ഉയർന്ന് എൻവിഡിയ ഓഹരികൾ എക്കാലത്തെയും ഉയർന്ന നിലയിലെത്തി.

യൂറോപ്യന്‍ വിപണികളും പൊതുവില്‍ പൊസിറ്റിവായാണ് തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.

ചൊവ്വാഴ്ചത്തെ വ്യാപാരം പച്ചയിലാണ് പ്രധാന ഏഷ്യ പസഫിക് വിപണികള്‍ തുടങ്ങിയിട്ടുള്ളത്. ഓസ്ട്രേലിയയുടെ എഎസ്എക്സ്, ജപ്പാന്‍റെ നിക്കിയും ടോപ്പിക്സും, ദക്ഷിണ കൊറിയയുടെ കോസ്പിയും കോസ്ഡാകും, ചൈനയുടെ ഷാങ്ഹായ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ് എന്നിവയെല്ലാം നേട്ടത്തിലാണ്.

ഗിഫ്റ്റ് നിഫ്റ്റി ഇന്ന് 125 പോയിന്‍റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ വിപണി സൂചികകളുടെയും തുടക്കം പൊസിറ്റിവ് ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,538ലും തുടർന്ന് 21,758ലും 21,861ലും പ്രതിരോധം കാണാനിടയുണ്ട് എന്നാണ്. അതേസമയം താഴ്ചയുടെ സാഹചര്യത്തില്‍, 21,486ലും തുടർന്ന് 21,422ലും 21,319ലും പിന്തുണ എടുക്കാം.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ഓയിൽ ഇന്ത്യ: ഗ്രീൻ എനർജി ബിസിനസിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് അസം പവർ ജനറേഷൻ കോർപ്പറേഷനുമായി സംയുക്ത സംരംഭ കരാർ (ജെവിഎ) ഒപ്പുവച്ചു. സംസ്ഥാനത്ത് പരമാവധി പുനരുപയോഗ വൈദ്യുതി ഉൽപ്പാദനം സാധ്യമാക്കുന്നതിനായി ഇരു കമ്പനികളും ചേര്‍ന്നു പ്രവര്‍ത്തിക്കും

ബിഇഎംഎല്‍: മെക്കാനിക്കൽ മൈൻഫീൽഡ് മാർക്കിംഗ് എക്യുപ്‌മെന്റ് മാർക്ക്-II വിതരണം ചെയ്യുന്നതിനായി കമ്പനി പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 329.87 കോടി രൂപയുടെ ഓർഡർ നേടി.

ബ്രിഗേഡ് എന്റർപ്രൈസസ്: അടുത്ത 3-4 വർഷത്തിനുള്ളിൽ വിവിധ പദ്ധതികൾ വികസിപ്പിക്കുന്നതിന് തമിഴ്‌നാട് സർക്കാരുമായി 3,400 കോടി രൂപയുടെ ധാരണാപത്രങ്ങളിൽ ബെംഗളൂരു ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഒപ്പുവച്ചു. തമിഴ്‌നാടിന്‍റെ നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായാണ് ഇത് നടന്നത്.

ഐഷർ മോട്ടോഴ്‌സ്: ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് പ്രോജക്ടുകൾ നിർമ്മിക്കുന്നതിന് 8 വർഷം കൊണ്ട് 3000 കോടി രൂപ നിക്ഷേപിക്കുന്നതിന് റോയൽ എൻഫീൽഡ് തമിഴ്‌നാട് സർക്കാരുമായി നോൺ-ബൈൻഡിംഗ് ധാരണാപത്രത്തിൽ ഒപ്പുവച്ചു.

സിപ്ല: യുഎസ്, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ മെഡിക്കൽ ആവശ്യങ്ങൾക്കായി നോവൽ സെൽ തെറാപ്പി ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും വാണിജ്യവത്കരിക്കുന്നതിനുമായി കെംവെൽ ബയോഫാർമ, മണിപ്പാൽ എജ്യുക്കേഷൻ & മെഡിക്കൽ ഗ്രൂപ്പ് എന്നിവയുമായി ചേർന്നുള്ള സംയുക്ത സംരംഭം സിപ്ല പ്രഖ്യാപിച്ചു.

ബജാജ് ഓട്ടോ: 4000 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങാനുള്ള നിർദ്ദേശത്തിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഒരു ഓഹരിക്ക് ശരാശരി 10,000 രൂപ നിരക്കിൽ 40 ലക്ഷം ഇക്വിറ്റി ഓഹരികൾ കമ്പനി തിരികെ വാങ്ങും.

ക്രൂഡ് ഓയിലും സ്വര്‍ണവും

സൗദി അറേബ്യ വില കുറച്ചതിനെത്തുടർന്ന് തിങ്കളാഴ്ച യുഎസ് ക്രൂഡ് ഓയിൽ 4 ശതമാനം കുറഞ്ഞു. വിപണിയിലെ വിതരണം അധികമാണെന്ന ആശങ്ക വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഫെബ്രുവരിയിലെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചർ കരാറിന് 3.04 ഡോളർ അഥവാ 4.12 ശതമാനം നഷ്ടപ്പെട്ട് ബാരലിന് 70.77 ഡോളറായി. മാർച്ചിലെ ബ്രെന്റ് ഫ്യൂച്ചേഴ്സ് കരാർ 2.64 ഡോളർ അഥവാ 3.35 ശതമാനം കുറഞ്ഞ് ബാരലിന് 76.12 ഡോളറായി. സൗദി അരാംകോ ഞായറാഴ്ച ഏഷ്യൻ ഉപഭോക്താക്കൾക്കുള്ള അറബ് ലൈറ്റ് ക്രൂഡിന്റെ വില ബാരലിന് 2 ഡോളർ കുത്തനെ കുറച്ചു.

ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നത് ആസന്നമാണെന്ന പ്രതീക്ഷകൾ മങ്ങിയതിനാൽ, തിങ്കളാഴ്ച സ്വർണ്ണ വില മൂന്നാഴ്ചത്തെ താഴ്ന്ന നിലയിലേക്ക് എത്തി. സ്പോട്ട് ഗോൾഡ് 0.9 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,026.97 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.8% ഇടിഞ്ഞ് 2,033.4 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ജനുവരി 8ന് ഓഹരികളില്‍ 16.03 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 155.96 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായും എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം