4 Jan 2024 2:34 AM GMT
ആഗോള വിപണികളില്‍ നിന്ന് റെഡ് സിഗ്‍നല്‍, യുഎസ് തൊഴില്‍ വളര്‍ച്ച 2 വര്‍ഷത്തെ താഴ്ചയില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഗിഫ്റ്റ് നിഫ്റ്റിയില്‍ വ്യാപാരം ആരംഭിച്ചത് നേട്ടത്തില്‍
- ടെക്-ഹെവി നാസ്ഡാക്ക് വീണ്ടും 1 ശതമാനത്തിനു മുകളില്‍ ഇടിഞ്ഞു
- ക്രൂഡ് വില വീണ്ടും ഉയര്‍ച്ചയില്‍
തുടര്‍ച്ചയായ രണ്ടാം സെഷനിലും തിരുത്തലുമായാണാണ് ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇ സെൻസെക്‌സ് 536 പോയിന്റ് താഴ്ന്ന് 71,357 ലും നിഫ്റ്റി 149 പോയിന്റ് താഴ്ന്ന് 21,517 ലും എത്തി. ഈ ലെവലുകള്‍ നിലനിര്‍ത്താന്‍ വിപണികള്‍ക്കായാല്‍ വീണ്ടും മുന്നോട്ടുള്ള നീക്കം പ്രതീക്ഷിക്കാമെന്നും മറിച്ച് കഴിഞ്ഞ സെഷനിലേതിനു സമാനമായ ഇടിവുണ്ടായാല്‍ അത് തുടരുമെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
അമേരിക്കയിലെ തൊഴിലവസരങ്ങൾ 2021 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് 2023 നവംബറിൽ കുറഞ്ഞു. ഇത് ഈ വര്‍ഷം അധികം വൈകാതെ പലിശ നിരക്കിളവിലേക്ക് യുഎസ് ഫെഡ് റിസര്‍വ് പോകുമെന്ന പ്രതീക്ഷകളെ ബലപ്പെടുത്തിയേക്കാം. 2022 മാര്‍ച്ചിലെ റെക്കോഡ് തലത്തില്‍ നിന്ന് താഴ്ന്നുവെങ്കിലും, ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളും ലേബർ ടേൺഓവർ സർവേയും ഇപ്പോഴും പകർച്ചവ്യാധിക്ക് മുമ്പുള്ള നിലവാരത്തിന് മുകളിലാണ്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,534 ലും തുടർന്ന് 21,674ലും 21,742ലും പ്രതിരോധം കാണാനിടയുണ്ട് എന്നാണ്. അതേസമയം താഴ്ച്ചയുടെ സാഹചര്യത്തില്‍ 21,497ലും തുടർന്ന് 21,456ലും 21,388 ലും പിന്തുണ എടുക്കാം.
ആഗോള വിപണികള്‍ ഇന്ന്
മൂന്ന് പ്രമുഖ യുഎസ് വിപണികളും ഇടിവിലാണ് ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഡൗ ജോണ്‍സ് ഇന്‍റസ്ട്രിയല്‍ ആവറേജ് ഏകദേശം 300 പോയിന്റ് അഥവാ 0.8 ശതമാനം ഇടിഞ്ഞു, എസ് & പി500 0.8 ശതമാനം ഇടിഞ്ഞു. ടെക്-ഹെവി നാസ്ഡാക്ക് കോമ്പോസിറ്റ് അതിന്റെ നാലാമത്തെ തുടർച്ചയായ നഷ്ടം രേഖപ്പെടുത്തി, 1.18 ശതമാനം ഇടിഞ്ഞു. യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ ഇടിവിലായിരുന്നു.
പ്രമുഖ ഏഷ്യന്‍-പസഫിക് വിപണികളിലും ഇടിവിലാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ചൈനയുടെ ഷാങ്ഹായ്, ജപ്പാന്‍റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവയെല്ലാം ഇടിവിലാണ്.
ഗിഫ്റ്റ് നിഫ്റ്റി ഇന്ന് 33 പോയിന്‍റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെയും പോസിറ്റിവ് തുടക്കത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ഇൻഡസ്‌ലാൻഡ് ബാങ്ക്: ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഡെപ്പോസിറ്റ് 13 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 3.69 ലക്ഷം കോടി രൂപയായി, മുന്‍ പാദത്തെ അപേക്ഷിച്ച് 3 ശതമാനം വര്‍ധന. വായ്പകള്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 4 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനവും വർധിച്ച് 3.27 ലക്ഷം കോടി രൂപയായി.
ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്: 24 ഡിസംബറിൽ അവസാനിച്ച പാദത്തിൽ സ്‌മോൾ ഫിനാൻസ് ബാങ്ക് മൊത്തം നിക്ഷേപങ്ങളിൽ 29 ശതമാനം വളർച്ച രേഖപ്പെടുത്തി 29,869 കോടി രൂപയായി. മൊത്ത വായ്പാ പുസ്തകം ഈ പാദത്തിൽ 27 ശതമാനം വർധിച്ച് 27,791 കോടി രൂപയായി.
അദാനി പോര്‍ട്‍സ് ആന്‍ഡ് സെസ്: ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) വഴി 5,000 കോടി രൂപ വരെ ഫണ്ട് സമാഹരിക്കാൻ ബോർഡ് അംഗങ്ങൾ അംഗീകാരം നൽകിയതായി അദാനി ഗ്രൂപ്പ് കമ്പനി അറിയിച്ചു.
എംഫസിസ്: ഇൻഫർമേഷൻ ടെക്നോളജി സൊല്യൂഷൻസ് പ്രൊവൈഡറായ കമ്പനി വളർച്ച ത്വരിതപ്പെടുത്തുന്നതിന് നേതൃത്വപരമായ ഉത്തരവാദിത്തങ്ങളിലെ പുനഃക്രമീകരണം പ്രഖ്യാപിച്ചു. ആശിഷ് ദേവലേക്കർ ജനുവരി 3 മുതൽ യൂറോപ്പിന്റെ തലവനായി കമ്പനിയിൽ ചേർന്നു, അതേസമയം യൂറോപ്പിന്റെ നിലവിലെ തലവനായ അനുരാഗ് ഭാട്ടിയ എംഫാസിസിന്റെ ഗ്ലോബൽ ബിസിനസ് പ്രോസസ് സർവീസസ് ബിസിനസ്സ് (ബിപിഎസ്) നയിക്കും.
ചമ്പൽ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ്: കമ്പനിയുടെ ഇക്വിറ്റി ഓഹരികള്‍ തിരികെ വാങ്ങാനുള്ള നിർദ്ദേശം പരിഗണിക്കാൻ ഡയറക്ടർ ബോർഡ് ജനുവരി 8 ന് യോഗം ചേരുമെന്ന് വളം കമ്പനി അറിയിച്ചു.
ബിജിആര്‍ എനർജി സിസ്റ്റംസ്: സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2023 ഫെബ്രുവരി 2 മുതലുള്ള പ്രാബല്യത്തോടെ കമ്പനിയുടെ വായ്പയെ സബ്-സ്റ്റാൻഡേർഡ് ആയി തരംതിരിച്ചു, കൂടാതെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കമ്പനിയുടെ അക്കൗണ്ടുകളെ 2023 ഡിസംബർ 26 മുതലുള്ള പ്രാബല്യത്തില്‍ നിഷ്ക്രിയാസ്തി വിഭാഗത്തിലേക്ക് തരംതാഴ്ത്തി.
വേദാന്ത: വേദാന്ത റിസോഴ്‌സിന്റെ (വിആർഎൽ) 97 ശതമാനത്തിലധികം ബോണ്ട് ഹോൾഡർമാരും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകേണ്ട $3.2 ബില്യൺ മൂല്യമുള്ള ബോണ്ടുകളുടെ പുനഃക്രമീകരണത്തിന് അംഗീകാരം നൽകി.
ക്രൂഡ് ഓയിലും സ്വര്‍ണവും
ചെങ്കടലിലെ പിരിമുറുക്കത്തിനു പുറമേ ലിബിയയിലെ ടോപ്പ് ഓയിൽ ഫീൽഡിന് തടസ്സമുണ്ടാകുമെന്ന റിപ്പോർട്ടുകളും എത്തിയതോടെ വിതരണ ആശങ്കകള്‍ കനത്തത് ബുധനാഴ്ച എണ്ണ വില ഉയർത്തി. ബ്രെന്റ് ക്രൂഡ് 93 സെന്‍റ് അഥവാ 1.23 ശതമാനം ഉയർന്ന് ബാരലിന് 76.82 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 81 സെൻറ് അഥവാ 1.15 ശതമാനം ഉയർന്ന് ബാരലിന് 71.15 ഡോളറിലെത്തി.
ഫെഡറൽ റിസർവ് ധനനയ യോഗത്തിന്‍റെ മിനുറ്റ്സും യുഎസ് തൊഴില്‍ ഡാറ്റയും വരാനിരിക്കെ ഡോളര്‍ ശക്തി പ്രാപിച്ചതോടെ ബുധനാഴ്ച സ്വർണ്ണ വില കുറഞ്ഞു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1.2 ശതമാനം കുറഞ്ഞ് 2,033.85 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ ഔൺസിന് 1.5 കുറഞ്ഞ് 2,042 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ജനുവരി 3ന് ഓഹരികളില്‍ 666.34 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 862.98 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയെന്ന് എൻഎസ്‌ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം